തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്. അനുമതി നൽകിയതിൽ മറ്റ് വകുപ്പുകളുമായി ആശയവിനിമയം നടന്നില്ലെന്ന് കാബിനറ്റ് നോട്ടിൽ പറയുന്നു. കൃഷി-ജല വകുപ്പുകളുമായി ആലോചിച്ചില്ല.
സർക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതേയില്ല.
മുന്നണിയിലും ചർച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകൾ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷം ചോദിച്ചു.
മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 20 വർഷമായി നടത്തിവിജയിപ്പിച്ച പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്.
പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യ നയ കോഴക്കേസിൽ അറസ്റ്റിലായതും ഹരിയാനയിൽ നാലു കിലോമീറ്റർ ദൂരത്തിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി ഭൂഗർഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂർവം മറച്ചുവച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.