തിരുവനന്തപുരം: സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായി പ്രവർത്തനപരിചയവും കഴിവുമുള്ളവരെ സുപ്രധാന ഇടങ്ങളിൽ നിന്നൊഴിവാക്കുന്ന പ്രവണത പാർട്ടിയിൽ തുടരുന്നു.
ഇത്തവണയും വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒഴിവാക്കലെന്ന് പാർട്ടി വിശദീകരിക്കുമ്പോൾ അതൊന്നുമല്ല കാര്യമെന്നാണ് ഒഴിവാക്കപ്പെടുന്നവർ നൽകുന്ന സന്ദേശം.
ബലാബലത്തിൽ ഏറ്റവും മെച്ചപ്പെട്ട ശാക്തികചേരിക്കൊപ്പം നിലയുറപ്പിച്ചില്ലെങ്കിൽ ഏത് വമ്പനും കൊമ്പുകുത്തേണ്ടി വരുമെന്ന സിപി.എം ചരിത്രമാണ് ആവർത്തിക്കപ്പെടുന്നത്.
വി.എസ്- പിണറായിക്കാലത്തെ ആശയസമരങ്ങൾ വിഭാഗീയതയായി പരിഗണിച്ച കാലത്താണ് നിനച്ചിരിക്കാതെ പലരും ഇതിന് മുമ്പ് സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുഴയുടെ അമരത്ത് നിന്നും സുധാകരനിറങ്ങി
ആലപ്പുഴ ജില്ലയിലെ മണൽത്തരിക്ക് പോലും സുപരിചിതനായ ജി.സുധാകരനെ പാർട്ടിയാണ് അക്ഷരാർത്ഥത്തിൽ ജില്ലയുടെ അമരത്ത് നിന്നും ഇറക്കിവിട്ടത്.
തലയെടുപ്പുള്ള മാർക്‌സിസ്റ്റ് നേതാക്കൾ ആലപ്പുഴയെ അവരുടെ ചരിത്രം കൊണ്ട് ചുവപ്പിച്ചപ്പോൾ സുധാകരന്റെ ശൈലി വ്യത്യസ്തമായിരുന്നു.
എന്നും താഴേത്തട്ടിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരുന്ന അദ്ദേഹം ഒരു തരത്തിലുള്ള അധികാര ദുർവിനിയോഗങ്ങൾക്കും വശംവദനായില്ല.
ചില സന്ദർഭങ്ങളിൽ അതിരുവിടുന്ന അദ്ദേഹത്തിന്റെ വാമൊഴി വഴക്കങ്ങളെ അംഗീകരിച്ചു കൊടുക്കാനും കേരളത്തിന് മടിയുണ്ടായിട്ടില്ല. സജി ചെറിയാൻ ജില്ലാ സെക്രട്ടറിയായി വന്ന ശേഷമാണ് ആലപ്പുഴയിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്.
അദ്ദേഹം ചെങ്ങന്നൂവിൽ നിന്നും എം.എൽ.എ കൂടിയായതോടെ സുധാകരന്റെ നിലയാണ് യഥാർത്ഥത്തിൽ പരുങ്ങലിലായി. മന്ത്രി സ്ഥാനമൊഴിഞ്ഞ സുധാകരനെ പാർട്ടി ഘട്ടം ഘട്ടമായാണ് ഒഴിവാക്കിയെടുത്തത്.
ഇപ്പോൾ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണെങ്കിലും പാർട്ടിക്കുള്ളിൽ അദ്ദേഹം ഒതുക്കപ്പെട്ട് കഴിഞ്ഞു.
വരുന്ന ജില്ലാ സമ്മേളനത്തോടെ നിലവിലെ സ്ഥാനവും ഇല്ലാതായേക്കും. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, ആർ.നാസർ, സജി ചെറിയാൻ, തോമസ് ഐസക്ക് എന്നിവർക്കൊപ്പമോ മുന്നിലോ നടക്കേണ്ട സുധാകരൻ പാർട്ടിക്ക് ഇന്ന് അനഭിമതനാണ്.
അടിതെറ്റി അയിഷാ പോറ്റി
മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷാ പോറ്റിയും ഇത്തവണയോടെ കളത്തിന് പുറത്തായി. കൊട്ടാരക്കര ഏരിയ കമ്മിറ്റിയംഗമായ അവരെ ഈ സമ്മേളനകാലത്താണ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
തുടർച്ചയായി ഏഴ് തവണ മണ്ഡലത്തിൽ വിജയിച്ച് കൊട്ടാരക്കരയുടെ പര്യായമായി മാറിയ ബാലകൃഷ്ണപിള്ളയെ മലർത്തിയടിച്ചാണ് അയിഷാ പോറ്റി സി.പി.എമ്മിന് വേണ്ടി 2006ൽ മണ്ഡലം പിടിച്ചെടുത്തത്.
പിന്നീട് രണ്ട് തവണ കൂടി ജയം ആവർത്തിച്ചു. എല്ലാ തവണയും ഭൂരിപക്ഷം കൂടിയതല്ലാതെ കുറഞ്ഞിരുന്നില്ല. സി.പി.എം അനുകൂല സംഘടനയായ ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷറർ കൂടിയാണ് 66 വയസുള്ള അയിഷാ പോറ്റി.
ആരോഗ്യ കാരണങ്ങൾ പറഞ്ഞ് അവധിക്ക് അപേക്ഷ നൽകിയാണ് അവർ സജീവ രാഷ്ട്രീയം വിടുന്നത്. എന്നാൽ പിണറായിയുടെ എക്കാലത്തെയും വിശ്വസ്തനായ നിലവിലെ ധനമന്ത്രി ബാലഗോപാലിന് വേണ്ടിയാണ് അവർ ഒഴിവാക്കപ്പെട്ടതെന്നും വാദങ്ങളുണ്ട്.
വി.എസ് - പിണറായി പേര് കത്തി നിൽക്കുന്ന കാലയളവിൽ വി.എസിനെ നിയന്ത്രിക്കാൻ പാർട്ടി വെച്ച പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ബാലഗോപാൽ എന്നത് ചരിത്രം.
സുല്ലിട്ട് സുരേഷ് കുറുപ്പ്
1980കളിലെ സമരമുഖരിതമായ കാലയളവിൽ എസ്.എഫ്.ഐയെ നയിക്കാൻ സി.പി.എം കണ്ടെത്തിയ സൗമ്യ ഭാവമുള്ള കർക്കശക്കാരനും തീപ്പൊരിയുമായ കെ.സുരേഷ്‌ക്കുറുപ്പ് ഇന്ന് പാർട്ടിയിൽ ഏൽക്കുന്നത് അവഗണന മാത്രം.
യൗവ്വന തീഷ്ണമായ സമയത്ത് മൂന്ന് തവണ കേരള സർവ്വകലാശാല യൂണിയൻ കൗൺസിലറും അതേ യൂണിയനിൽ എസ്.എഫ്.ഐയെ പ്രതിനിധാനം ചെയ്ത് ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യത്തെയാളുമായിരുന്നു.
1984ൽ എസ്എസ്.ഐയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്നും പാർലമെന്റിലേക്ക് കുതിച്ച കുറുപ്പിനോട് കാലവും പാർട്ടിയും വിപ്ലവാദർശങ്ങളും നീതി കാട്ടിയില്ല. 1998, 1999,2004 എന്നീ വർഷങ്ങളിലും പാർലമെന്റംഗമായി.
1985ൽ തന്നെ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ച പൊടിമീശക്കാരന്റെ മീശയിൽ നര വീഴുമ്പോൾ ഒപ്പം നിന്നവരും താഴെ നിന്നവരും മുകളിലായി.
പാർട്ടിയിൽ ജൂനിയറായ പലരും സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോഴും കുറുപ്പിന് ഒരുറപ്പും ആരും നൽകിയില്ല. 3
ഇതിനിടെ 2011ലും 2016ലും ഏറ്റുമാനൂരിൽ നിന്ന് ചെങ്കൊടിത്തണലിൽ നിയമസഭയിലെത്തി. 2016ൽ മന്ത്രി, സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഒന്നുമുണ്ടായില്ല.
ഒടുവിൽ മൂന്ന് വർഷം മുമ്പ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിയിൽ നിന്നൊഴിവാക്കാൻ കത്ത് നൽകി അത് സൂക്ഷിച്ച് വെച്ച് രാകിമിനുക്കിയ നേതൃത്വം അതുപേയാഗിച്ച് തന്നെ ഇത്തവണ കുറുപ്പിനെ അങ്കത്തിൽ അരിഞ്ഞു വീഴ്ത്തി.
പത്തിമടക്കി പത്മനാഭൻ
മാടായി മാടനെന്ന് വിളിപ്പേരുള്ള എം.വി രാഘവനെന്ന ആതികായന്റെ വഴിയിൽ സി.കെ.പി പത്മനാഭനും. പാർട്ടി മാടായി ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട മുൻ എം.എൽ.എയ്ക്ക് സി.പി.എം വിധിച്ചത് രാഷ്ട്രീയ വനവാസം.
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ശശിയുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി പാർട്ടിക്ക് പരാതി നൽകിയെന്നതാണ് പാർട്ടി സംസ്ഥാനസമിതിയംഗമായിരുന്ന അദ്ദേഹം ചെയ്ത തെറ്റ്.
ഇതോടെ അദ്ദേഹത്തെ വരിഞ്ഞുമുറുക്കാൻ പാർട്ടിക്കുള്ളിൽ ചിലർ നീക്കിയ കരുക്കൾ ലക്ഷ്യം കണ്ടു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുയുമായിരുന്ന സി.കെ.പിയെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 12 വർഷം മുൻപ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പാർട്ടി നീക്കി.
വി.എസ് -പിണറായി വിഭാഗീയത കത്തിനിന്ന സമയത്താണ് നടപടി. സി.കെ.പിയുടെ പരാതിയിൽ ശശിക്കും തരംതാഴ്ത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടിവന്നു.
പിന്നീട് ഏറെക്കാലത്തിനു ശേഷം മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിലവിൽ ഈ സ്ഥാനത്ത് തുടരുന്നതിനിടെയാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്നും നീക്കിയത്. വിഭാഗീയത കാരണം തന്റെ മേൽ അടിച്ചേൽപിച്ചതാണ് അച്ചടക്ക നടപടിയെന്ന് തുറന്ന് പറഞ്ഞാണ് അദ്ദേഹം പടിയിറങ്ങിയത്.
മുമ്പേ പറന്ന് ജെയിംസ് മാത്യു
2022ൽ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപെട്ടപ്പോൾ തന്നെ ഇനി സജീവ രാഷ്ട്രീയത്തിൽ തുടരേണ്ടതില്ലെന്ന് ജെയിംസ് മാത്യു തീരുമാനിക്കുകയായിരുന്നു.
എസ്.എഫ്.ഐയിലൂടെ സി.പി.എമ്മിലെത്തിയ അദ്ദേഹം തന്നെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.
കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തിൽ ശക്തനായിരുന്ന അദ്ദേഹത്തിന്റെ പിൻമാറ്റത്തിന്റെ കാരണങ്ങൾ അജ്ഞാതമാണെങ്കിലും ചില അലയൊലികൾ പലയിടത്തു നിന്നായി ഉയർന്നിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് ഒരു കേസിൽ പെടുത്തി അദ്ദേഹത്തെ കുടുക്കാൻ നോക്കിയെങ്കിലും അത് ഉന്നത ഇടപെടലിന്റെ ഭാഗമായി അദ്ദേഹത്തിന് അറസ്റ്റടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വന്നില്ല.
പിന്നീട് അധികം കഴിയും മുമ്പേ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും നിയമസഭയിലെത്തിയ അദ്ദേഹം പടവുകൾ കയറുന്നതിനിടെ തെന്നിവീണുവെന്നും പറയേണ്ടി വരും.