തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതിയംഗവുമായ രമേശ് ചെന്നിത്തലയുടെ സോഷ്യൽ എൻജിനിയറിംഗ് മുതലാക്കാൻ സി.പി.എം നീക്കം തുടങ്ങി.
സംസ്ഥാന കോൺഗ്രസിനുള്ളിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള തർക്കം തുടങ്ങിയെന്ന തരത്തിലാണ് സി.പി.എം ക്യാമ്പെയിൻ മുന്നോട്ട് പോകുന്നത്.
കോൺഗ്രസിൽ തമ്മിലടിക്ക് തുടക്കമായെന്ന തരത്തിലുള്ള 'പൊളിറ്റിക്കൽ സ്‌റ്റോറികൾക്ക്' പാർട്ടി ഫ്രാക്ഷനിലുള്ള മാധ്യമപ്രവർത്തകർക്ക് നിർദ്ദേശവും നൽകിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നര വർഷമായി പാർട്ടിക്കുള്ളിൽ മൗനം ഭജിച്ച ചെന്നിത്തല മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പോടെയാണ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായത്.
എൻ.എസ്.എസുമായി കഴിഞ്ഞ 11 വർഷത്തെ പിണക്കം തീർത്തതോടെ മന്നം ജയന്തി സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിനുള്ള ക്ഷണം വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയ വാർത്തയായി.
തുടർന്ന് വൈദ്യുത ബോർഡ് - കാർബോറാണ്ടം കരാർ അടക്കമുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരെ അദ്ദേഹം രംഗത്ത് വന്നതോടെ സി.പി.എം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അടിക്കാനുള്ള വടിയായി ചെന്നിത്തലയെ ഉപയോഗിക്കാൻ തീരുമാനിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് പുറമേ സതീശനടക്കം മറ്റ് നാല് പേരുടെ പേർ കൂടി ചേർത്തുള്ള ക്യാമ്പെയിൻ പൂർവ്വാധികം ശക്തിയായി അണിയിച്ചൊരുക്കി മാധ്യമങ്ങൾക്ക് കൈമാറുന്നതിലും പാർട്ടി വിജയിച്ചു.
ചില മാദ്ധ്യമങ്ങളിലെ ഇടത് പക്ഷത്തോടനുഭാവമുള്ള റിപ്പോർട്ടർമാർ കോൺഗ്രസിൽ സുധാകര - സതീശൻ പക്ഷങ്ങൾ തമ്മിലടി തുടങ്ങിയെന്നും സുധാകരൻ പക്ഷത്തോട് അടുപ്പമുള്ള ചെന്നിത്തല തിരിച്ചു വരുന്നുവെന്നും വാർത്തകൾ ഉൽപാദിപ്പിക്കുകയും ചെയ്തു.
പിന്നീട് മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തല ഉദ്ഘാടകനായതോടെ വാർത്തകൾക്ക് മൂർച്ച കൂടി.
ഇതിനിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി അദ്ദേഹത്തെ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ജോലി എളുപ്പമായി.
വെള്ളാപ്പള്ളിയുടെ ചെന്നിത്തല പുകഴ്ത്തലും സിപിഎം കേന്ദ്രങ്ങളുടെ അറിവോടെ ആണെന്ന സംശയം യു.ഡി.എഫ് നേതാക്കൾക്കുണ്ട്.
കാരണം പതിറ്റാണ്ടുകളായി രമേശ് ചെന്നിത്തലയെ എതിർക്കുന്ന വെള്ളാപ്പള്ളി പെട്ടെന്നൊരു സുപ്രഭാതത്തിൽ രമേശിനുവേണ്ടി രംഗത്ത് വന്നത് ഗൂഢ ലക്ഷ്യങ്ങളോടെ ആണെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്.
മന്നം ജയന്തിക്ക് ചെന്നിത്തലയെ ഉദ്ഘാടകനാക്കിയതിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വിവാദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ വിഷയത്തിൽ പ്രതിപക്ഷ നേതാവടക്കം ചെന്നിത്തലയെ പിന്തുണച്ചതോടെ മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സി.പി.എം നീക്കവും അസ്ഥാനത്തായി.
എന്നിട്ടും ചർച്ചകൾ കൊഴുപ്പിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ ചെന്നിത്തലയെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത് സി.പി.എമ്മിന് ക്ഷീണം ചെയ്തു.
തുടർന്ന് മുഖ്യമന്ത്രി ചർച്ചയില്ലെന്ന് രമേശ് തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞതോടെ തൽക്കാലം സി.പി.എം ക്യാമ്പെയിൻ ഉദ്ദേശിച്ച ഫലം കണ്ടില്ല.
എങ്കിലും വാർത്തകൾ സജീവമാക്കി തന്നെ നിർത്താനാണ് സി.പി.എം കേന്ദ്രങ്ങൾ തങ്ങളോട് അനുഭാവമുള്ള മാദ്ധ്യമപ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഈ മാധ്യമ പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനും അവർക്ക് ഇത്തരം 'ക്യാപ്സൂളുകൾ' സൃഷ്ടിച്ച് നൽകുന്നതിനുമുള്ള ചുമതല അടുത്തിടെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലെത്തിയ നേതാവിനാണ് നല്കിയിരിക്കുന്നത്.
ഇതിനിടെ ചെന്നിത്തലയുടെ നടപടിയിൽ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്.
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് ഇന്ധനം പകരുന്നത് ശരിയല്ലെന്ന ചില നേതാക്കളുടെ രഹസ്യ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചർച്ചകൾക്ക് നിലവിൽ പ്രസക്തിയില്ലെന്ന മറുപടി മാധ്യമങ്ങൾക്ക് നല്കാൻ അദ്ദേഹം നിർബന്ധിതനായത്.
സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുനയങ്ങൾക്ക് കോൺഗ്രസ് നേതാക്കളെടുക്കുന്ന നിലപാടുകൾ ഊർജ്ജം പകരാൻ ഇടയാക്കരുതെന്ന വിമർശനവും സമുദായ നേതാക്കളെ നിർത്തേണ്ട അകലത്തിൽ നിർത്തണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്.
സർക്കാരിനെതിരായ പൊതുവികാരവും പാർട്ടി സമ്മേളനങ്ങളിലെ പടലപിണക്കവും ഉൾപ്പാർട്ടി രാഷ്ട്രീയ നീക്കങ്ങളും കരുവന്നൂർ ബാങ്ക് വിഷയം പോലെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളും സി.പി.എമ്മിന്റെയും എൽഡി.എഫിന്റെയും നില പരുങ്ങലിലാക്കിയിരുന്നു.
എന്നാൽ കോൺഗ്രസിനുള്ളിൽ നേതൃതർക്കമെന്ന പ്രശ്‌നങ്ങളുണ്ടാക്കി അവിടെ ഐക്യമില്ലെന്ന് വരുത്താനുള്ള രാഷ്ട്രീയനീക്കം സി.പി.എം ഇപ്പോഴും സജീവമായി തുടരുകയാണ്. ഭരണത്തിൽ തുടരാൻ ഇത് സഹായകമാവുമെന്നും സി.പി.എം കരുതുന്നുണ്ട്.