Advertisment

പിണറായിക്കെതിരായ വ്യക്തിപൂജ ഗാനത്തിന്റെ അലയൊലയികൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം നാളെ മുതൽ. പിണറായിക്കും സർക്കാരിനുമെതിരെ അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കണ്ണൂരിലെ പാർട്ടി ഉന്നതരെന്ന വിവരം ചർച്ചയാകുമോ എന്നതിൽ ആശങ്ക. ഇ.പിയുടെ ആത്മകഥാ വിവാദവും പി.പി ദിവ്യയുടെ വിഷയവും പരാമർശിക്കപ്പെട്ടേക്കും. കണ്ണൂരിൽ നാളെമുതൽ ജയരാജൻമാരുടെ ബലാബലം

ഒരു വിഷയവും ചർച്ചയിൽ പരാമർശിക്കാതിരിക്കുകയും സർക്കാർ അനുകൂല മുദ്രാവാക്യം മുഴങ്ങുകയും ചെയ്താൽ പിണറായി കണ്ണൂരിലും പിടിമുറുക്കിയെന്ന് കരുതേണ്ടി വരും.

New Update
kannur cpm convention
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കുന്ന സി.പി.എമ്മിന്റെ കണ്ണുർ ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും. 

Advertisment

ജില്ലയിലെ സി.പി.എം നേതാക്കളെ ചുറ്റിപ്പറ്റി ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് പാർട്ടി ജില്ലാ സമ്മേളനത്തിന് തുടക്കമാവുന്നത്. 

വിവാദവിഷയങ്ങൾ പരാമർശിച്ച പ്രതിനിധി സമ്മേളനത്തിൽ ചർച്ചയുണ്ടായാൽ തീപാറുമെന്ന കാര്യത്തിലും സംശയമില്ല.


മുഖ്യമന്ത്രി പിണറായി വിജയനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന വാഴ്ത്ത് പാട്ട് വിവാദമടക്കം സമ്മേളനത്തിൽ ഒരുപിടി വിഷയങ്ങളാണ് ചർച്ചയ്ക്ക് വരാൻ സാധ്യതയുള്ളത്. 


വ്യക്തിപൂജാ വിവാദത്തിൽ പി.ജയരാജനെ സംസ്ഥാന കമ്മിറ്റി മുമ്പ് താക്കീത് ചെയ്തിരുന്നു. എന്നാൽ സമാനമായ വിഷയങ്ങൾ പിണറായിയെ ചുറ്റിപ്പറ്റി ഉയർന്നിട്ടും സി.പി.എമ്മിന്റെ ഉന്നത സമിതികൾ ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

നിലവിൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ ആലപിച്ച വാഴ്ത്ത് പാട്ട് ഏറെ രാഷ്ട്രീയ വിർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.


പാർട്ടി ബന്ധം അവസാനിപ്പിച്ച് പുറത്ത് പോയ പി.വി അൻവർ അന്ന് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ കണ്ണൂരിലെ ഒരു പാർട്ടി ഉന്നതനാണെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുകയാണ്. 


അദ്ദേഹവുമായി അൻവർ വിദേശത്തുവെച്ച് കൂടിക്കാഴ്ച്ച നടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പുറമേ ഇ.പി ജയരാജനെ ചുറ്റിപ്പറ്റിയുള്ള ആത്മകഥ വിവാദത്തിലും ചർച്ചകൾ ഉയർന്നേക്കാം. 

കട്ടൻ ചായയും പരിപ്പുവടയും എന്ന് പേരിട്ടിരുന്ന പുസ്തകത്തിൽ ഒട്ടേറെ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് എങ്ങനെ പുറത്ത് വന്നുവെന്നും ആരാണ് ഡിസി ബുക്‌സിനെ ഇത് പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചതെന്നും ഇന്നും വ്യക്തമല്ല. 


കേരളം ഏറെ വൈകാരികമായി ചർച്ച ചെയ്ത നവീൻ ബാബുവിന്റെ ആത്മഹത്യയിലെ പി.പി ദിവ്യയുടെ പങ്കും സമ്മേളന ചർച്ചകളിൽ പരാമർശവിധേയമാകാൻ സാദ്ധ്യതയുണ്ട്. അവർക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നേക്കാം. 


ദിവ്യയ്ക്ക് തെറ്റുപറ്റിയെന്ന് കോഴിക്കോട് സമമ്മളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയുമ്പോൾ പിണറായി വ്യക്തമാക്കിയിരുന്നു. എന്നാൽ കണ്ണൂരിലെത്തുമ്പോൾ ദിവ്യയ്ക്ക് അനുകൂലമായ വാദഗതികളും ഉയർന്നേക്കാമെന്നും കരുതപ്പെടുന്നു. 

സമ്മേളനത്തിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. 

ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ഒരു മത്സരസൂചന ഇതുവരെ നിലവിലില്ല. എന്നാൽ മത്സരമുണ്ടായാൽ അതിന്റെ ചൂട് ഉയരുകയും ചെയ്യും. നിലവിൽ എം.വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് ധാരണ. 


എന്നാൽ അപ്രതീക്ഷിതമായ നീക്കത്തിലൂടെ അദ്ദേഹത്തിന് പകരം ഒരാളെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മറ്റിയംഗമായ പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമാണ് ലക്ഷ്യം വെയ്ക്കുന്നത്. 


അതുകൊണ്ട് തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകാനും സാധ്യതയുണ്ട്. ഒരു വിഷയവും ചർച്ചയിൽ പരാമർശിക്കാതിരിക്കുകയും സർക്കാർ അനുകൂല മുദ്രാവാക്യം മുഴങ്ങുകയും ചെയ്താൽ പിണറായി കണ്ണൂരിലും പിടിമുറുക്കിയെന്ന് കരുതേണ്ടി വരും.

Advertisment