തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് കോൺഗ്രസ് ഭാരവാഹിത്വം. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരുടെ കാലത്ത് കമ്മിറ്റികളിൽ ഉൾപ്പെട്ടവർക്കാണ് പുന:സംഘടനയ്ക്ക് മുമ്പായി പുതിയ ഭാരവാഹിത്വം ലഭിച്ചത്.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവരെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റുമാരായാണ് നിയമിച്ചിട്ടുള്ളത്.
ഡീൻ കുര്യാക്കോസിന്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്ക് ഡി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളും നൽകിയിട്ടുണ്ട്.
പുന:സംഘടന നടക്കാനിരിക്കെ ലഭിച്ച ഭാരവാഹിത്വത്തിലൂടെ ചിലർക്കെങ്കിലും പാർട്ടിയിൽ മികച്ച പദവികൾക്ക് അവസരമൊരുങ്ങുകയാണ്.
രണ്ട് മുൻ പ്രസിഡന്റുമാരുടെ കാലത്തെ ഭാരവാഹികൾക്ക് പാർട്ടിയിൽ പുതിയ സ്ഥാനങ്ങൾ ലഭിച്ചപ്പോൾ അതിനും മുമ്പ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന പി.സി വിഷ്ണുനാഥിന് ഒപ്പമുള്ളവർ പെരുവഴിയിലായി.
അദ്ദേഹത്തിനൊപ്പം കമ്മിറ്റിയിലുണ്ടായിരുന്നവർ എം.പിമാരും എം.എൽ.എമാരുമായെങ്കിലും മറ്റ് ഭാരവാഹികളിൽ പത്തോളം പേർക്ക് പാർട്ടിയിൽ വേണ്ട നിയമനം ലഭിച്ചിട്ടില്ല.
ഇത് വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പാർട്ടി പുന:സംഘടന പൂർത്തിയാകാനിരിക്കെയാണ് നിലവിലെ ക്രമീകരണം.