/sathyam/media/media_files/2025/01/28/sZOyOwNiG1UeAKPhCJx7.jpg)
തിരുവനന്തപുരം: സുപ്രീംകോടതി തള്ളിക്കളഞ്ഞ ശിക്ഷായിളവാണ് കാരണവർ വധക്കേസിലെ പ്രതി ഷെറിന് പിണറായി സർക്കാർ നൽകുന്നത്. ജയിലിൽ സദാസമയവും കുഴപ്പക്കാരിയായിരുന്നിട്ടും നല്ലനടപ്പാണെന്ന റിപ്പോർട്ടാണ് പ്രൊബേഷണറി ഓഫീസറും പോലീസും ജയിൽ ഉപദേശക സമിതിയും നൽകിയത്.
ഷെറിന് ശിക്ഷായിളവ് നൽകി മോചിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയത് ഒരു മന്ത്രിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാവൂ.
എന്നാൽ മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശ പ്രകാരമായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ മന്ത്രിസഭാ ശുപാർശ ഗവർണർ തടഞ്ഞുവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഭാസ്കര കാരണവർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ, കാരണവരുടെ മരുമകളും ഒന്നാം പ്രതിയുമായ ഷെറിൻ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്.
ജഡ്ജിമാരായ എസ്.എ.ബോബ്ഡെ, എൽ.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
വിചാരണയ്ക്കിടെ ക്രിമിനൽ നടപടി ചട്ടത്തിലെ 313ാം വകുപ്പു പ്രകാരം നൽകിയ പ്രസ്താവനയിൽ, കൊലപാതകത്തിൽ തനിക്കുള്ള പങ്ക് ഹർജിക്കാരി സമ്മതിച്ച സ്ഥിതിക്ക് മറ്റു വശങ്ങൾ പരിശോധിക്കുന്നതിന് ഇടപെടാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
2009 നവംബർ ഏഴിനു രാത്രിയാണു ചെങ്ങന്നൂരിലെ വീട്ടിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഷെറിന്റെ മൂന്നു സുഹൃത്തുക്കളാണു കൊലനടത്തിയതെന്നും അവരെ അതിനു പ്രേരിപ്പിക്കുന്നതിലും ഗൂഢാലോചനയിലും ഷെറിനു പങ്കുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
രണ്ടാം പ്രതി ബാസിത് അലിയെ വിളിച്ചുവരുത്തിയതു താനാണെന്നും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു അതെന്നുമാണു ഷെറിൻ വിചാരണക്കോടതിയിലെ പ്രസ്താവനയിൽ പറഞ്ഞത്. ബാസിത് അലിയാണു മറ്റു പ്രതികളെ വിളിച്ചുവരുത്തിയത്.
താൻ കിടപ്പുമുറിയിലേക്കു പോയശേഷം, തങ്ങൾ വന്നകാര്യം ആരോടും പറയരുതെന്ന് അവർ ഫോണിലൂടെ രണ്ടുതവണ ആവശ്യപ്പെട്ടെന്നും ഭർതൃപിതാവ് മരിച്ച വിവരം പിറ്റേന്നു രാവിലെയാണ് അറിഞ്ഞതെന്നും ഷെറിൻ പറഞ്ഞിരുന്നു.
നാലു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഷെറിൻ മാത്രമാണു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീംകോടതി തള്ളിയ അപ്പീലാണ് പിണറായി സർക്കാർ അനുവദിച്ച് ശിക്ഷായിളവ് നൽകിയത്.
ആറു വർഷത്തിനിടെ 22 തവണയായി ഷെറിന് ലഭിച്ചത് 444 ദിവസത്തെ പരോളാണ്. 2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോൾ.
2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ.
ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്കു നൽകിയ ആദ്യ പട്ടികയിലും ഇവർ ഇടം നേടിയിരുന്നു.
സുപ്രീംകോടതിയിൽ നിന്നെത്തുന്ന അഭിഭാഷകനെ കാണാൻ 10 ദിവസത്തെ പരോൾ വേണമെന്ന ആവശ്യം അംഗീകരിച്ചില്ല.
തടവുകാർക്കു ജയിലിൽ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം.
ഇതിനെല്ലാം അവസരമുള്ളപ്പോൾ ഈ ആവശ്യത്തിനു പരോൾ നൽകാൻ പാടില്ലെന്നു വനിതാ ജയിൽ സൂപ്രണ്ട് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.
എന്നാൽ ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകാനും വേണ്ട നടപടി സൂപ്രണ്ട് സ്വീകരിക്കാനും ഉത്തരവു നൽകി ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ചു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി.
അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വിവാദമായിരുന്നു.
ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി.
ഇപ്പോഴും ജയിലിൽ കുഴപ്പക്കാരിയാണ് ഷെറിൻ. എന്നിട്ടും ജയിൽ ഉപദേശക സമിതി നല്ലനടപ്പ് കണക്കിലെടുത്ത് ശിക്ഷായിളവിന് ശുപാർശ ചെയ്യുകയായിരുന്നു.
ഭാസ്‌കര കാരണവരുടെ സ്വത്തിൽ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവർ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് കൊല നടത്തിയതെന്നാണ് കേസ്.
ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.