തിരുവനന്തപുരം: തൊഴിലാളി വർഗ പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ തൊഴിലാളികളോട് വിവേചനമായി പെരുമാറുന്നതായി പരാതി.
സീനിയോറിറ്റി മറികടന്ന് സ്ഥാനക്കയറ്റം നൽകിയെന്നതാണ് തൊഴിൽരംഗത്തെ ചൂഷണത്തിനും എതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ പത്രത്തിൽ ഉയർന്നിരിക്കുന്ന പരാതി.
അർഹതയില്ലാത്തവർക്ക് ലഭിച്ച സ്ഥാനക്കയറ്റത്തിനെതിരെ ദേശാഭിമാനി ജനറൽ മാനേജർക്ക് പരാതി നൽകിയ സീനിയർ ന്യൂസ് എഡിറ്റർ എസ്.എസ്.നന്ദകുമാർ രാജിക്കത്തും സമർപ്പിച്ചു.
ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ദിനേശ് പുത്തലത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങുന്നതാണ് രാജിക്കത്ത്.
അടുപ്പക്കാർക്ക് മാത്രം വഴിവിട്ട് സ്ഥാനക്കയറ്റം നൽകി പാർട്ടി പത്രത്തെ നശിപ്പിക്കുന്നു എന്നതാണ് ദിനേശൻ പുത്തലത്തിനെതിരെ രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം.
ഹോട്ട് ഡോഗ് എന്ന ബർഗർ കഴിച്ചത് സംബന്ധിച്ച വാർത്തയിൽ ഹോട്ട് ഡോഗിനെ ചൂട് പട്ടിയെന്ന് പരിഭാഷപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ടിട്ടുളള ഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് സാജൻ എവുജിനെ സീനിയോറിറ്റി മറികടന്ന് അസോസിയേറ്റ് എഡിറ്ററായി നിയമിച്ചതാണ് പരാതിലേക്കും പിന്നീട് മുതിർന്ന പത്രപ്രവർത്തകന്റെ രാജിയിലേക്കും കലാശിച്ചത്.
ഇപ്പോൾ ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിക്കുന്ന സാജൻ എവുജിനെ തിരുവനന്തപുരത്താണ് അസോസിയേറ്റ് എഡിറ്ററായി നിയമിച്ചത്.
ഇപ്പോൾ ന്യൂസ് എഡിറ്റർ/സ്പെഷ്യൽ കറസ്പോണ്ടന്റ് തസ്തികയിൽ പ്രവർത്തിക്കുന്ന സാജനെ സീനിയർ ന്യൂസ് എഡിറ്റർ, ചീഫ് ന്യൂസ് എഡിറ്റർ തസ്തികകൾ ഒറ്റയടിക്ക് മറികടന്നാണ് അസോസിയേറ്റ് എഡിറ്ററായി സ്ഥാനക്കയറ്റം നൽകിയത്.
സ്ഥാപനത്തിലെ സീനിയർ, ചീഫ് ന്യൂസ് എഡിറ്റർമാരെ കൊച്ചാക്കുന്ന നടപടിയാണ് ചീഫ് എഡിറ്റർ പ്രത്യേക താൽപര്യമെടുത്തു ചെയ്തതെന്നാണ് പാർട്ടി പത്രത്തിലെ പത്രാധിപസമിതിയിൽ ഉയരുന്ന ആക്ഷേപം.
തൊഴിലാളി വർഗ പാർട്ടിയുടെ ഉടമസ്ഥതയുളള സ്ഥാപനത്തിൽ, തൊഴിൽ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്ന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതൃപ്തി പുകയുകയാണ്.
കൊല്ലം സീനിയർ ന്യൂസ് എഡിറ്റർ എസ്.എസ്.നന്ദകുമാർ മാത്രമാണ് എതിർപ്പ് പരസ്യമാക്കികൊണ്ട് രാജിക്കത്ത് നൽകുകയും രാജിക്കത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടാൻ ധൈര്യപ്പെടുകയും ചെയ്തതെങ്കിലും മറ്റ് മുതിർന്ന പത്രപ്രവർത്തകർക്കും ഇതിൽ എതിർപ്പുണ്ട്.
പാർട്ടി നേതൃത്വം സ്വന്തക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്നത് സ്ഥാപനത്തെ തകർക്കും
എന്നാണ് വിമർശനം.
മാർച്ച് ആദ്യവാരം സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കൊല്ലത്തെ ദേശാഭിമാനി യൂണിറ്റിന്റെ ചുമതലയുളള സീനിയർ ന്യൂസ് എഡിറ്ററാണ് എസ്.എസ്.നന്ദകുമാർ.
സംസ്ഥാന സമ്മേളനത്തിന്റെ കവറേജിന്റെ ഒരുക്കങ്ങൾ ആലോചിക്കാൻ ചേർന്ന ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന പത്രാധിപ സമിതി യോഗത്തിന് പിന്നാലെയാണ് നന്ദകുമാറിന്റെ രാജി.
ദിനേശൻ പുത്തലത്ത് ചീഫ് എഡിറ്ററായി ചുമതലയേറ്റ ശേഷം കൈക്കൊണ്ട പല തീരുമാനങ്ങളിലും ദേശാഭിമാനിക്കകത്ത് എതിർപ്പുകളുണ്ട്.
പത്രത്തിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകേണ്ടത് ജനറൽ മാനേജർക്കാണ്.
എന്നാൽ പ്രായപരിധി മാനദണ്ഡത്തിൽ സംസ്ഥാനത്തെ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട ജനറൽ മാനേജർ കെ.ജെ.തോമസ് ഇപ്പോൾ സംസ്ഥാന സമിതിയിലെ ക്ഷണിതാവ് മാത്രമാണ്.
അതുകൊണ്ട് തന്നെ ദിനേശൻ പുത്തലത്തിനെതിരായ പരാതികളിൽ തോമസിന് ഒന്നും ചെയ്യാനാകുന്നില്ല. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജിനെ റസിഡന്റ് എഡിറ്ററായി നിയമിച്ചതിലും പത്രാധിപ സമിതിക്കകത്ത് മുറുമുറുപ്പ് ഉണ്ടായിരുന്നു.
എന്നാൽ പാർട്ടി നിയമനം ആയതിനാൽ ആർക്കും ഒന്നും പറയാനാകുമായിരുന്നില്ല.
നന്ദകുമാറിന്റെ രാജിയിൽ മാനേജ്മെന്റ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.എന്നാൽ രാജി സ്വീകരിക്കണമെന്നാണ് ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിന്റെ നിലപാട്.
നന്ദകുമാറിന് സർവീസിൽ നിന്ന് വിരമിക്കാൻ ഏതാനം മാസങ്ങളെ ആയിട്ടുളളുവെന്നും പ്രതിഷേധം കൊണ്ടല്ല രാജിയെന്നാണ് മാനേജ്മെന്റ് തലത്തിലുളളവരുടെ വിശദീകരണം.