/sathyam/media/media_files/2026/03/09/img216-2026-03-09-23-59-46.png)
തിരുവനന്തപുരം: എലത്തൂർ സീറ്റിൽ മന്ത്രി എ.കെ.ശശീന്ദ്രന് സീറ്റ് നൽകുന്നതിനെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് എൻ.സി.പി കേരള ഘടകത്തിൽ പിളർപ്പ് ഭീഷണി. സീറ്റ് ലഭിക്കാനുളള സാധ്യത അടയുന്നുവെന്ന് മനസിലാക്കി മന്ത്രി എ.കെ.ശശീന്ദ്രൻെറ നേതൃത്വത്തിലുളള വിഭാഗമാണ് പാർട്ടി പിളർത്താൻ ഒരുങ്ങുന്നത്.
എലത്തൂരിൽ ഒറ്റപ്പേരാകില്ല പരിഗണിക്കുകയെന്ന് വ്യക്തമായതോടെ സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന സംസ്ഥാന ഇലക്ഷൻ കമ്മിറ്റിയോഗത്തിൽ നിന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഇറങ്ങിപ്പോയി.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസിൽ ചേർന്ന യോഗത്തിൽ നിന്നാണ് ശശീന്ദ്രനും ഒപ്പമുളളവരും ഇറങ്ങിപ്പോയത്.പി.കെരാജൻ, വർക്കല രവികുമാർ, സുഭാഷ് പുഞ്ചക്കോട്ടയിൽ എന്നിവരാണ് ശശീന്ദ്രനൊപ്പം ഇലക്ഷൻ കമ്മിറ്റിയോഗം ബഹിഷ്കരിച്ചത്.
ഇലക്ഷൻ കമ്മിറ്റിയിൽ ദേശിയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന വാദം ഉയർത്തിയാണ് ശശീന്ദ്രൻ പക്ഷം ഇറങ്ങിയപ്പോയത്.12 അംഗ ഇലക്ഷൻ കമ്മിറ്റിയിലെ പത്ത് പേർ തിരഞ്ഞെടുക്കപ്പെട്ടവരും 2 പേർ പാർലമെൻററിപാർട്ടി നേതാവും സംസ്ഥാന അധ്യക്ഷനുമാണ്.
സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ പി.സി.ചാക്കോ, ഇലക്ഷൻ കമ്മിറ്റിയിൽ ഇപ്പോൾ അംഗമല്ലെന്നും അതുകൊണ്ട് യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്നാണ് ശശീന്ദ്രൻെറ വാദം. മാർച്ച് 5ന് നടന്ന ഇലക്ഷൻ കമ്മിറ്റിയുടെ ആദ്യയോഗത്തിൽ തനിക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് ചാക്കോയ്ക്ക് എതിരെ തിരിയാൻ ശശീന്ദ്രനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.
ആദ്യയോഗത്തിൽ ഉയർത്താത്ത ഭരണഘടന പ്രശ്നം ഇന്നത്തെയോഗത്തിൽ ഉന്നയിച്ചത് സീറ്റ് നഷ്ടമാകുമെന്ന ഭയത്തിലാണെന്നും ഏറെക്കുറെ ഉറപ്പിക്കാം.12 അംഗ ഇലക്ഷൻ കമ്മിറ്റിയിൽ നിന്ന് ശശീന്ദ്രനും ഒപ്പമുളള 3 പേരും വിട്ടുനിന്നതോടെ കമ്മിറ്റിയുടെ അംഗബലം 8 ആയിചുരുങ്ങി.
എന്നാൽ യോഗം മുന്നോട്ട് കൊണ്ടുപോയ പി.സി ചാക്കോ എലത്തൂരിൽ ശശീന്ദ്രനൊപ്പം മറ്റ് പേരുകളും പരിഗണിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. തർക്കത്തിൻെറ പശ്ചാത്തലത്തിൽ എലത്തൂരിലെ സ്ഥാനാർത്ഥി നിർണയം ദേശിയ നേതൃത്വത്തിന് വിടണമെന്ന ചാക്കോയുടെ നിർദ്ദേശമാണ് യോഗ തീരുമാനമായി പുറത്തുവന്നത്.
മൂന്ന് പേരുകൾ അടങ്ങിയ പട്ടികയാകും എലത്തൂരിലെ സ്ഥാനാർത്ഥി നിർണയത്തിനായി ദേശിയ നേതൃത്വത്തിന് അയച്ചുകൊടുക്കുക. എ.കെ.ശശീന്ദ്രൻ, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവരുടെ പേരുകളായിരിക്കും പട്ടികയിലുണ്ടാകുക.എലത്തൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനുളള കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗത്തിൻെറ അധ്യക്ഷൻ പി.സി.ചാക്കോ തന്നെയാണ്.
അതുകൊണ്ടു തന്നെ എ.കെ.ശശീന്ദ്രന് എലത്തൂരിൽ വീണ്ടും മത്സരിക്കാൻ അവസരം കിട്ടാനുളള സാധ്യത കുറവാണ്.
സീറ്റ് ലഭിക്കാത്തപക്ഷം എൻ.സി.പി സംസ്ഥാന ഘടകം പിളർത്തി പുതിയ പാർട്ടി ഉണ്ടാക്കാനാണ് ശശീന്ദ്രൻ തയാറെടുക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻെറയും സിപിഎമ്മിൻെറയും പിന്തുണ കിട്ടും എന്ന പ്രതീക്ഷയിലാണ് നീക്കം.
എന്നാൽ സീറ്റ് ലഭിക്കാത്തതിൻെറ പേരിലുളള പാർട്ടി പിളർത്തലിന് സ്വീകാര്യത കിട്ടുമോയെന്ന കാര്യം സംശയമാണ്.പാർട്ടി പുതിയൊരു പിളർപ്പിനെ നേരിടുമ്പോൾ കൈയ്യിലിരുന്ന കോട്ടക്കൽ സീറ്റ് എൻ.സി.പിക്ക് നഷ്ടമായി.
എൻ.സി.പി തുടർച്ചയായി മത്സരിച്ചിരുന്ന കോട്ടയ്ക്കൽ സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു.കോട്ടക്കലിന് പകരം മലപ്പുറം സീറ്റാണ് എൻ.സി.പിക്ക് കിട്ടിയത്.
മലപ്പുറത്ത് പാർട്ടിയുടെ മൈനോറിറ്റി സെൽ നേതാവായ കെ.ടി.മുജീബ് സ്ഥാനാർത്ഥിയാകും.കോട്ടക്കൽ 15000 വോട്ടിന് തോൽക്കുന്ന മണ്ഡലമാണെങ്കിൽ മലപ്പുറം അരലക്ഷത്തിലേറെ വോട്ടിന് ഇടത് മുന്നണി തോൽക്കുന്ന സീറ്റാണ്.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന എ.കെ.ശശീന്ദ്രൻ പരസഹായം ഇല്ലാതെ നടക്കാൻ പോലും നന്നേ ബുദ്ധിുട്ടുന്നുണ്ട്.കൈകളുടെ വിറയൽ മൂലവും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.എങ്കിലും ഏഴാം തവണയും നിയമസഭയിലേക്ക് മത്സരിക്കണമെന്ന താൽപര്യത്തിൽ ആണ് ശശീന്ദ്രൻ.
ഒരു തവണ കണ്ണൂരിലെ പെരിങ്ങളം മണ്ഡലത്തിലും രണ്ട് തവണ എടക്കാട് സീറ്റിലും ഒരു തവണ ബാലുശേരിയിലും മൂന്ന് തവണ എലത്തൂരിൽ നിന്നും മത്സരിച്ചിട്ടുളള ശശീന്ദ്രൻ നാല് തവണ എം.എൽ.എ ആയിട്ടുണ്ട്.എന്നിട്ടും കൊതി തീരാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നതാണ് പാർട്ടിയിലെ നല്ലൊരു വിഭാഗം ശശീന്ദ്രന് എതിരാകാൻ കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us