തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ പ്രതിരോധിച്ച് മലയോര ജനതയ്ക്കും സംസ്ഥാനത്തിനാകെയും സ്വൈര്യജീവിതം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയോര ജാഥയിൽ ജനപങ്കളിത്തം ഇരട്ടിച്ചു.
ഇന്ന് നിലമ്പൂരിലും കരുവാരക്കുണ്ടിലും ജനങ്ങൾ ജാഥയിലേക്ക് ഒഴുകിയെത്തി.
വന്യജീവി ആക്രമണങ്ങളിൽ പൊറുതി മുട്ടിയ ജനതയുടെ പരിരക്ഷയുറപ്പിക്കാൻ വനംവകുപ്പും സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന വികാരമാണ് ജാഥയിലുടനീളം ഉണ്ടായിട്ടുള്ളത്.
കണ്ണൂരിൽ നിന്നും ജാഥ ആരംഭിച്ചപ്പോൾ തന്നെ കെ.പി.സിസി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, സി.പി ജോൺ, ഷിബു ബേബി ജോൺ തുടങ്ങിയ നേതാക്കൾ ജനങ്ങളുടെ വിഷയങ്ങൾ അക്കമിട്ട് നിരത്തിയാണ് സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ചത്.
ജാഥ തുടങ്ങുന്നതിന് തലേദിവസമാണ് വയനാട്ടിൽ കടുവയാക്രമണത്തിൽ രാധ കൊല്ലപ്പെടുന്നത്.
/sathyam/media/media_files/2025/01/30/T61bpSLBx1mWmlIFcI1f.jpg)
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത്തിനൊപ്പം പ്രതിപക്ഷവും അണിനിരന്നതോടെ സർക്കാർ നടപടികൾ ഊർജ്ജതപ്പെടുത്താൻ നിർബന്ധിതമായെങ്കിലും നരഭോജി കടുവയെ കീഴ്‌പ്പെടുത്താനോ ഇല്ലാതാക്കാനോ സാധിച്ചിരുന്നില്ല.
പിന്നീട് ഇതിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോഴാണ് ജനങ്ങളുടെ ആശങ്ക മാറിയത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പ്രിയങ്ക ഗാന്ധി എം.പി, കെ.സി വേണുഗോപാൽ എം.പി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ എന്നിവർ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ജനങ്ങളുടെ പ്രതിഷേധം നിലനിൽക്കുമ്പോൾ ഫാഷൻ ഷോ ഉദ്ഘാടനത്തിൽ പങ്കെടുത്ത വനംമന്ത്രി ശശീന്ദ്രനെതിരെ വലിയ വിമർശനമുയരുകയും ചെയ്തിരുന്നു.
നിലമ്പൂരെത്തിയ ജാഥയിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷനേതാക്കൾ തൊട്ടറിയുന്നുണ്ടായിരുന്നു. ജാഥയ്ക്കിടയിൽ ഒട്ടേറെ പരാതികളും ജനങ്ങളിൽ നിന്ന് യു.ഡി.എഫ് നേതൃത്വത്തിന് ലഭിക്കുന്നുണ്ട്.
/sathyam/media/media_files/2025/01/30/gtnZQwVvNU2bDhRtUZe9.jpg)
വിവിധയിടങ്ങളിൽ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, സജീവ് ജോസഫ്, വി.കെ ശ്രീകണ്ഠൻ, വി.എസ് ജോയി, ആര്യാടൻ ഷൗക്കത്ത്, എ.പി അനിൽകുമാർ തുടങ്ങിയ വലിയ നേതൃത്വനിരയാണ് ജാഥയ്ക്ക് പിന്തുണയുമായെത്തിയത് പാർട്ടിയിലും മുന്നണിയിലും ഐക്യസന്ദേശത്തിന്റെ കാഹളം മുഴക്കുകയും ചെയ്തു.
കാടിറങ്ങുന്ന വന്യജീവികളെ നിയമപ്രകാരം തുരത്താനുള്ള നടപടികൾ പോലും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങൾ പങ്കുവെയ്ക്കുന്ന വികാരം.
മലയോര ജനത അവരുടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും പലരും നേതാക്കളോട് വിവരിക്കുന്നുണ്ടായിരുന്നു.
നാളെ രാവിലെ 10ന് ആതിരപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ജാഥ ഉച്ചയ്ക്ക 2:30ന് മലയാറ്റൂരെത്തും. വൈകിട്ട് നാലിന് കോതമംഗലത്താണ് നാളെത്തെ അവസാനയോഗം