/sathyam/media/media_files/2026/03/10/k-c-venugopal-2026-03-10-00-42-07.png)
തിരുവനന്തപുരം: ''കുരുന്നുകള്‍ക്കു വിദ്യപകരുകയെന്ന മോഹവുമായി പിഎസ്സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല സാറെ'' എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിലൊരാളായ മലര്‍മതിയുടെ വാക്കുകളാണിത്.
ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടക്കുന്ന ഇവരുടെ പ്രയാസവും ദുരിതവും മാധ്യമങ്ങളിലൂടെ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി വീഡിയോ കോളിലൂടെ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണു മലര്‍മതിയുടെ ഉള്ളുലയ്ക്കുന്ന പ്രതികരണം.
റാങ്ക് റിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടു പത്തുമാസമായി. അതില്‍ ഏഴുജില്ലകളില്‍ മാത്രമാണു നിയമനം നടന്നത്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ എന്തിനാണു പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചതെന്ന പരിഭവമാണ് ഉദ്യോഗാര്‍ഥികള്‍ കെ.സി വേണുഗോപാലിനോട് പങ്കുവെച്ചത്.
പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിയാണു കേരളത്തിലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കു പോലും പ്രതിഷേധിച്ചാല്‍ മാത്രമെ ജോലി നല്‍കൂയെന്ന പരിതാപകരമായ അവസ്ഥയാണ്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥ്യത കാരണം പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ വര്‍ഷങ്ങളുടെ അധ്വാനമാണ് ഇങ്ങനെ പാഴാകുന്നത്. അതിന് മാറ്റം വേണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഡിവിഷന്‍ ഫാള്‍ വരുന്ന സ്‌കൂളുകളിലെല്ലാം നിശ്ചിത അധ്യാപക വിദ്യാര്‍ഥി അനുപാതം ഏര്‍പ്പെടുത്തണമെന്നതും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അര്‍ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുകയും വേണമെന്നതുമായ തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ കെ.സി വേണുഗോപാലിനു മുന്നില്‍ അവതരിപ്പിച്ചു.
അധ്യാപക വിദ്യാര്‍ഥി അനുപാതം കൃത്യമായി പാലിക്കുകയും മാനദണ്ഡങ്ങളില്‍ കാതലായ മാറ്റവും അനിവാര്യമാണെന്നു പറഞ്ഞ വേണുഗോപാല്‍ ന്യായമായ അവകാശം നേടിയെടുക്കാന്‍ ഒപ്പം ഉണ്ടാകുമെന്നും അവര്‍ക്ക് ഉറപ്പുനല്‍കി.
കൂടാതെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം ഉറപ്പാക്കുന്നതിനു പുതുതായി വ്യവസ്ഥയുണ്ടാകണമെന്നാണു യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയിലൂടെ മുന്നോട്ട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. പ്രതീക്ഷയോടെയാണു കെ.സി വേണുഗോപാലിന്റെ വാക്കുകളെ എല്‍.പി സ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us