/sathyam/media/media_files/2026/03/03/cpi-2026-03-03-00-37-15.png)
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുളള സ്ഥാനാർത്ഥികളെ തീരുമാനിച്ച് സിപിഐ.
നിയമസഭയിൽ മുന്ന് ടേം പിന്നിട്ട ആറ് നേതാക്കളെ ഒഴിവാക്കികൊണ്ടാണ് സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ നാല് മന്ത്രിമാരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് രണ്ട് നേതാക്കളും പട്ടികയിൽ ഇടംപിടിച്ചു.മന്ത്രിമാരിൽ രണ്ട് ടേം പിന്നിട്ട കെ.രാജന് ഇളവ് നൽകിയാണ് ഒല്ലൂരിൽ വീണ്ടും മത്സരിക്കാൻ അനുമതി നൽകിയത്.
മന്ത്രി ജെ.ചിഞ്ചുറാണി ചടയമംഗലത്തും ജി.ആർ.അനിൽ നെടുമങ്ങാടും പി.പ്രസാദ് ചേർത്തലയിലും ഒരിക്കൽകൂടി മത്സരിക്കും.
മൂവരും നിയമസഭയിൽ ഒരു ടേം മാത്രമേ പിന്നിട്ടിട്ടുളളു. മൂന്ന് ടേം പിന്നിട്ടവർക്ക് വീണ്ടും അവസരം നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംസ്ഥാന എക്സിക്യൂട്ടിവിൽ വാദിച്ചു നോക്കിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മത്സരിച്ചിരുന്ന അടൂരിൽ യുവവനിത നേതാവ് പ്രീജ ശശിധരനാണ് സ്ഥാനാർത്ഥി തൃശൂർ സീറ്റിൽ മത്സരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐയുടെ പട്ടികയിലെ അപ്രതീക്ഷിത സ്ഥാനാർത്ഥി. ഒരു ടേം മാത്രം പൂർത്തിയാക്കിയ സിറ്റിങ്ങ് എം.എൽ.എ പി.ബാലചന്ദ്രനെ ഒഴിവാക്കിയാണ് ആലങ്കോടിനെ കൊണ്ടുവന്നത്.
ബാലചന്ദ്രൻെറ സ്വഭാവരീതികളിൽ പാർട്ടിക്കുളള എതിർപ്പാണ് അദ്ദേഹത്തിന് സീറ്റ് നഷ്ടമാക്കിയത്. ദീർഘ കാലമായി പാർട്ടിക്കൊപ്പമുളള ആലങ്കോട് ലീലാകൃഷ്ണൻ സിപിഐയുടെ കലാസാംസ്കാരിക പ്രസ്ഥാനമായ യുവകലാ സാഹിതിയുടെ സംസ്ഥാന പ്രസിഡൻറുമാണ്.
കാരിക്കേച്ചർ ആർട്ടിസ്റ്റും നടനുമായ ജയരാജ് വാര്യർ അടക്കം ഉളളവരെ പരിഗണിച്ച ശേഷമാണ് തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആർ.രാജേന്ദ്രൻ ചാത്തന്നൂരിലും കെ.കെ. വത്സരാജ് കയ്പമംഗലത്തും സിപിഐ സ്ഥാനാർത്ഥികളായി മത്സരിക്കും.
ദേശിയ കൌൺസിൽ അംഗമായ ഗോവിന്ദൻ പളളിക്കാപ്പിൽ കാഞ്ഞങ്ങാട് സ്ഥാനാർത്ഥിയാകും. മൂന്ന് ടേം മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.ചന്ദ്രശേഖരൻെറ പകരക്കാരനായാണ് ഗോവിന്ദൻ പളളിക്കാപ്പിൽ എത്തുന്നത്.
ദേശിയ കൌൺസിലിലെ സീനിയർ നേതാവായ പി.വസന്തം നാദാപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും.സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യയാണ് പി.വസന്തം.സത്യൻ മൊകേരിയും നാദാപുരത്ത് നിന്ന് രണ്ട് തവണ ജയിച്ച് എം.എൽ.എ ആയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന നോർത്ത് പറവൂരിലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സിപിഐയുടെ തീരുമാനം.നോർത്ത് പറവൂരിൽ ഇ.ടി.ടൈസൺ മാസ്റ്ററെയാണ് സിപിഐ കളത്തിൽ ഇറക്കുന്നത്.
രണ്ട് ടേം തുടർച്ചയായി കയ്പമംഗലത്ത് നിന്ന് എം.എൽ.എയായ ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് കൊണ്ടുവരുന്നത് സാമുദായിക വോട്ടുകൾ ആകർഷിക്കുക കൂടി ലക്ഷ്യമിട്ടാണ്.
ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലമാണ് പറവൂർ.എൽ.ഡി.എഫിൻെറ അടിസ്ഥാന വോട്ടുകൾക്ക് ഒപ്പം ക്രൈസ്തവ വോട്ടുകൾ കൂടി നേടാനായാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തോൽപ്പിക്കാനാവുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ.
രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും പാർട്ടി ദേശിയ കൗൺസിൽ അംഗവുമായ ടി.ടി.ജിസ്മോനാണ് സിപിഐ സ്ഥാനാർത്ഥി.
2021ലും യുവജന നേതാവിനെയാണ് ചെന്നിത്തലക്കെതിരെ സിപിഐ കളത്തിലിറക്കിയത്. മത്സരിക്കേണ്ടി വരുമെന്ന് ഉറപ്പായതിനാൽ ടി.ടി.ജിസ്മോൻ നേരത്തെ തന്നെ ഹരിപ്പാട് സജീവമാണ്.
ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് ജിസ്മോന് ഹരിപ്പാട് നല്ല ബന്ധങ്ങളുമുണ്ട്.ചെന്നിത്തലക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ജിസ്മോന് കഴിയുമെന്നാണ് പ്രതീക്ഷ.
വൈക്കത്ത് സി.കെ.ആശയെ മാറ്റിയതാണ് സിപിഐയുടെ ശ്രദ്ധേയമായ തീരുമാനം.രണ്ട് ടേം മാത്രം കഴിഞ്ഞ ആശ വൈക്കത്ത് ഒരു തവണ കൂടി സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ ആശക്ക് ഇളവ് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിൻെറ തീരുമാനം. സി.കെ.ആശക്ക് പകരം പി.പ്രദീപ് ആയിരിക്കും വൈക്കത്തെ സിപിഐ സ്ഥാനാർത്ഥി.
രണ്ട് ടേം പിന്നിട്ട സി.കെ.ആശയ്ക്ക് വൈക്കത്ത് ഒഴിവാക്കിയെങ്കിലും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ അതുണ്ടായില്ല.
രണ്ട് തവണയായി കൊടുങ്ങല്ലൂരിനെ പ്രതിനീധീകരിക്കുന്ന വി.ആർ.സുനിൽകുമാറിന് ഒരവസരം കൂടി നൽകാനാണ് സിപിഐയുടെ തീരുമാനം. മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന വി.കെ.രാജൻെറ മകനാണ് സുനിൽകുമാർ.
വിജയ സാധ്യത കണക്കിലെടുത്താണ് സുനിൽ കുമാറിന് മൂന്നാമതും അവസരം നൽകുന്നതെന്നാണ് പാർട്ടി നേതൃത്വത്തിൻെറ വിശദീകരണം. പട്ടാമ്പിയിൽ രണ്ട് ടേം പിന്നിട്ട മുഹമ്മദ് മുഹ്സീനും ഇളവ് നൽകി.
വിജയസാധ്യതയും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് മുഹ്സീന് വീണ്ടും അവസരം നൽകിയതെന്നാണ് വിശദീകരണം.
സീറ്റ് നിഷേധിക്കപ്പെട്ടാൽ മുഹസീൻ മുന്നണി മാറി യുഡിഎഫ് സ്ഥാനാർത്ഥിയാകാനുളള സാധ്യതയും സിപിഐ കണക്കിലെടുത്തിട്ടുണ്ടെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. തുടർച്ചയായി തോൽക്കുന്ന മണ്ണാർക്കാട് മണ്ഡലത്തിൽ പൊതു സ്വതന്ത്രനെയാണ് മത്സരിപ്പിക്കുന്നത്.
ചാരിറ്റി രംഗത്തുളള ബക്കർ മൻസിലാണ് മണ്ണാർക്കാട്ടെ സ്ഥാനാർത്ഥി മൂവാറ്റുപുഴ മണ്ഡലത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ.അരുൺ സ്ഥാനാർത്ഥിയാകും.
ചിറയിൻകീഴ് സീറ്റിൽ മനോജ് ഇടമനയാണ് സ്ഥാനാർത്ഥി. കൊല്ലം ജില്ലയിലെ പുനലൂരിൽ അജയപ്രസാദാണ് സിപിഐക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്.
ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികളെല്ലാം ഈഴവ വിഭാഗത്തിൽ നിന്നായതിനാലാണ് നായർ സമുദായത്തിൽ നിന്നുളള അജയപ്രസാദിനെ പുനലൂരിൽ മത്സരിപ്പിക്കുന്നത്.
2021ൽ കൈവിട്ടുപോയ കരുനാഗപ്പളളിയിൽ എം.എസ്.താരയെ ആണ് സിപിഐ രംഗത്തിറക്കുന്നത്. സിപിഐ നേതാവായിരുന്ന ഷെറീഫിൻെറ മകളാണ് താര.
പീരുമേട് മണ്ഡലത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി പി.സലിംകുമാറാണ് സ്ഥാനാർത്ഥി.വാഴൂർ സോമൻ മരിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന പീരുമേട് സീറ്റിൽ സലിം കുമാറിനെ വിജയിക്കാനാവുമോ എന്നാണ് ഉറ്റുനോക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ അജിത് കൊളാടിയും ഏറനാട് ഷഫീർ കിഴിശേരിയും മഞ്ചേരിയിൽ മുസ്തഫയും മത്സരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us