തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മാവൻ കുറ്റം സമ്മതിച്ചതായി പൊലീസ്.
അമ്മാവന്റെ കുറ്റസമ്മതത്തിൽ പൊലീസ് കൂടുതൽ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്. അമ്മാവൻ ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.
വീട്ടിൽ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മുമ്മയും ഉണ്ടായിരുന്നു. നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് വിവരം.
കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛൻ ശ്രീജിത്തും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലൊണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്.
ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. യഥാർത്ഥ മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.
ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറിയിൽ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തിൽ വീട്ടിൽ അമ്മാവൻ ഉറങ്ങിയിയിരുന്ന മുറിയിൽ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.