തിരുവനന്തപുരം : കെ.ഗോപാലകൃഷ്ണൻ ഐ.എ.എസിന്റെ സസ്പെൻഷൻ പിൻവലിക്കുകയും എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടുകയും ചെയ്ത നടപടിയിലൂടെ വ്യക്തമാകുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്.
പ്രശാന്തിനെ അപേക്ഷിച്ച് ഗുരുതര സ്വഭാവത്തിലുളള കുറ്റകൃത്യം നടത്തിയിരിക്കുന്നത് വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ.ഗോപാലകൃഷ്ണനായിട്ടും അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കുകയാണ് സർക്കാർ ചെയ്തത്.
എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായ അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ തെറ്റായ നടപടികൾ പുറത്തുവിട്ടെന്നതാണ് പ്രശാന്തിന് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
അതിന്റെ പേരിൽ കെ.ഗോപാലകൃഷ്ണന് ഒപ്പം സസ്പെൻറ് ചെയ്യപ്പെട്ട എൻ.പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് നീട്ടുകയും ചെയ്തു.
നിലവിലുളള ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർവീസിൽ നിന്ന് വിരമിക്കുന്നത് വരെയുളള കാലമാണ് 120 ദിവസം.
ശാരദാ മുരളീധരൻ വിരമിക്കുന്നത് വരെ എൻ.പ്രശാന്തിനെ സർവീസിൽ കയറ്റില്ലെന്നാണ് ഇതിലൂടെ നൽകുന്ന സന്ദേശം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെയും അടുപ്പക്കാരാനായ കെ.ഗോപാലകൃഷ്ണന് ഒരു നീതിയും ഉന്നത ഉദ്യോഗസ്ഥർക്ക് അപ്രീതിയുളള എൻ.പ്രശാന്തിന് മറ്റൊരു നീതിയും എന്നതാണ് സർക്കാർ നടപടി നൽകുന്ന സന്ദേശം.
ഇത് പ്രകടമായ വിവേചനമാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.ചാർജ് മെമ്മോയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങളിൽ വ്യക്തത തേടി രണ്ട് തവണ കത്തയച്ചിട്ടും മറുപടി നൽകാൻ കൂട്ടാതിരുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇപ്പോൾ മറുപടി നൽകാൻ തയാറായി എന്നത് മാത്രമാണ് എൻ.പ്രശാന്തിന് അനുകൂലമായ ഏക നടപടി.
എന്നാൽ ക്രിമനൽ കുറ്റം ചെയ്ക കെ.ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുളള കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ക്ളീൻ ചിറ്റ് നൽകുകയും ചെയ്തിരിക്കുന്നു.
മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കുറ്റം മറയ്ക്കാൻ പൊലിസിന് വ്യാജ പരാതി നൽകി എന്നതാണ് കെ.ഗോപാലകൃഷ്ണനെ സസ്പെന്റ് ചെയ്യാൻ കാരണം.
ആദ്യം മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഹിന്ദുക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ചെയ്തപ്പോഴാണ് നാല് ദിവസത്തിനകം മല്ലു മുസ്ളീം ഓഫീസേഴ്സ് എന്ന പേരിൽ മുസ്ളീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയത്.
സംഭവം പുറത്തറിഞ്ഞപ്പോൾ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഗോപാലകൃഷ്ണൻ സഹപ്രവർത്തകരോട് വിശദീകരിച്ചത്.പിന്നീട് ഇതേ കാരണം നിരത്തി പൊലിസിന് പരാതി നൽകുകയും ചെയ്തു.പരാതിയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളും പരിശോധിച്ച പൊലിസിന് ഒന്നും കണ്ടെത്താനായില്ല.
രണ്ട് ഫോണുകളും പലതവണ ഫോർമാറ്റ് ചെയ്യപ്പെട്ട ശേഷമാണ് പൊലീസിന് കൈമാറിയത്.ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വാട്സാപ്പ് മാതൃകമ്പനിയിൽ നിന്ന് പൊലീസ് ഉറപ്പിച്ചതോടെയാണ് ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് വ്യക്തമായത്.
ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ പൊലിസിന് തെറ്റായ പരാതി നൽകുന്നതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കോൺഡക്റ്റ് റൂൾസിന് വിരുദ്ധമാണ്.
വ്യാജ പരാതി നൽകിയെന്ന പൊലിസ് റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.ഗോപാലകൃഷ്ണനെ സസ്പെന്റ് ചെയ്തത്.
അതേ ചീഫ് സെക്രട്ടറി തന്നെയാണ് കുറ്റം തെളിയിക്കാൻ തെളിവില്ലെന്ന ന്യായം നിരത്തി ഗോപാലകൃഷ്ണനെ സർവിസിൽ തിരിച്ചെടുക്കുന്നതും.