Advertisment

ഷെറിനായി ഇടപെട്ടത് മന്ത്രി ഗണേഷെന്ന് ആരോപണം. പരോളിലായിരിക്കെ പത്തനാപുരം സ്റ്റേഷനിൽ ഷെറിനൊപ്പം പോയത് ഗണേഷിന്റെ സന്തതസഹചാരി. ഗവർണർ മോചന ശുപാർശ അംഗീകരിക്കുമോയെന്ന് സംശയം. മന്ത്രിസഭാ ശുപാർശ ഗവർണർക്ക് കൈമാറാതെ സർക്കാർ. അവധിദിവസങ്ങളും കൂട്ടി പതിനെട്ടര വർഷം ഷെറിൻ ജയിലിൽ കഴിഞ്ഞെന്ന് സർക്കാർ. 25 വർഷം ജയിലിലുള്ളവരെ തഴഞ്ഞ് ഷെറിനെ തുറന്നുവിടുന്നത് രാഷ്ട്രീയ വിവാദമായി മാറുന്നു

ഷെറിന്റെ ശിക്ഷായിളവ് വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഒരു മന്ത്രിയാണ് ശിക്ഷായിളവിന് പിന്നിലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നെങ്കിലും ഗണേഷിന്റെ പേര് ഇതുവരെ പുറത്തുവന്നിരുന്നില്ല.

New Update
sherin ganeshkumar

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷായിളവ് അനുവദിച്ചത് വൻ വിവാദത്തിലേക്ക്. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസാണ് മോചനത്തിനായി ഇടപെട്ടതെന്ന് കെ.പി.സി.സി നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു.

Advertisment

പരോൾ ലഭിക്കുമ്പോഴെല്ലാം പത്തനാപുരം സ്റ്റേഷനിൽ ഷെറിൻ എത്തുമായിരുന്നെന്നും അപ്പോഴെല്ലാം ഒപ്പം പോയിരുന്നത് ഗണേഷിന്റെ സന്തതസഹചാരിയായ പ്രദീപ് കോട്ടാത്തല ആയിരുന്നെന്നും ചാമക്കാല ആരോപിച്ചു.


സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചാൽ ഇക്കാര്യം മനസിലാവുമെന്നും ചാമക്കാല പറഞ്ഞു.


ഇതോടെ ഷെറിന്റെ ശിക്ഷായിളവ് വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഒരു മന്ത്രിയാണ് ശിക്ഷായിളവിന് പിന്നിലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നെങ്കിലും ഗണേഷിന്റെ പേര് ഇതുവരെ പുറത്തുവന്നിരുന്നില്ല.

ശിക്ഷായിളവിനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവ‌ർണർ അംഗീകരിച്ചാലേ ഷെറിനെ മോചിപ്പിക്കാനാവൂ. രാഷ്ട്രീയ വിവാദമായ സ്ഥിതിക്ക് ഗവർണർ മോചന ശുപാർശ അംഗീകരിക്കുമോയെന്ന് സംശയമാണ്.


മന്ത്രിസഭാ ശുപാർശ ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല.


ഷെറിന്റെ മോചനം മുൻഗണനകളെല്ലാം മറികടന്നെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. അതിവേഗത്തിലാണ് ഷെറിന് മോചനം നൽകാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി.

അർഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 25 വർഷം വരെ ശിക്ഷയനുഭവിച്ചവരും രോഗികളുമായവരുടെ മോചനത്തിനുള്ള പൂജപ്പുര, വിയ്യൂർ, നെട്ടുകാൽത്തേരി ജയിൽ ഉപദേശക സമിതികളുടെ ശുപാർശകൾ പരിഗണിക്കാനിരിക്കെയാണ്, 14 വർഷമായ ഷെറിന് ഇളവിനുള്ള ശുപാർശയിൽ അതിവേഗം തീരുമാനമെടുത്തത്.


ജീവപര്യന്തമായിരുന്നു ഷെറിന്റെ ശിക്ഷ. കണ്ണൂർ ജയിൽ ഉപദേശകസമിതി ഡിസംബറിൽ നൽകിയ ശുപാർശയിലാണ് മന്ത്രിസഭാ തീരുമാനം. 


മോചനത്തിനുള്ള ശുപാർശ ജയിൽമേധാവി ആഭ്യന്തര സെക്രട്ടറിക്കും അദ്ദേഹം മന്ത്രിസഭയിലേക്കും കൈമാറുകയായിരുന്നു. അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

ജയിലിൽ നല്ലനടപ്പ് അടക്കം റിപ്പോർട്ടുകൾ പരിഗണിച്ചാണ് ശിക്ഷായിളവ് അനുവദിക്കേണ്ടത്. എന്നാൽ പൊലീസ്, പ്രൊബേഷണറി ഓഫീസർ എന്നീ റിപ്പോർട്ടുകളെല്ലാം അനുകൂലമായതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം.


പതിനെട്ടു വർഷവും 5 മാസവും 24 ദിവസവും ഷെറിൻ ശിക്ഷ അനുഭവിച്ചെന്നാണ് സർക്കാർ കണക്ക്. 


2016ൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മറ്റ് തടവുകാർക്ക് പരോൾ അനുവദിക്കാതിരുന്ന സമയത്തും ഷെറിന് പരോൾ കിട്ടി. ആദ്യം 30 ദിവസത്തേക്കാണ് കിട്ടിയത് പിന്നീട് 30 ദിവസം കൂടി പരോൾ ലഭിച്ചിരുന്നു.

25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്.


ഷെറിന്റെ കൂട്ടുപ്രതി ബാസിതിനെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല.


ഷെറിന് ശിക്ഷായിളവ് നൽകിയതിന് പിന്നിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം.വി.സരള വ്യക്തമാക്കിയിട്ടുണ്ട്.

ജയിലിൽ വച്ച് മാനസാന്തരം വന്നുവെന്നും ഷെറിനിൽ ഇപ്പോൾ കുറ്റവാസന ഇല്ലെന്നും പറഞ്ഞ ഇവർ ഉപദേശക സമിതിക്ക് ഇക്കാര്യത്തിൽ ഒരു പ്രത്യേക താത്പര്യവുമുണ്ടായിട്ടില്ലെന്നും വിശദീകരിച്ചു.


ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എല്ലാ രീതിയിലുള്ള പരിശോധനകളും നടന്നിട്ടുണ്ട്. 


ഉപദേശക സമിതിയുടെ മുന്നിലേക്ക് വിഷയം പരിഗണനയ്ക്ക് വന്നപ്പോൾ ലഭിച്ച പോലീസ് റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു. ഇതേ തുടർന്നാണ് വിടുതൽ നൽകുന്നതിന് ഉപദേശക സമിതി അനുകൂല നിലപാട് സ്വീകരിച്ചതെന്നും എം.വി.സരള പറഞ്ഞു.

ഒരു കുറ്റവാളി മാനസാന്തരപ്പെട്ട് ശരിയായ ജീവിതത്തിലേക്ക് വരുമ്പോൾ അത് പറ്റില്ല പണ്ടത്തെ പോലെ തന്നെ ജീവിക്കണമെന്ന് പറയാൻ പറ്റുമോയെന്നും ജയിലിൽ ചുതമലപ്പെടുത്തിയ കാര്യങ്ങൾ കൃത്യമായി ശിക്ഷാകാലയളവിൽ ഷെറിൻ നിർവഹിച്ചുവെന്നും സരള പറഞ്ഞു.

Advertisment