/sathyam/media/media_files/2025/12/16/v-sivankutty-2025-12-16-00-38-33.jpg)
തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിലും സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകളെക്കുറിച്ച് പഠിക്കാനും, അവയിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിക്കാനുമായി കേരള സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സുപ്രീംകോടതിയിലെ മുൻ ജഡ്ജി വി ഗോപാല ഗൗഢ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2026 ജനുവരി 22ലെ സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച സമിതി, നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറിയതായി മന്ത്രി പറഞ്ഞു.
സമിതി റിപ്പോർട്ട് നാല് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ അന്ത:സത്തയ്ക്കും സാമൂഹ്യനീതിക്കും വിരുദ്ധമായി തൊഴിൽ കോഡുകളിൽ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ എന്ന് സമിതി ആഴത്തിൽ പരിശോധിച്ചിട്ടുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക-സാമൂഹിക നീതി ഉറപ്പാക്കുന്ന രീതിയിൽ വേണം കോഡുകൾ നടപ്പിലാക്കാൻ എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭരണഘടനയുടെ ഏഴാം പട്ടികയിലെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന നിയമസഭയ്ക്ക് പൂർണ്ണമായ അധികാരമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കിന്നു.
കേരളത്തിന്റേതായ സവിശേഷമായ തൊഴിൽ സാഹചര്യങ്ങൾ പരിഗണിച്ച് ഭേദഗതികൾ കൊണ്ടുവരാൻ നമുക്ക് സാധിക്കുമെന്നും റിപ്പോർട്ട് പറയുന്നതായി മന്ത്രി വ്യക്തമാക്കി.
കാർഷിക തൊഴിലാളി നിയമം (1974), ഹെഡ് ലോഡ് തൊഴിലാളി നിയമം (1978) തുടങ്ങിയ വിപ്ലവകരമായ നിയമങ്ങളിലൂടെ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം.
26ഓളം ക്ഷേമനിധി ബോർഡുകളിലൂടെ നാം നൽകുന്ന സംരക്ഷണം കേന്ദ്ര കോഡുകൾ നടപ്പിലാക്കുമ്പോഴും നിലനിർത്തേണ്ടതുണ്ട്.
നിലവിലുള്ള നിയമങ്ങൾ പ്രകാരം തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയ്ക്കാൻ പാടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ നിയമചട്ടക്കൂടിന് പുറത്തുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മൂന്ന് പുതിയ സംസ്ഥാന നിയമങ്ങൾ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
The Kerala Conferment of Permanent Status to Workmen Bill ആണ് ആദ്യത്തേത്. ഇത് തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
The Informal Workers (Regulation of Employment and Conditions of Work) Bill അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ ക്രമീകരിക്കാനും അവർക്ക് ക്ഷേമ സംവിധാനങ്ങൾ ഉറപ്പാക്കാനും ഇത് സഹായിക്കും.
തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിനെ പ്രതിരോധിക്കാനും, കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ അവർക്ക് ലഭ്യമാക്കാനും സർക്കാർ ഈ റിപ്പോർട്ടിന്മേൽ അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us