തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻബാബുവിന്റെ മരണത്തിലെ നേരറിയാൻ സി.ബി.ഐ വരുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരേ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന് ബലമായ സംശയങ്ങളുന്നയിക്കുന്ന അപ്പീൽ ഡിവിഷൻബെഞ്ചാണ് പരിഗണിക്കുക. പ്രതിയായ പി.പി. ദിവ്യയ്ക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം.
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് മഞ്ജുഷയുടെ ഹർജി കോടതി തള്ളിയിരുന്നത്.
സി.ബി.ഐ അന്വേഷണം നിരാകരിച്ച സിംഗിൾബെഞ്ച് ഉത്തരവ് വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണെന്ന് അപ്പീൽ ഹർജിയിൽ പറയുന്നു.
നവീന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ശാസ്ത്രീയ വിശകലനങ്ങളോ പരിശോധനകളോ നടന്നിട്ടില്ല. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും പോരായ്മകളുണ്ട്.
പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്വേഷണത്തെ സ്വാധീനിച്ച്, തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്നും അപ്പീലിൽ പറയുന്നു.
എ.ഡി.എമ്മിന്റേത് കൊലപാതകമാണെന്ന് സംശയിച്ചും പൊലീസന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുമുള്ള ഹർജിയാണ് നേരത്തേ മഞ്ജുഷ നൽകിയിരുന്നത്.
എ.ഡി.എമ്മിന്റെ മരണത്തിന് വഴിവച്ച പെട്രോൾ പമ്പ് അനുമതിയിൽ, കേന്ദ്രസ്ഥാപനങ്ങളായ ബി.പി.സി.എൽ, ചെന്നൈയിലെ എക്സ്‌പ്ലോസീവ് കൺട്രോളർ, അഖിലേന്ത്യാ സർവീസുദ്യോഗസ്ഥനായ ജില്ലാ കളക്ടർ എന്നിവർ ഉൾപ്പെട്ടതിനാൽ സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യതയേറെയാണ്.
കേന്ദ്ര,സംസ്ഥാന സർക്കാരിന്റെയും സി.ബി.ഐയുടെയും നിലപാട് ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ നിർണയാകമാണ്.
അപ്പീൽ ഹർജിയിൽ നവീന്റെ മരണത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ മഞ്ജുഷ എടുത്തുപറയുന്നുണ്ട്.
നവീന്റെ ശരീരം തൂങ്ങി നിന്നതിലും അധികം സമയം തറയിൽ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നതെന്ന് അപ്പീലിൽ പറയുന്നു.
കൊലപ്പെടുത്തിയ ശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.
വായിൽ നിന്ന് ഉമിനീർ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്.
അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടർ പിന്നീട് നൽകിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്.
സാമ്പത്തിക ഇടപാട് നടന്നുവെന്നു പറയുന്ന കേസിൽ പ്രതിയും കണ്ണൂർ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിച്ചിട്ടില്ല.
പോലീസ് തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നും അപ്പീലിൽ ആരോപിക്കുന്നു. 2024 ഒക്ടോബർ 15നായിരുന്നു നവീൻ ബാബുവിന്റെ മരണം. ജനുവരി ആറിനാണ് സി.ബി.ഐ. അന്വേഷണാവശ്യം ഹൈക്കോടതി തള്ളിയത്.
മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ കോൾ ഡാറ്റയും ഓഫീസിന് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചില്ല.
യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപം നേരിട്ട ശേഷം നവീൻ ബാബുവിനെ പിന്നീട് ആരെല്ലാം കണ്ടുവെന്ന് പോലീസ് അന്വേഷിച്ചില്ല.
വിഷമോ മയക്കുമരുന്നോ ഉള്ളിൽച്ചെന്നിരുന്നോ എന്നറിയാനുള്ള സാദ്ധ്യത ഇല്ലാതാക്കിയെന്നും മഞ്ജുഷ ആരോപിക്കുന്നു.
മരണം നടന്ന മുറിയുടേയും തൂങ്ങിയ കൊളുത്തിന്റേയും കൃത്യമായ ഉയരം രേഖപ്പെടുത്തിയില്ല. ഇൻക്വസ്റ്റ് തിടുക്കത്തിലാണ് പൂർത്തിയാക്കിയത്. കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തൻ പ്രതിയുടെ ബിനാമിയാണെന്ന ആരോപണം അന്വേഷിച്ചില്ല.
ഇയാളെ ഇതുവരെ പ്രതിചേർത്തിട്ടുമില്ലെന്നും അപ്പീൽ ഹർജിയിൽ ആരോപിക്കുന്നു.
ഹൈക്കോടതിയും സുപ്രീംകോടതിയും ഉത്തരവിട്ടാൽ ഏതുകേസും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം. സർക്കാർ എല്ലാ സൗകര്യങ്ങളും സഹായവും നൽകണം.
സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സർക്കാർ പിൻവലിച്ചിട്ടുണ്ട്. അതിനാൽ ഓരോ കേസിനും സർക്കാരിന്റെ അനുമതി വേണം.