തിരുവനന്തപുരം: കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പാലക്കാട് കഞ്ചിക്കോട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ ഉരുണ്ടുകളിച്ച് സർക്കാർ.
കേരളത്തിൽ പുതുതായി ബ്രുവറിയും ഡിസ്റ്റിലറിയും അനുവദിക്കുന്നെന്ന് സ്വകാര്യ കമ്പനി എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിനാണ് സർക്കാരിന് മറുപടിയില്ലാത്തത്.
ബ്രുവറിക്കായി ഒയാസിസ് എന്ന കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് കോടതിയിൽ എങ്ങനെ വിശദീകരിക്കുമെന്ന് അറിയാതെ വിയർക്കുകയാണ് സർക്കാർ.
പത്രങ്ങളിൽ വിജ്ഞാപനം ഇറക്കുകയോ വെബ്സൈറ്റിൽ ഒരു അറിയിപ്പ് നൽകുകയോ പോലും ചെയ്തിരുന്നില്ല. ബ്രൂവറി, ഡിസ്റ്റിലറികൾ പുതുതായി അനുവദിക്കുമെന്ന് മദ്യ നയത്തിലും പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കൂട്ടുമെന്നാണ് പ്രഖ്യാപനം.
എന്നാൽ മദ്യനയം മാറിയെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ മദ്യനയം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നും രഹസ്യമായി വയ്ക്കേണ്ട കാര്യമെന്തെന്നും പ്രതിപക്ഷം ചോദിക്കുന്നു. അഴിമതിയാരോപണം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
ഒയായിസ് കമ്പനിയെ ബ്രൂവറി, ഡിസ്റ്റിലറിക്കായി തിരഞ്ഞെടുത്തതിൽ അഴിമതിയെന്ന് ആരോപണമുയരവേ, ബ്രുവറി അനുവദിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും മന്ത്രി പി.രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നൽകിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പർവതീകരിക്കുകയാണ്.
കേരളത്തിൽ ബ്രൂവറി തുടങ്ങുന്നെന്ന് ഒയായിസ് കമ്പനി എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് ബ്രുവറിക്ക് അനുമതി നൽകുന്നുണ്ടെന്ന് ഒയായിസ് കമ്പനി അറിഞ്ഞത് എങ്ങനെയെന്ന് മാധ്യമങ്ങൾ പറയണം എന്നായിരുന്നു രാജീവിന്റെ മറുപടി.
വ്യവസായം തുടങ്ങാൻ എവിടെയാണ് ടെൻഡർ വിളിക്കുന്നത് ? വേറെ കമ്പനികൾ അപേക്ഷിച്ചാലും ചട്ടപ്രകാരം അനുമതി നൽകും. നിയമവിരുദ്ധമായി വ്യവസായങ്ങൾക്ക് അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു.
നടപ്പുവർഷത്തെ മദ്യനയം പ്രഖ്യാപിക്കാതെയാണ് ബ്രുവറി-ഡിസ്റ്റിലറിക്ക് , സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത്.
ബിയർ നിർമ്മാണത്തിനുള്ള ബ്രുവറി, മദ്യനിർമ്മാണത്തിനുള്ള ഡിസ്റ്റിലറി, വൈൻ നിർമ്മാണത്തിനുള്ള വൈനറി എന്നിവയാണ് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുവദിച്ചത്.
ഡൽഹി മദ്യനയക്കേസിൽ ആരോപണ വിധേയമായ കമ്പനിയാണിതെന്ന വിവരം പിന്നീട് പുറത്തുവന്നു.
അഴിമതിയാരോപണത്തെ തുടർന്ന് 2018ൽ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചിരുന്നു.
ബ്രുവറിക്ക് പുറമെ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി- വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസിന് പ്രാരംഭാനുമതി നൽകിയത്.
നിലവിലുള്ള മാർഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. ബ്രുവറികൾ പ്രവർത്തിക്കുന്നതിനുള്ള എഫ്എൽ 13 ലൈസൻസ് ഇപ്പോൾ തന്നെ എക്സൈസ് ചട്ടത്തിലുണ്ട്.
വിവാദം ഭയന്നാണ് പിന്നോട്ടുപോക്ക്. ഐടി പാർക്കുകൾക്ക് അനുബന്ധമായി പബ്ബുകൾ അനുവദിക്കുന്നതിനു മുന്നോടിയായാണ് ബ്രുവറികൾക്കുള്ള അനുമതിയെന്നാണ് സൂചന.
ജലലഭ്യത, പരിസ്ഥിതി പ്രശ്‌നം, സുരക്ഷ എന്നിവയെക്കുറിച്ച് ജില്ലാ അധികൃതരുടെ റിപ്പോർട്ടും അപേക്ഷകന്റെ പ്രവൃത്തിപരിചയം, സാമ്പത്തികശേഷി എന്നിവയും പരിഗണിച്ച് എക്സൈസ് കമ്മിഷണർ നൽകുന്ന ശുപാർശയിലായിരിക്കണം ബ്രുവറി, ഡിസ്റ്റിലറി അനുവദിക്കേണ്ടതെന്നാണ് ചട്ടമെങ്കിലും വ്യവസ്ഥകളെല്ലാം ഒഴിവാക്കി എക്സൈസ് വകുപ്പ് നേരിട്ട് വിവരങ്ങൾ ശേഖരിച്ച് അപേക്ഷയിൽ അതിവേഗം അനുമതി നൽകുകയായിരുന്നുവെന്നാണ് പരാതിയുയർന്നത്.
എറണാകുളത്തെ പവർ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, തൃശൂർ ശ്രീചക്ര ഡിസ്റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ് എന്നിവയടക്കം കമ്പനികൾ അനുമതികൾക്കായി രംഗത്തുണ്ടെന്ന് സൂചനയുണ്ട്.