തിരുവനന്തപുരം: പാർട്ടി പുന:സംഘടന നടക്കാനിരിക്കെ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പാർട്ടി വക്താവാക്കി കോൺഗ്രസ്. ചാനൽ ചർച്ചകളിലടക്കം പങ്കെടുക്കാനുള്ള സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
ഉടൻ നടക്കാനിരിക്കുന്ന പുന:സംഘടനയിൽ അദ്ദേഹത്തിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയേക്കും. എന്നാൽ കാക്കത്തൊള്ളായിരം പേരിൽ ഒരാളെന്ന പരിഹാസം ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കുവെച്ചതോടെ അദ്ദേഹത്തിന്റെ നിയമനം രാഷ്ട്രീയ ചർച്ചയായിക്കഴിഞ്ഞു.
/sathyam/media/media_files/2025/01/27/Udu3o2Co72B2rOT5YpJG.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ സന്ദീപ് പാർട്ടി വിട്ടത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് ചോർച്ചയും പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ സന്ദീപിനെ അനുനയിപ്പിക്കാൻ സംഘപരിവാർ നേതാക്കളും അന്ന് ചർച്ച നടത്തിയിരുന്നു. എന്നാൽ തുടർച്ചയായി ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചതോടെയാണ് ബി.ജെ.പി ബന്ധമുപേക്ഷിച്ച് അദ്ദേഹം കോൺഗ്രസിലെത്തിയത്.