/sathyam/media/media_files/2025/01/30/Y5PgW6bZslk0Qb1QAbxh.jpg)
തിരുവനന്തപുരം: ജില്ലാ ഘടകങ്ങളുടെ എതിർപ്പ് ഇല്ലാതാക്കി എലപ്പുളളിയിലെ വൻകിട മദ്യനിർമ്മാണശാല സ്ഥാപിക്കുന്നതിൽ സർക്കാരിന് പിന്തുണ നൽകാൻ ജനതാദൾ എസ് സംസ്ഥാന ഘടകം തീരുമാനിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹിയോഗത്തിലാണ് ബ്രൂവറി വിവാദത്തിൽ സർക്കാരിനെ സർവാത്മനാ പിന്തുണക്കാൻ ജനതാദൾ എസ് തീരുമാനിച്ചത്.
എലപ്പുളളിയിൽ സ്ഥാപിക്കുന്ന വൻകിട മദ്യനിർമ്മാണ ശാല ജല ചൂഷണം നടത്തില്ലെന്ന മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഉറപ്പിലാണ് പദ്ധതിയോടുളള ജില്ലാ ഘടകങ്ങളുടെ എതിർപ്പ് അലിഞ്ഞില്ലാതായത്.
കമ്പനി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്നും സിപിഐയുടെ എതിർപ്പ് തെറ്റിദ്ധാരണ കൊണ്ടാണെന്നും കെ.കൃഷ്ണൻകുട്ടി യോഗത്തെ അറിയിച്ചു.
മന്ത്രിസഭയിൽ പദ്ധതിയുടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തിരുന്നു. എല്ലാ പദ്ധതിയെയും എതിർത്താൽ നാട്ടിൽ ഒരു വ്യവസായങ്ങളും ഉണ്ടാകില്ല.
അതുകൊണ്ട് പദ്ധതിയുടെകാര്യത്തിൽ സർക്കാരിനെ പിന്തുണക്കണമെന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടിയുടെ അഭ്യർത്ഥന. ഇതോടെയാണ് പദ്ധതിയെ എതിർത്ത് നിന്നിരുന്ന ജില്ലാ ഘടകങ്ങൾ വഴങ്ങിയത്.
ജല ചൂഷണം പോലുള്ള പാരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കേരളത്തിലെ ജനതാദൾ. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾ ബലികഴിക്കാനും അതിൽ നിന്ന് പിന്നോട്ട് പോകാനും ആകില്ലെന്നായിരുന്നു യോഗാരംഭത്തിൽ വിവിധ ജില്ലാ ഘടകങ്ങൾ സ്വീകരിച്ച നിലപാട്.
പാലക്കാട് ജില്ലാ ഘടകവും ഈ നിലപാടിൽ തന്നെയായിരുന്നു.പദ്ധതി ചർച്ചക്ക് വന്നപ്പോൾ മന്ത്രിസഭാ യോഗത്തിൽ ഒന്നും പറയാതെ മൗനം പാലിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ നടപടി വേണമെന്നും മന്ത്രിയെ മാറ്റണമെന്നുമുളള ആവശ്യം ജില്ലാ പ്രസിഡന്റുമാർ രേഖാമൂലം സംസ്ഥാന അധ്യക്ഷനെ അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ഭാരവാഹി യോഗം ആരംഭിച്ചപ്പോഴും ബ്രൂവറി വിഷയത്തിൽ വിശദ ചർച്ച വേണമെന്ന ആവശ്യമുയർന്നു.
കൊക്കക്കോള കമ്പനിക്കെതിരെ സമരം ചെയ്ത ജെഡിഎസ് എങ്ങനെ ബ്രുവറിയെ പിന്തുണയ്ക്കുമെന്നായിരുന്നു ജില്ലാ അധ്യക്ഷന്മാർ ഉന്നയിച്ച ചോദ്യം.
എന്നാൽ പ്ളാച്ചിമടയിലെ കോള കമ്പനിയെപ്പോലെ ബ്രൂവറി പദ്ധതിഭൂഗർഭജലം ഊറ്റില്ലെന്നും മഴ വെള്ള സംഭരണി സജ്ജീകരിച്ച് അതിൽ നിന്നുള്ള വെള്ളമായിരിക്കും പ്രധാന ജല സ്രോതസെന്നും മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു.
കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക പോലുളള സംസ്ഥാനങ്ങളിലും ബ്രൂവറികളും ഡീസ്റ്റിലറികളും ഉണ്ട്.
പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷത്തിന് മറ്റ് താൽപര്യങ്ങളുണ്ടാകും.
എന്നാൽ സംസ്ഥാനത്തിൻ്റെ പൊതു വികസന താൽപര്യം പരിഗണിച്ച് മദ്യനിർമ്മാണ ശാല സ്ഥാപിക്കുന്ന വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കണമെന്നായിരുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃ യോഗത്തോടുളള അഭ്യർത്ഥന.
ഇതോടെയാണ് ജില്ലാ ഘടകങ്ങളുടെ എതിർപ്പ് അടങ്ങിയത്. പാലക്കാട് ജില്ലാ നേതൃത്വവും യോജിപ്പറിയിച്ചതോടെ ബ്രൂവറിയിൽ സർക്കാരിന് പൂർണ പിന്തുണ നൽകാൻ നേതൃയോഗം തീരുമാനിച്ചു.
ബ്രൂവറി വിവാദത്തിൽ പാർട്ടി നിലപാട് സർക്കാരിന് അനുകൂലമാക്കിയെടുക്കാൻ കഴിഞ്ഞെങ്കിലും മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം വരെ ഉയർന്നെങ്കിലും ഒരു വർഷത്തേക്ക് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന മാത്യു ടി തോമസിന്റെ നിലപാടാണ് തുണയായത്.
ജില്ലാ അധ്യക്ഷരിൽ ഭൂരിഭാഗവും മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.പാർട്ടിക്കോ നാടിനോ മന്ത്രിയെക്കൊണ്ട് ഗുണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാറണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയത്.
എന്നാൽ അത്തരം ചർച്ചയുടെ ആവശ്യമില്ലെന്നും മന്ത്രിയാകാൻ താൻ ഒരുക്കമല്ലെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു.
ഇതോടെയാണ് മന്ത്രിമാറ്റ ചർച്ച ഒതുങ്ങിയത്.മാത്യു ടി തോമസ് നിലപാട് വ്യക്തമാക്കിയതോടെ കെ.കൃഷ്ണൻകുട്ടി അനുനയ സമീപനമാണ് സ്വീകരിച്ചത്.
പാർട്ടിക്കും പ്രവർത്തകർക്കും ഉള്ള പരാതികൾ പരിഹരിക്കുമെന്നും എല്ലാവർക്കും ഒന്നിച്ചു പോകാമെന്നുമുളള ഐക്യത്തിൻെറ ലൈൻ ആണ് കൃഷ്ണൻകുട്ടി എടുത്തത്.അതോടെ മന്ത്രിമാറ്റ ചർച്ചക്ക് അന്ത്യമായി.