തിരുവനന്തപുരം: മലയാളികൾക്ക് ഏറ്റവും പരാതിയുള്ളത് ഓട്ടോക്കാരെക്കുറിച്ചായിരിക്കും. അമിത നിരക്ക് ഈടാക്കൽ, ഓട്ടം വിളിച്ചാൽ വരാതിരിക്കൽ, മീറ്ററിടാതെയുള്ള ഓട്ടം എന്നിങ്ങനെ പരാതി പ്രളയമാണ് ഓട്ടോക്കാർക്കെതിരെ.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ഓട്ടോക്കാർക്കെതിരേ പരാതി കൂടുതൽ. എന്നാൽ കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാർ മാന്യന്മാരായാണ് അറിയപ്പെടുന്നത്.
എന്നാൽ ഓട്ടോക്കാരുടെ പരാക്രമത്തിന് മൂക്കുകയറിടാൻ ഒരുങ്ങുകയാണ് സർക്കാർ.
ഇനി മുതൽ ഓട്ടോയിൽ മീറ്ററിടാതെയുള്ള സവാരിക്ക് പണം നൽകേണ്ടെന്നാണ് ജനങ്ങൾക്കുള്ള സർക്കാരിന്റെ നിർദ്ദേശം.
യാത്രാ നിരക്ക് കാണിക്കുന്ന മീറ്റർ ഓട്ടോയിൽ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമായിരിക്കുമെന്ന് ഓട്ടോറിക്ഷയിൽ സ്റ്റിക്കർ പതിപ്പിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല.
/sathyam/media/media_files/2025/01/29/4TzslVgtLoruC9xMn1J3.jpg)
ഉത്തരവിറങ്ങുന്നതോടെ സി.ഐ.ടി.യു അടക്കം ഡ്രൈവർമാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്താൻ സാദ്ധ്യതയുള്ളതിനാൽ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.
അമിത യാത്രാക്കൂലി ഈടാക്കുന്നതായി നൂറുകണക്കിന് പരാതികളാണ് മോട്ടോർ വാഹനവകുപ്പിന് ലഭിക്കുന്നത്. ഇതിൽ നടപടികൾ കുറവാണ്. തൊഴിലാളി സംഘടനകളുടെ സ്വാധീനം തന്നെയാണ് കാരണം.
ഇത് സംസ്ഥാനത്തിനു തന്നെ നാണക്കേടായതോടെയാണ് കടുത്ത നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങുന്നത്. എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്കുകൾ കാട്ടുന്ന ബോർഡ് സ്ഥാപിക്കും.
അമിതകൂലി വാങ്ങിയാൽ കർശന നടപടിയുണ്ടാവും. ആർ.ടി.ഒ.മാരും ജോയിന്റ് ആർ.ടി.ഒ.മാരും കർശന നിരീക്ഷണം നടത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.
/sathyam/media/media_files/2025/01/29/ScwBiOhGW0I5lMbtKnug.jpg)
നിലവിൽ കേരളത്തിൽ ഒന്നര കിലോമീറ്ററിന് 30 രൂപ എന്നതാണ് മിനിമം ചാർജ്. എന്നാൽ മിക്കയിടത്തും 40ഉം 50ഉം രൂപ വാങ്ങുന്നുണ്ട്.
ചെറിയ ഓട്ടങ്ങൾ പോവാതാരിക്കുക, അഥവാ പോയാൽ തന്നെ കഴുത്തറുപ്പൻ കൂടിയീടാക്കുക, റിട്ടേൺ കൂടി ചേർത്തുള്ള പണം വാങ്ങുക എന്നിങ്ങനെ പരാതികളാണ് അധികവും. ഇതിന് പരിഹാരമായാണ് മീറ്റർ നിർബന്ധമാക്കുന്നത്.
എന്നാൽ നഗരങ്ങളിൽ മീറ്ററിട്ട് ഓടുമെങ്കിലും ഗ്രാമപ്രദേശങ്ങളിൽ മീറ്റർ സംവിധാനമേയില്ല. പേരിന് മീറ്റർ ഓട്ടോയിലുണ്ടാവുമെങ്കിലും അത് പ്രവർത്തിപ്പിക്കാറില്ല.
വെയ്റ്റിംഗ് ചാർജ് എന്ന പേരിലും രാത്രി സവാരിക്കെന്ന പേരിലും വൻതുക ഈടാക്കുന്നതും തടയുമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
പരാതി അറിയിക്കാനുള്ള നമ്പറുകളും ഓട്ടോയിൽ പ്രദർശിപ്പിക്കാനും അതിലൂടെ പ്രശ്നങ്ങൾ ഒരളവു വരെ പരിഹരിക്കാനാവുമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.
കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
/sathyam/media/media_files/2025/01/29/lz8jSm207M8m4bt9wVeg.jpg)
വൈറ്റിലയില്‍നിന്ന് എം.ജി. റോഡിലേക്ക് ഉബർ കാറില്‍ സഞ്ചരിച്ചപ്പോള്‍ 210 രൂപയാണ് ചാര്‍ജ് വാങ്ങിയതെന്നും എന്നാല്‍ ഇതേദൂരം ഓട്ടോയില്‍ സഞ്ചരിച്ചപ്പോള്‍ 450 രൂപയാണ് ചോദിച്ചതെന്നും സന്തോഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ചാര്‍ജ് കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടവും സിനിമാക്കരനല്ലേ, മരണനടനല്ലേ എന്ന പരിഹാസ ചോദ്യവുമാണുണ്ടായതെന്നും നടന്‍ പറഞ്ഞു. എന്നാൽ മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികളുണ്ടെന്നും സന്തേഷ് ഫേസ്ബുക്കില്‍ കുറിച്ചു.