തിരുവനന്തപുരം : പാർട്ടികളിൽ പരമാവധി യുവാക്കളെ ഉൾക്കൊള്ളിച്ചും ജില്ലകൾ പകുത്ത് ചുമതലകൾ നൽകിയും പാർട്ടി സംഘടനാ സ്വാധീനം ബി.ജെ.പി, സി.പി.എം കക്ഷികൾ ഉയർത്തുമ്പോൾ കോൺ്രഗസിൽ പുന:സംഘടന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നുള്ള തർക്കത്തിനിടെ പാർട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ എവിടെയും എത്തിയിട്ടില്ല.
പത്ത് വർഷക്കാലം അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഒത്തൊരുമയോടെ ചെയ്യേണ്ട പാർട്ടി നേതാക്കൾ പലവഴിയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ 60 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളും പിടിക്കണമെന്നാണ് വയനാട് നേതൃക്യാമ്പിൽ കോൺഗ്രസ് തീരുമാനമെടുത്തത്.
അതിന്റെ ഭാഗമായുള്ള 'മിഷൻ 2025' എന്ന പരിപാടിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാൽ പല ജില്ലകളിലും ഇക്കാര്യങ്ങൾ ഉപരിപ്ലവമായി മാത്രമാണ് നടക്കുന്നതെന്നും വിമർശനമുണ്ട്.
പാർട്ടി പുന:സംഘടന സംബന്ധിച്ച ചർച്ചകൾ പൂർത്തയാക്കി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അദ്ധ്യക്ഷ ദീപദാസ് മുൻഷി മടങ്ങിയെങ്കിലും ഇക്കാര്യത്തിലുള്ള നടപടകൾ ഇനിയും താമസിക്കുകയാണ്.
ഇതോടൊപ്പം ചർച്ചയിലുണ്ടായിരുന്ന കെപിസിസി നേതൃമാറ്റ ചർച്ചകൾ പാർട്ടിക്കുള്ളിൽ രാഷ്ട്രീയ വിവാദമായതോടെ തൽക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ഉയർന്ന് വന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കവും പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ഹൈക്കമാന്റിന്റെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. ഇത് തുടരാനാവില്ലെന്ന സന്ദേശവും നേതൃത്വം നൽകിക്കഴിഞ്ഞു.
മറുവശത്ത് 14 ജില്ലകളെ 30 എണ്ണമായി വിഭജിച്ച് ബി.ജെ.പി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയാണ്.
ഭൂരിഭാഗം ഇടങ്ങളിലും യുവാക്കളെ ജില്ലാ അദ്ധ്യക്ഷൻമാരാക്കി പുതിയ കാലത്തെ പ്രവർത്തനങ്ങൾക്ക് അവർ ചടുലത വർധിപ്പിക്കുകയാണ്.
തിരുവനന്തപുരം, പാലക്കാട് കോർപ്പറേഷനുകൾക്ക് പുറമേ തൃശ്ശൂരിലും അവർ കണ്ണുവെച്ചു കഴിഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനത്തെ മറികടക്കാൻ ഒരു ജില്ലയിലും നിലവിൽ കോൺ്രഗസിന് കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്ത് വരുന്നത്. എ.ഐ.സി.സി ഇതിനെ ഗൗരവമായി എടുത്തു കഴിഞ്ഞു.
ഇതിനൊപ്പം സമ്മേളനങ്ങൾ നടത്തി പാർട്ടി സംഘടനാ ചട്ടക്കൂടിന് കരുത്തു പകരുന്ന സി.പി.എം മൂന്നാം തവണയും സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസമാണ് അണികൾക്ക് നൽകുന്നത്.
നിലവിൽ സർക്കാരിനെതിരായുള്ള ആരോപണങ്ങൾ കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളിലൂടെ മറികടന്ന് മുന്നോട്ട് പോകാമെന്നും അവർ വിലയിരുത്തുന്നു.
പാർട്ടി പുന:സംഘടനയിലൂടെ കൂടുതൽ യുവത്വത്തിലേക്ക് കോൺഗ്രസ് കടക്കുന്നില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കോൺഗ്രസ് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
ഇന്ന് പഴയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നാമമാത്രമായി ബ്ളോക്ക് / ഡിസിസി പദവികൾ നൽകിയിട്ടുണ്ടെങ്കിലും അർഹരായ അനേകർ പുറത്തു നിൽക്കുകയാണ്.