Advertisment

മദ്യനയം മാറ്റിയത് മധ്യപ്രദേശ് കമ്പനിക്ക് വേണ്ടി. ഡൽഹി മദ്യനയ കേസ് പ്രതി കവിത കേരളത്തിൽ വന്നത് ആരെയൊക്കെ കാണാൻ ?. മദ്യനയം മാറ്റും മുൻപേ ഒയാസിസ് കമ്പനി പാലക്കാട് സ്ഥലം വാങ്ങിയതിലും ദുരൂഹത. 210 കോടിയുടെ ജി.എസ്.ടി നഷ്ടമെന്ന മന്ത്രി രാജേഷിൻ്റെ വാദം കള്ളം. എക്സൈസ് മന്ത്രി മദ്യ കമ്പനിയുടെ വക്താവായി മാറി. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആഞ്ഞടിച്ച് വി.ഡി സതീശൻ

മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്

New Update
v d sateeshan 22

തിരുവനന്തപുരം: താന്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയ മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്ന മന്ത്രി എം ബി രാജേഷിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  

Advertisment

അത് രഹസ്യരേഖയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം അറിഞ്ഞു കൊണ്ടാണ് കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതിപക്ഷം ആരോപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


ആ ആരോപണം തെളിയിക്കാനാണ് മന്ത്രിസഭ നോട്ട് ഹാജരാക്കിയത്. അതിനേക്കാള്‍ വലിയ എന്ത് തെളിവാണുള്ളത്. അത് വ്യാജരേഖയാണെന്നും മന്ത്രി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.


പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങള്‍ :  

സുതാര്യമായല്ല അനുമതിയെന്നതാണ് രണ്ടാമത്തെ ആരോപണം . 2023-ല്‍ മദ്യ നയം മാറിയതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നും മദ്യ നയം മാറിയത് ആരും അറിഞ്ഞില്ലെന്നു പ്രതിപക്ഷം പറഞ്ഞെന്നും മന്ത്രി പറഞ്ഞു.

മദ്യ നയം മാറിയത് ആരും അറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. 


കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. ആരുടെയും അപേക്ഷ വാങ്ങാതെ ഈ കമ്പനിയുടേത് മാത്രം വാങ്ങി രഹസ്യമായി നടപടിക്രമങ്ങളുമായി മുന്നോട്ടു പോയി. 


മദ്യ നയം മാറുന്നതിന് മുന്‍പെ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യ നയം മാറുമെന്ന് അവര്‍ നേരത്തെ എങ്ങനെ അറിഞ്ഞു. അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്ക് മദ്യ നിര്‍മ്മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.

ഡല്‍ഹി മദ്യ നയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിയും പ്രകീര്‍ത്തിക്കുന്നത്.

കമ്പനിയുടെ വക്താവിനെ പോലെയാണ് മന്ത്രി സംസാരിക്കുന്നത്. അതേസമയം കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല.  കാരണം കമ്പനിയേക്കാള്‍ വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രിയാണ്.


ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ ?  


എവിടെയാണ് അവര്‍ താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ഒരുപാട് ദുരൂഹമായ ഇടപാടുകളാണ് നടന്നത്.

പാലക്കാട് വെള്ളം സുലഭമാണെന്നാണ് മന്ത്രി പറയുന്നത്. എല്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും വെള്ളമുണ്ടെന്നും കമ്പനിക്ക് ഇത്തിരി വെള്ളം മതിയെന്നുമാണ് മന്ത്രി പറഞ്ഞത്.

പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ 50 മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അഞ്ച് ഏക്കറില്‍ റെയിന്‍ ഹാര്‍വെസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. 

ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ഒരുവര്‍ഷം ശേഖരിക്കാന്‍ പറ്റുന്നത്. ഭൂമിക്ക് അടിയിലേക്ക് പോയി ഗ്രൗണ്‍ വാട്ടര്‍ ടേബിളില്‍ എത്തേണ്ട മഴ വെള്ളമാണ് ശേഖരിക്കുമെന്ന് പറയുന്നത്.  

ഇതേ മന്ത്രി 2019-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വെള്ളമില്ലാത്തതു കൊണ്ട് ഒരുപാട് പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നെന്നാണ്. എന്നാല്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ഒരു ദിവസം 80 ദശലക്ഷം ലിറ്റര്‍ വെള്ളം അസംസ്‌കൃത വസ്തുവായി വേണ്ട പദ്ധതിയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.  


2023-24 വര്‍ഷത്തെ മദ്യനയത്തില്‍ ധാന്യേതര കാര്‍ഷക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് നിശ്ചിത വീര്യത്തില്‍ വീഞ്ഞ് നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. 


ധാന്യങ്ങളെ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് സി.പി.എം അഖിലേന്ത്യാ തലത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇവിടെ അരിയാണ് സ്പിരിറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ അതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്.

പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. അവരെല്ലാം പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പൂട്ടിക്കാനുള്ള സമരത്തില്‍ പങ്കെടുത്തവരാണ്. സുതാര്യമാകേണ്ട പദ്ധതി സ്വകാര്യമായാണ് മന്ത്രി കൊണ്ടു വന്നത്. ഇന്നലെ മന്ത്രി പറഞ്ഞതൊന്നുമല്ല ഞങ്ങളുടെ ആരോപണം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഡിസ്റ്റിലറിയില്‍ നിന്നു തന്നെ സ്പിരിറ്റ് വാങ്ങണമെന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. മഹാരാഷ്ട്രയില്‍ നിന്നും വാങ്ങിച്ചോ.

ഞങ്ങള്‍ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ കേരളത്തിലെ ഡിസ്റ്റിലറികള്‍ കര്‍ണാടകയില്‍ നിന്നും സ്പിരിറ്റ് വാങ്ങുന്നത് ? ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ദുരാരോപണം ഉന്നയിച്ചിട്ടു കാര്യമില്ല.

 210 കോടിയുടെ ജി.എസ്.ടി നഷ്ടം എന്നതാണ് മന്ത്രി ഇന്നലെ പറഞ്ഞ മറ്റൊരു കാര്യം. എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് നിലവില്‍ ജി.എസ്.ടി ഇല്ല. ആദ്യം അതൊന്ന് മനസിലാക്ക്.

അദ്ദേഹം ഒരു മന്ത്രിയല്ലേ. ഇനി ജി.എസ്.ടി ഉണ്ടെങ്കിലും ഉല്‍പാദിപ്പിക്കുന്ന സ്ഥലത്ത് ടാക്‌സ് അടച്ചാല്‍ ഐ.ജി.എസ്.ടിയായി അത് തിരിച്ചുകിട്ടുമായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് 210 കോടിയുടെ ജി.എസ്.ടി നഷ്ടമാണെന്ന് മന്ത്രി പറഞ്ഞത്?


പ്രതിപക്ഷം ഉന്നയിച്ചതിനേക്കാള്‍ ഗൗരവത്തോടെയാണ് സി.പി.ഐ എലപ്പുള്ളിയിലെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് പറയുന്നത്. ജനയുഗത്തില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനം രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തെ കുറിച്ചാണ്. 


2019-ല്‍ പാലക്കാട്ടെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് ഇപ്പോഴത്തെ മന്ത്രി എം.ബി രാജേഷ് തന്നെ പറഞ്ഞിട്ടുണ്ട്. 

മന്ത്രി ഇപ്പോള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണ്. വെബ് സൈറ്റില്‍ കൊടുത്തു എന്ന് മന്ത്രി പറയുന്ന രേഖ ആരും കണ്ടില്ലല്ലോ. ആ രേഖ വ്യാജമാണെന്ന് മന്ത്രി പറഞ്ഞില്ല. ആ രേഖ ഞങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ്. അഴിമതിയാണ് നടന്നത്. അതുകൊണ്ടാണ് എത്ര കിട്ടിയെന്നു ചോദിച്ചത്. മധ്യപ്രദേശിലെ ഈ കമ്പനിയുമായി എവിടെ വച്ചാണ് ചര്‍ച്ച നടത്തിയത്.

ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. കമ്പനി സ്ഥലം വാങ്ങിയ ശേഷമാണ് മദ്യ നയം മാറ്റിയത്. ഒരു കാരണവശാലും ഈ അഴിമതി അനുവദിക്കില്ല.


കമ്പനിയെ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം.


മലയോര സമരയാത്ര നിലമ്പൂരില്‍ എത്തുമ്പോള്‍ അതില്‍ പങ്കെടുത്ത് അഭിവാദ്യം അര്‍പ്പിക്കാനുള്ള താല്‍പര്യം പി.വി അന്‍വര്‍ അറിയിച്ചിരുന്നുവെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞു. 

യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് അതിന് അനുമതി നല്‍കിയിട്ടുണ്ട്. മറ്റു കാര്യങ്ങളില്‍ ഉചിതമായ സമയത്ത് തീരുമാനം വരും. വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല എന്നു പറഞ്ഞതില്‍ എല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment