തിരുവനന്തപുരം: അഞ്ചേകാൽ വർഷം ആരിഫ് മുഹമ്മദ് ഖാനുമായി പോരിലായിരുന്ന സർക്കാർ, ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വന്നപ്പോൾ അൽപ്പം ആശ്വാസത്തിലായിരുന്നു.
എന്നാൽ ആരിഫ് ഖാനേക്കാൾ സജീവമായി യൂണിവേഴ്സിറ്റി കാര്യങ്ങളിൽ ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സർക്കാരുമായി പോര് തുടങ്ങിയെന്ന സൂചനയാണ് പുറത്തുവരുന്നത്.
എല്ലാ യൂണിവേഴ്സിറ്റികളുടെയും വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് രാജ്ഭവനിൽ ഗവർണർ വിളിച്ചു കൂട്ടി. ചാൻസലർ എന്ന അധികാരമുപയോഗിച്ചാണ് എല്ലാ വി.സിമാരെയും വിളിപ്പിച്ചത്.
യൂണിവേഴ്സിറ്റികളിലെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ഗവർണർ പ്രശ്നങ്ങളിൽ അതിവേഗ നടപടിയുണ്ടാവുമെന്നും ഉറപ്പുനൽകി.
എല്ലാ സർവകലാശാലകളുടെയും സെനറ്റ് യോഗത്തിൽ താൻ പങ്കെടുക്കുമെന്ന് ഗവർണർ വ്യക്തമാക്കി. കേരളത്തിൽ സെനറ്റുകളുടെ അദ്ധ്യക്ഷൻ ഗവർണർ ആണെങ്കിലും യോഗങ്ങളിൽ പങ്കെടുക്കുക പതിവില്ല.
എന്നാൽ ഇനിയുള്ള സെനറ്റ് യോഗങ്ങളിൽ ചാൻസലറായ താനുണ്ടാവുമെന്നാണ് ഗവർണർ ആർലേക്കർ പറയുന്നത്.
ബിഹാറിൽ 20 സർവകലാശാലകളുടെ സെനറ്റ് യോഗങ്ങളിൽ ഒന്നിലേറെ തവണ താൻ പങ്കെടുത്തിട്ടുണ്ട്. അതേ രീതിയിലാവും കേരളത്തിലും. ബജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടിയല്ലാതെ അക്കാഡമിക് കാര്യങ്ങൾക്കായും സെനറ്റ് യോഗം ചേരണം.
ആ യോഗത്തിലാവും ചാൻസലറായ താൻ പങ്കെടുക്കുകയെന്നും വൈസ്ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ പറഞ്ഞു. ഇതോടെ സർക്കാർ കടുത്ത ആശങ്കയിലാണ്.
നേരത്തേ കേരള സർവകലാശാലയിൽ ഒരു സെനറ്റ് യോഗത്തിൽ പ്രോ ചാൻസലറായ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയായിരുന്നു.
ചാൻസലറുടെ അഭാവത്തിലായിരിക്കണം മന്ത്രിക്ക് പ്രോ ചാൻസലർ എന്ന പദവിയിലുള്ള അധികാരം കിട്ടുന്നത് എന്നാണ് ചട്ടം. എന്നാൽ ചാൻസലറായ ഗവർണർ കേരളത്തിൽ ഉണ്ടായിരിക്കെ മന്ത്രി ബിന്ദു സെനറ്റിൽ അദ്ധ്യക്ഷയായത് ഏറെ ചർച്ചയായിരുന്നു.
ഇതിനു പിന്നാലെയാണ് ചാൻസലറായ ഗവർണർ തന്നെ നേരിട്ട് യൂണിവേഴ്സിറ്റികളിലെ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. ആരിഫ് ഖാൻ ഗവർണർ ആയിരിക്കെ, ഏറ്റവുമധികം ഏറ്റുമുട്ടൽ സർക്കാരുമായി നടത്തിയത് യൂണിവേഴ്സിറ്റി വിഷയങ്ങളിലായിരുന്നു.
ഇതേ പാതയിലാണ് പുതിയ ഗവർണർ ആർലേക്കറും നീങ്ങുന്നത് എന്ന വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്.
യൂണിവേഴ്സിറ്റികളിൽ അമിത രാഷ്ട്രീയം വേണ്ടെന്നും കുട്ടികളുടെ ക്ഷേമത്തിനായിരിക്കണം മുൻഗണനയെന്നും ഗവർണർ വി.സിമാരുടെ യോഗത്തിൽ പറഞ്ഞു.
എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം.
ക്യാമ്പസ് രാഷ്ട്രീയം വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കരുത്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് നടത്തുന്നതെന്നും ഗവർണർ ചോദിച്ചറിഞ്ഞു.