തിരുവനന്തപുരം: സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷൻമാർ ഇന്ന് ചുമതലയേൽക്കും.
കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾക്ക് 12 വീതം പ്രസിഡന്റുമാരെ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ശോഭ പക്ഷത്തിനും രണ്ട് ജില്ലാ അദ്ധ്യക്ഷമാരെ ലഭിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരെ അദ്ധ്യക്ഷമാരാക്കുമ്പോൾ മുസ്ലീം വിഭാഗത്തിൽ നിന്നും ആരും ജില്ലാ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തിയിട്ടില്ല.
ഇതിനിടെ പാലക്കാട്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയ കൗൺസിലറുമാരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുകയാണ്.
വിഷയത്തിൽ ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകൾ ഫലവത്താകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പ്രശാന്ത് ശിവൻ ചുമതലയേൽക്കുന്ന ചടങ്ങില നിന്ന് 9 കൗൺസിലറുമാർ വിട്ടു നിൽക്കുകയാണ്.
ബിജെ.പി സംസ്ഥാന നേതൃത്വത്തിന് രാജി നൽകാനുള്ള തീരുമാനത്തിൽ നിന്നും അവർ പിന്നോട്ട് പോയോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തിരഞ്ഞെടു ത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാർ, തന്റെ ബിനാമിയെ സ്ഥാനത്തേക്ക് തിരുകി കയറ്റുന്നുവെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
ഇടഞ്ഞ് നിൽക്കുന്ന കൗൺസിലറുമാർ രാജിവെച്ചാൽ പാലക്കാട്ടെ നഗരസഭാ ഭരണം ബി.ജെ.പിക്ക് നഷ്ടമാവും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിലേക്ക് ചോരുകയും രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തത് ബി.ജെ.പിക്ക് ക്ഷീണമായിരുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺരഗസിലെത്തിയതും പാർട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു.
നിലവില ധാരണയായ ജില്ലാ അദ്ധ്യക്ഷൻമാരുടെ പട്ടിക ചുവടെ:-
തിരുവനന്തപുരം സിറ്റി - കരമന ജയൻ, തിരുവനന്തപുരം നോർത്ത് - മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ്- എസ്. പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് -സന്ദീപ് വചസ്പതി, ആലപ്പുഴ നോർത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിൻ ലാൽ, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ, ഇടുക്കി നോർത്ത്- പി.സി. വർഗീസ്, എറണാകുളം സിറ്റി- ഷൈജു, എറണാകുളം നോർത്ത്- ബ്രഹ്മരാജ്, എറണാകുളം ഈസ്റ്റ്- പി.പി. സജീവ്, മലപ്പുറം സെൻട്രൽ- ദീപ പുഴയ്ക്കൽ, മലപ്പുറം ഈസ്റ്റ്- രശ്മിൽ നാഥ്, മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്മണ്യൻ, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവൻ, പാലക്കാട് വെസ്റ്റ് -പി. വേണുഗോപാൽ, തൃശൂർ സിറ്റി -ജസ്റ്റിൻ, തൃശൂർ നോർത്ത് -നിവേദിത സുബ്രഹ്മണ്യൻ, തൃശൂർ സൗത്ത്- ശ്രീകുമാർ, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു, കോഴിക്കോട് റൂറൽ -ദേവദാസ്, കോഴിക്കോട് നോർത്ത് - പ്രഫുൽ കൃഷ്ണ, വയനാട്- പ്രശാന്ത് മലവയൽ, കണ്ണൂർ നോർത്ത് -വിനോദ് മാസ്റ്റർ, കണ്ണൂർ സൗത്ത് -ബിജു ഇളക്കുഴി, കാസർകോട്- എം.എൽ. അശ്വനി എന്നീ പേരുകളിലാണ് ധാരണയായിരിക്കുന്നത്.