തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ നടത്തിയ പരസ്യ പ്രതികരണങ്ങളുടെ പേരിൽ സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസിന് എതിരെ സിപിഎം അച്ചടക്ക നടപടി.
മുതിർന്ന നേതാവും മുൻ ലോകസഭാംഗവുമായ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സി.പി.എം തീരുമാനം.
പാർട്ടി സംസ്ഥാന സമിതിയാണ് മുൻ എം.പിയും മുതിർന്ന നേതാവുമായ കൃഷ്ണദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
ഉപതിരഞ്ഞെടുപ്പിനിടെ സംഭവിച്ച നീലട്രോളി വിവാദത്തിൽ പാർട്ടിയുടെ പൊതുനിലപാടിനെതിരെ സംസാരിച്ചതും മാധ്യമങ്ങൾക്ക് എതിരെ നടത്തിയ അധിക്ഷേപ പരാമർശവുമാണ് കൃഷ്ണദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടിയെ നിർബന്ധിതമാക്കിയത്.
നീല ട്രോളി വിവാദം ആളിക്കത്തിക്കാൻ പാർട്ടിയും മുന്നണിയും ആളിക്കത്തിക്കാൻ ശ്രമിക്കുമ്പോൾ അതിനെ പരസ്യമായി തളളിപ്പറഞ്ഞ് കൃഷ്ണദാസ് രംഗത്ത് വരികയായിരുന്നു.
നീലട്രോളിയും പച്ച ട്രോളിയും ഒന്നുമല്ല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നുമായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.
ട്രോളിവിവാദം പ്രസക്തമായ വിഷയമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടും വീണ്ടും നിലപാട് ആവർത്തിക്കുകയാണ് കൃഷ്ണദാസ് ചെയ്തത്.
ഇത് പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന പ്രതീതി സൃഷ്ടിച്ചുവെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത പാലക്കാട് ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു.
കൃഷ്ണദാസിന്റെ പ്രവർത്തിയിൽ എന്തുവേണമെന്നത് അദ്ദേഹത്തിന്റെ ഘടകമായി സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കണമെന്നും പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
അത് കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത സി.പി.എം സംസ്ഥാന സമിതി എൻ.എൻ.കൃഷ്ണദാസിന് എതിരെ നടപടി സ്വീകരിച്ചത്. സി.പി.എമ്മിന്റെ അച്ചടക്ക നടപടികളിൽ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.
എന്നാൽ കൃഷ്ണദാസിനെ താക്കീത് ചെയ്ത നടപടി പാർട്ടി പരസ്യപ്പെടുത്തിയതോടെ നടപടിയുടെ ഗൗരവം വർദ്ധിക്കുന്നുണ്ട്.
നടപടിക്ക് ആധാരമായ കൃഷ്ണദാസിന്റെ പ്രവർത്തികൾ പരസ്യമായത് കൊണ്ടാണ് നടപടിയും പരസ്യപ്പെടുത്തിയതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിശദീകരണം.
ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടാനൊരുങ്ങിയ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ച കൃഷ്ണദാസിന്റെ നടപടിയും ഇപ്പോഴത്തെ അച്ചടക്ക നടപടിക്ക് കാരണമായിട്ടുണ്ട്.
അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുന്നിൽ മാധ്യമങ്ങൾ ഇറച്ചിക്കടക്ക് മുന്നിലെ പട്ടിയെപോലെ കിടന്നു എന്നായിരുന്നു കൃഷ്ണദാസിന്റെ അധിക്ഷേപം.
മാധ്യമ പിന്തുണ ലഭിക്കേണ്ട ഘട്ടത്തിൽ കൃഷ്ണദാസ് നടത്തിയ പരാമർശം ദോഷം ചെയ്തുവെന്ന് ജില്ലാ കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.
മണ്ഡലം കൺവൻഷന് തൊട്ടുമുൻപ് നടത്തിയ പരാമർശം ശ്രദ്ധതിരിക്കുന്നതിനും വിവാദത്തിനും ഇടനൽകിയെന്നാണ് അവലോകന റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ട്രോളി വിവാദത്തിൽ കൃഷ്ണദാസ് നടത്തിയ പ്രതികരണം മാധ്യമ ശ്രദ്ധയുളള പരിപാടിയിലായിരുന്നു.
ഒരു മാധ്യമവും വരാതിരുന്ന അന്തരിച്ച കൗൺസിലറുടെ അനുസ്മരണ ചടങ്ങിലേക്ക് മനോരമ ചാനലിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തിയതാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
ജില്ലയിലെ പുതിയ നേതൃത്വത്തോടുളള അതൃപ്തിയാണ് പാർട്ടി വിരുദ്ധ പ്രതികരണങ്ങളിലൂടെ കൃഷ്ണദാസ് പ്രകടിപ്പിച്ചതെന്നാണ് സൂചന.