തിരുവനന്തപുരം:ഗോവ സർക്കാരിൻ്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ കേരളം. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
ഓൺലൈൻ ലോട്ടറി നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം കത്തയച്ചത്. ഗോവൻ ലോട്ടറിയുടെ വിപണനം കേരളത്തിൽ തടയണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെക്രട്ടറിതലത്തിൽ ഗോവ സർക്കാരിനും കേന്ദ്രത്തിനും വീണ്ടും കത്തുനൽകും. ഇരു സർക്കാരും ലോട്ടറിയുടെ വിപണനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
നേരത്തെ ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തിൽ വിൽക്കുന്നതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി ഓൺലൈൻ ലോട്ടറിക്കും ബാധകമാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.
രാജ്യത്ത് 12 സംസ്ഥാനങ്ങളിൽ പേപ്പർ ലോട്ടറിയുണ്ടെങ്കിലും കേരളത്തിൽ മാത്രമാണ് ലോട്ടറി സർക്കാർ നേരിട്ട് നടത്തുന്നത്. മറ്റിടങ്ങളിൽ ഏതെങ്കിലും ഏജൻസിക്ക് നടത്തിപ്പവകാശം കൈമാറുകയാണ്.
ഗോവ മാത്രമാണ് നിലവിൽ ഓൺലൈൻ ലോട്ടറിയിലേക്ക് കടന്നിരിക്കുന്നത് കഴിഞ്ഞവർഷം നവംബറിലാണ് ലോട്ടറി പ്രഖ്യാപിച്ചത്. റിതി സ്പോർട്സും ദുസാൻ ഇൻഫോടെക്കുമായി ചേർന്നാണ് ലോട്ടറി നടത്തിപ്പ്. നവംബറിൽതന്നെ ആദ്യ നറുക്കെടുപ്പു പ്രഖ്യാപിച്ചിരുന്നെങ്കിലും നീട്ടിവച്ചു.