Advertisment

രമേശ് ചെന്നിത്തല നടത്തുന്ന ചില സമീപകാല സന്ദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വ്യാജ വാര്‍ത്തകളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തി. അനാവശ്യ ചര്‍ച്ചകളും ചേരിപ്പോരും അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശവുമായി ലീഗ്. ഭരണം കിട്ടുംമുന്‍പ് സ്ഥാനമാനങ്ങള്‍ക്കായി കടിപിടിയെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കരുതെന്നും നേതാക്കളുടെ മുന്നറിയിപ്പ്

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ചില സമീപകാല സന്ദർശനങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിൽ നേതൃമാറ്റ തർക്കവും മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലിയുമാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചതോടെയാണ് സംഭവത്തിൽ ഘടക കക്ഷികളുടെ ഇടപെടൽ.

New Update
remesh musleem league

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന ചേരിപ്പോര് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുസ്ലീം ലീഗ്.

Advertisment

മുഖ്യമന്ത്രിപദത്തെ പറ്റി ചർച്ച ചെയ്യേണ്ട സമയമല്ലിതെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസിലെ ത‌‌ർക്കങ്ങൾ അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശം ലീഗ് നൽകിയിരിക്കുന്നത്.


മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ചില സമീപകാല സന്ദർശനങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിൽ നേതൃമാറ്റ തർക്കവും മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലിയുമാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചതോടെയാണ് സംഭവത്തിൽ ഘടക കക്ഷികളുടെ ഇടപെടൽ.


തെരെഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടികൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന മുന്നറിയിപ്പാണ് ലീഗ് നല്കിയിരിക്കുന്നത്. 

രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്ക് ഈ സന്ദേശം ലീഗ് നേതാക്കൾ കൈമാറിയിട്ടുമുണ്ട്. ഇത്തരം വ്യാജ വാർത്തകളുടെ ഫാക്ടറി ആകുന്ന ഏർപ്പാട് നേതാക്കൾ അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. 


മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ‍‍ഡോ. എം.കെ. മുനീറാണ് ഇപ്പോൾ ശക്തമായ  പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വ‍ർഷം ഉണ്ടെന്നും ഡോ. മുനീർ കോൺഗ്രസ് നേതാക്കളെ ഓർമ്മിപ്പിച്ചു.


ലീഗിന് സ്വാധീനമുളള ജാമിയ നൂരിയയുടെ പരിപാടിക്ക് രമേശ് ചെന്നിത്തല എത്തിയത് കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ ലീഗ് പിന്തുണക്കുന്നുവെന്ന് അ‍ർത്ഥമില്ലെന്നും ‍എം.കെ. മുനീർ വ്യക്തമാക്കി.

ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെയൊരു  കീഴ്വഴക്കം ലീഗിനില്ല.ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാനാകില്ലെന്നും മുനീ‍ർ പറഞ്ഞു. 


ജാമിയ നൂരിയയിലെ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തതോടെ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും പിന്നാലെ മുസ്ലിം ലീഗും അദ്ദേഹത്തെയാണ് പിന്തുണക്കുന്നതെന്ന വ്യാഖ്യാനം പരന്നിരുന്നു.


ജാമിയ നൂരിയയുടെ പരിപാടിക്കെത്തിയ ചെന്നിത്തല പാണക്കാട് സാദിഖലി തങ്ങളെ കണ്ടതും വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചിരുന്നു.

remesh musleem league1

ഇതെല്ലാം നിഷേധിക്കുന്നതാണ് ലീഗ് നേതാവ് ഡോ. എം.കെ.മുനീറിൻെറ പ്രതികരണം. നേരത്തെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് നടക്കുന്ന ത‍ർക്കത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയിരുന്നു. 


മുഖ്യമന്ത്രി ആരാകണമെന്നതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നുമാണ് പി.എം.എ സലാം പറഞ്ഞത്. എന്നിട്ടും കോൺഗ്രസിലെ നീക്കങ്ങൾക്ക് അയവില്ലാത്തത് കൊണ്ടാണ് കടുത്ത പ്രതികരണവുമായി എം.കെ.മുനീർ എത്തിയത്.


നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വ‍‍ർഷത്തിലേറെ സമയമുളളപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി നടക്കുന്ന കലഹത്തിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. 

ഇത് പ്രകടമാക്കുന്ന പ്രതികരണങ്ങളുമായി മുതിർന്ന നേതാവ് കെ.മുരളീധരനും മുന്നണി കൺവീന‍ർ എം.എം.ഹസനും രംഗത്തെത്തി. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നാണ് കെ. മുരളീധരന്റെ നിലപാട്.


''എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരെങ്കിലും പുകഴ്ത്തിയിൽ ഒരാൾ മുഖ്യമന്ത്രിയാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസിൽ ചില ചിട്ടവട്ടങ്ങൾ  ഒക്കെയുണ്ട്. 


മുഖ്യമന്ത്രി സ്ഥാനത്തെ കുറച്ച് ഒരു തർക്കവും പാ‍‍ർട്ടിയിലില്ല. വിളിക്കുന്ന സ്ഥലത്ത് എല്ലാവരും പോകാറുണ്ട്. ചെന്നിത്തല പോകുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ഞങ്ങൾ പോകുമ്പോ ആരും ശ്രദ്ധിക്കുന്നില്ല. ആള് കൂടുന്നതൊന്നും വലിയ കാര്യമല്ല'' - കെ.മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് എം.എം. ഹസനും പ്രതികരിച്ചു. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ട്.


പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും ഹസൻ വിമ‍ർശിച്ചു.


ഇതോടെ അനാവശ്യ വിവാദങ്ങളിൽ കോൺഗ്രസിലും മുന്നണിയിലും അതൃപ്തി ശക്തമാണെന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഭരണം പിടിക്കുന്നതിന് പകരം തർക്കം എന്ന സന്ദേശം മുന്നണിയുടെ ആകെ ജയസാധ്യതയെ ബാധിക്കും എന്നാണ് നേതാക്കളുടെയൊക്കെ മുന്നറിയിപ്പ്.

Advertisment