Advertisment

ബ്രൂവറി വരുന്നത് ഒറ്റ വകുപ്പും അറിഞ്ഞില്ലെന്ന രേഖ സതീശൻ പുറത്തുവിട്ടത് സർക്കാരിന് തലയ്ക്കടിയായി. വിചിത്ര വാദങ്ങളുമായി മന്ത്രിമാർ. മന്ത്രിസഭയിൽ വച്ചാൽ പിന്നെ ഫയൽ ഏത് വകുപ്പ് കാണണമെന്ന് മന്ത്രി രാജീവ്. ഭരണചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാത്ത ഉത്തരവ് കോടതിയിൽ തിരിച്ചടിയാവും. മദ്ധ്യപ്രദേശിലെ കമ്പനി എങ്ങനെ പാലക്കാട്ടേക്കെത്തി എന്ന സതീശന്റെ ചോദ്യത്തിന് ഉത്തരംമുട്ടി സർക്കാർ

മന്ത്രിസഭയിലെ അംഗങ്ങളെയും മുന്നണിയിലെ ഘടക കക്ഷികളെയും ബോദ്ധ്യപ്പെടുത്താതെ ബ്രൂവറി തീരുമാനം എങ്ങനെ എടുത്തു എന്നതാണ് ഇപ്പോഴും സംശയകരം.

New Update
card cabinet satheesan rajesh

തിരുവനന്തപുരം: ഒറ്റ വകുപ്പിനെപ്പോലും അറിയിക്കാതെ, മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്നാണ് പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നൽകിയതെന്ന രേഖകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുറത്തുവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലായി സർക്കാർ.

Advertisment

പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ അനുമതി നൽകിയതെന്നും നാടിന് ആവശ്യമായ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പറഞ്ഞ് മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി.


പക്ഷേ വിചിത്ര വാദവുമായാണ് വ്യവസായ മന്ത്രി പി.രാജീവ് രംഗത്തു വന്നത്.  


ബ്രുവറിയും ഡിസ്റ്റിലറിയും അനുവദിക്കാനുള്ള ഫയൽ വ്യവസായ മന്ത്രി പോലും കണ്ടിട്ടില്ലല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രാജീവിന്റെ വിചിത്രവാദങ്ങൾ. മന്ത്രിസഭ ഫയൽ പരിഗണിച്ച സ്ഥിതിക്ക് വേറെ ഏത് വകുപ്പ് കാണമെന്നായിരുന്നു രാജീവിന്റെ മറുചോദ്യം.

മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുമ്പോൾ ഏത് വകുപ്പിനോടാണ് ആലോചിക്കേണ്ടിയിരുന്നത് ? പിന്നെ മന്ത്രിസഭ എന്തിനാണ് ? മന്ത്രിസഭയിൽ ഫയൽ വച്ചപ്പോൾ എല്ലാ വകുപ്പുകൾക്കും മുന്നിൽ എത്തിയില്ലേ ? വ്യവസായം തുടങ്ങാൻ ടെൻഡർ വിളിക്കുന്നത് ലോകത്തെവിടെയെങ്കിലുമുണ്ടോ ? ഇങ്ങനെയായായിരുന്നു രാജീവിന്റെ മറുപടികൾ.


ഫയൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോൾ എല്ലാ മന്ത്രിമാരും ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. 


സാമ്പത്തിക ബാദ്ധ്യതയുള്ള തീരുമാനങ്ങൾ ധനവകുപ്പിനോടും നിയമപ്രശ്നങ്ങളുള്ളവ നിയമ വകുപ്പിനോടുമാണ് ആലോചിക്കേണ്ടത്. എന്നാൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടതാണ് മദ്യനയം. ഇതിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണ് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

ബ്രുവറിക്ക് അനുമതി നൽകുന്നതിനെക്കുറിച്ച്  പഞ്ചായത്തിനെ കെ.എസ്.ഐ.ഡി.സി വിവരമറിയിച്ചിരുന്നെന്നും കെ.എസ്.ഐ.ഡി.സി വ്യവസായ വകുപ്പിന്റെ കീഴിലല്ലേയെന്നും മന്ത്രി രാജീവ് ചോദിച്ചു.


എന്നാൽ മന്ത്രിസഭയിൽ ചർച്ച ചെയ്ത് മന്ത്രിമാരെല്ലാം കൂട്ടായി എടുത്ത തീരുമാനമാണെങ്കിൽ സി.പി.ഐ അടക്കം ഘടക കക്ഷികൾ ബ്രൂവറി തീരുമാനത്തെ എതിർക്കുന്നതെന്നാണ് മറുചോദ്യം. 


മന്ത്രിസഭയിലെ അംഗങ്ങളെയും മുന്നണിയിലെ ഘടക കക്ഷികളെയും ബോദ്ധ്യപ്പെടുത്താതെ ബ്രൂവറി തീരുമാനം എങ്ങനെ എടുത്തു എന്നതാണ് ഇപ്പോഴും സംശയകരം.

 പുതിയ മദ്യനയം വരുന്നതിനു മുൻപ് ഒയാസിസ് കമ്പനി എങ്ങനെയാണ് എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതെന്നും ഈ കമ്പനിക്കു വേണ്ടി സർക്കാർ മദ്യനയം മാറ്റുകയായിരുന്നെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചത്.  


ഒരു വകുപ്പും അറിയാതെ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയത്. ഇത് തെളിയിക്കാൻ ക്യാബിനറ്റ് നോട്ടും സതീശൻ പുറത്തുവിട്ടു.  


മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ ‌രഹസ്യമായി മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയത് എന്തിനെന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല. പാലക്കാട് ജില്ലയിൽ സമാനമായ ബിസിനസ് നടത്തുന്ന ഡിസ്റ്റിലറികൾ പോലും അറിയാതെ എങ്ങനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസിസ് കമ്പനി മാത്രം ഇതറിഞ്ഞത്?

പുതിയ മദ്യനയം വരുന്നതിന് മുൻപ് എങ്ങിനെയാണ് ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയത്? കോളജ് തുടങ്ങാൻ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അപ്പോൾ ഒയാസിസ് കമ്പനിക്ക് മദ്യനിർമാണ ശാല അനുവദിക്കാൻ വേണ്ടി മാത്രം മദ്യനയം മാറ്റുകയായിരുന്നു- സതീശൻ പറഞ്ഞു.


മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ പ്രശംസിക്കുന്നുണ്ട്. 20 വര്‍ഷത്തെ പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്. 


അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമനടപടി നേരിടുന്നതും മറച്ചുവച്ചു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന മദ്യനയത്തിലെ വ്യവസ്ഥയുടെ മറവിൽ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത് എങ്ങനെ എന്ന ചോദ്യത്തിനും മറുപടിയില്ല.

അതേസമയം, ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക.

പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. പ്ലാന്റിന് അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കും- മന്ത്രി പറഞ്ഞു.

Advertisment