/sathyam/media/media_files/2025/01/27/ACnTum63I9ptJq0yxkZx.jpg)
തിരുവനന്തപുരം: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് എൻ.സി.പി തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയ്‌ക്കെതിരെ രൂക്ഷ വിമർശനം.
രാവിലെ തുടങ്ങിയ യോഗം ഉച്ചയ്ക്ക് ശേഷം തുടർന്നപ്പോൾ വിമർശനം കടുത്തതോടെ അലസിപ്പിരിയുകയായിരുന്നു.
സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജിയാണ് വിമർശനം തുടങ്ങിവെച്ചത്.
മന്ത്രിയെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനവസരത്തലായിരുന്നുവെന്നും ഇത് പാർട്ടിയെ തളർത്തിയെന്നുമായിരുന്നു വിമർശനത്തിന്റെ കാതൽ.
തുടർന്ന് സംസാരിച്ച 13 ജില്ലാ, ബ്ലോക്ക് ഭാരവാഹികളും ഇതിനെ അനുകൂലിച്ചു. ചാക്കോയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയും വിമർശനമുയർന്നു. സംസ്ഥാന ഭാരവാഹികളെ മതിയായ കാരണമില്ലാതെ സസ്‌പെന്റ് ചെയ്ത നടപടിക്കെതരെയും ചോദ്യമുയർന്നു.
ജില്ലാ അദ്ധ്യക്ഷൻമാർ അറിയാതെ ജില്ലാ ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് നിയമിക്കുന്ന നടപടി ശരിയല്ല. ആരോടും കൂടിയാലോചനയില്ല. ഇതൊരു ജനാധിപത്യ സംഘടനയാണ്.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായി നിലപാടെടുത്തവരുടെ സംഘടനയാണിത്.
ചാക്കോയുടെ ഏകാധിപത്യ ശൈലി നടപ്പാക്കാൻ പറ്റില്ലെന്നും ചർച്ചയിൽ പങ്കെടുത്ത പാർട്ടി ഭാരവാഹികൾ ഭൂരിപക്ഷവും വ്യക്തമാക്കി.
എന്നാൽ മന്ത്രിമാറ്റം പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനമായിരുന്നുവെന്നാണ് ചാക്കോ മറുപടി നൽകിയത്. അതിനെ അംഗീകരിക്കാൻ പിണറായി തയ്യാറായില്ല.
ഇതിനെ നേരിടാൻ പാർട്ടിക്ക് അറിയാത്തത് കൊണ്ടല്ലെന്നും പാർട്ടി ഇപ്പോൾ എൽ.ഡി.എഫ് വിടാൻ തീരുമാനച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.
ശരദ് പവാർ പോകും. സംസ്ഥാന ഘടകം പ്രാദേശിക പാർട്ടിയായി ചുരുങ്ങുമെന്നും അതിന്റെ സൂചനകൾ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്നും ചാക്കോ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇതുണ്ടാവും.
പവാർ പോയാൽ പാർട്ടിയുടെ ചിഹ്നം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാവാത്ത അവസ്ഥയുണ്ടാവും.
കേന്ദ്രനേതൃത്വം എല്ലാ സംസ്ഥാന ഘടകങ്ങളിലെയും അദ്ധ്യക്ഷൻമാരെ ഈ മാസം 31ന് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അപ്പോൾ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ തീരുമാനമെടുക്കേണ്ടി വരും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുമായി കൂടിയാലോചനകൾ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനെ മാറ്റി മറ്റൊരാളെ നിയമിച്ചത് കമ്മിറ്റി അംഗീകരിച്ചിട്ടില്ല. നിലവിലെ അദ്ധ്യക്ഷനെ നീക്കി പകരം ചുമതല അഡ്വ. സതീഷ് കുമാറിനാണ് നൽകിയത്.
കേരള കോൺഗ്രസിൽ നിന്നും അടുത്തയിടെ പാർട്ടിയിലെത്തിയ ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പടി കടക്കാൻ അനുവദിക്കില്ലെന്നും ചില ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിന് ശേഷം തുടങ്ങിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റിക്കെതിരെ കഴമ്പില്ലാത്ത വിമർശനം ഉന്നയിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അംഗങ്ങൾ പ്രതിഷേധവുമായി കൂട്ടത്തോടെ എഴുന്നേറ്റു.
സംസ്ഥാന നേതൃത്വത്തെയും തീരുമാനങ്ങളെയും വിമർശിക്കുന്ന നടപടി ജില്ലാ ഭാരവാഹികളിൽ നിന്നുമുണ്ടായതോടെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോകാൻ എഴുന്നേറ്റ ചാക്കോയെ ജില്ലാ ഭാരവാഹികൾ വളഞ്ഞുവെച്ച് വിമർശിച്ചു.
തുടർന്ന് അവരെ ഒഴിവാക്കി ചാക്കോ പോയതോടെ യോഗം അലസിപ്പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
മന്ത്രിമാറ്റം സംബന്ധിച്ച് പാർട്ടി നേതൃത്വത്തെ ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗവും വിമർശിച്ചതാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
പി.എസ്.സി അംഗത്വം : ചിലർ കോഴ വാങ്ങിയെന്ന് ചാക്കോ
പാർട്ടിയുടെ നോമിനിയായി പി.എസ്.സി അംഗമായ വി.ആർ രമ്യയുടെ പിതാവിൽ നിന്ന് അവരുടെ നിയമനത്തിന് ചിലർ കോഴ വാങ്ങിയെന്ന കുറ്റസമ്മതം നടത്തി പി.സി ചാക്കോ.
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട കോഴയാരോപണം ഉന്നയിക്കപ്പെട്ടതോടെയാണ് ചാക്കോ ഇതിന് മറുപടി പറയാൻ നിർബന്ധിതനായത്.
തന്റെ സഹായിയായി കൂടിയായിരുന്ന വ്യക്തിയാണ് കോഴ വാങ്ങിയത്. ഇത് തിരിച്ചറിഞ്ഞതോടെ താൻ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും ചാക്കോ പറഞ്ഞു.
രമ്യയുടെ പിതാവ് പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണ്. നിയമനം നടക്കുമ്പോൾ രമ്യ നാഷണലിസ്റ്റ് വനിതാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
വനം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം കൂടിയായിരുന്നു കുറ്റാരോപിതനായ വ്യക്തി. നിയമനം സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടന്നിരുന്നു.