തിരുവനന്തപുരം: സി.പി.എം ഏരിയാ സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയശേഷം ബി.ജെ.പിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയുടെ അറസ്റ്റിന് കളമൊരുങ്ങി.
ഏരിയാ സമ്മേളനത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ചെന്ന സിപിഎം മംഗലപുരം ഏരിയ കമ്മിറ്റിയുടെ പരാതിയെ തുടന്ന് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി മധു മുല്ലശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തളളി.
ഇതോടെ മധുവിനെ മംഗലപുരം പോലീസ് വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പാർട്ടിയുടെ പരാതിയിൽ മധു മുല്ലശേരിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് മേൽ ശക്തമായ സമ്മർദ്ദമുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതോടെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് മധു മുല്ലശേരി.
എന്നാൽ അതിന് മുൻപ് തന്നെ അറസ്റ്റ് നടത്തണമെന്നാണ് സിപി.എം നേതൃത്വം പോലിസിന് മുന്നിൽ വെച്ചിട്ടുളള ആവശ്യം. മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിവെടുത്ത തുക മുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പൊലിസിൽ പരാതി നൽകിയത്.
സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി എം.ജലീലാണ് പ്രധാന പരാതിക്കാരൻ. ഏരിയ കമ്മിറ്റിക്ക് കീഴിലുളള ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിമാരും പരാതി നൽകിയിട്ടുണ്ട്.
സി.പി.എം ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏരിയാസമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി മംഗലപുരം ഏരിയാ കമ്മിറ്റിക്ക് കീഴിലുളള 129 ബ്രാഞ്ചുകൾ 2500 രൂപ വീതം സമാഹരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റികൾ വഴി ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിക്ക് നൽകിയിരുന്നുവെന്നാണ് പരാതിയിലെ ആക്ഷേപം.
ബ്രാഞ്ചുകൾ പിരിച്ച് നൽകിയ പണം കൂടാതെ സമ്മേളന നടത്തിപ്പിലേക്കായി പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു മുല്ലശേരി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായി പരാതിയിൽ ആരോപിക്കുന്നുണ്ട്.
2024 ഡിസംബർ ഒന്നിന് അവസാനിച്ച മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്നാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഇറങ്ങിപ്പോയത്.
സെക്രട്ടറി പദവിയിൽ രണ്ട് ടേം പിന്നിട്ട മധു വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നാണ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപോയത്.
കരുനാഗപ്പളളിയിൽ ലോക്കൽ സമ്മേളനത്തിലെ തർക്കം പരസ്യ പ്രതിഷേധ പ്രകടനത്തിന് വഴിവെച്ചതിന് പിന്നാലെയായിരുന്നു ഏരിയാ സമ്മേളനത്തിൽ നിന്നുളള മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്.
സംഭവം വൻവിവാദമായതോടെ സി.പി.എം മധു മുല്ലശേരിയെ തളളിപ്പറഞ്ഞു.ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉന്നയിച്ച മധു മുല്ലശേരി ബി.ജെ.പിയിൽ ചേർന്നു.
അതോടെ വൻ നാണക്കേടിലായ സി.പി.എം ജില്ലാ നേതൃത്വം മധുമുല്ലശ്ശേരിക്കെതിരെ പോലീസിൽ പരാതി നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു.
പോത്തൻകോട് നടന്ന ഏരിയാ സമ്മേളനത്തിന്റെ മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയ ചെലവുകൾക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്നാണ് ജില്ലാ നേതൃത്വത്തിൻെറ ഭാഷ്യം.
ഏരിയാ സെക്രട്ടറി എം.ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് മംഗലപുരം ഏരിയയിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പോലീസിലും പരാതി നൽകി.
ആദ്യം കേസെടുക്കാൻ മടിച്ച് നിന്ന പൊലീസ് രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ കേസ് രജിസ്റ്റർ ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
എന്നാൽ മംഗലപുരം ഏരിയാ സമ്മേളനത്തിനായി പ്രത്യേക പണപ്പിരിവ് നടന്നിട്ടില്ലെന്നും
പരാതിയും കേസും രാഷ്ട്രീയ പകപോക്കലാണെന്നാണ് മധു മുല്ലശേരിയുടെ വാദം.
ബി.ജെ.പി സംസ്ഥാന സമിതി അംഗമായി മാറിയ മധുവിന് എതിരായ കേസിനെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി ജില്ലാ നേതൃത്വവും ശക്തമായി രംഗത്തുണ്ട്.