Advertisment

ചർച്ച പരാജയം. കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. പണിമുടക്ക് സമരം കെഎസ്ആർടിസിയോടുള്ള സ്നേഹം കൊണ്ടല്ലെന്ന് ഗതാഗത മന്ത്രി

ഒന്നാം തീയതി ശമ്പളം ലഭിക്കാൻ സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇത്  തൊഴിലാളികളെ കബളിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ കുറ്റപ്പെടുത്തി

New Update
ksrtc and ganesh kumar

തിരുവനന്തപുരം: കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് തൊഴിലാളി യൂണിയനായ ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് അർദ്ധരാത്രി തുടങ്ങും.പണിമുടക്ക് ഒഴിവാക്കുന്നതിനായി കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ യൂണിയൻ നേതാക്കളുമായി നടത്തിയ ച‍ർച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂ‌ർ നീണ്ടുനിൽക്കുന്ന പണിമുടക്ക് ഉറപ്പായത്.

Advertisment

പണിമുടക്ക് ബസ് സ‍ർവീസുകളെ സാരമായി ബാധിച്ചേക്കും.കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിൽ ഒന്നായ ടി.ഡി.എഫിൽ ഡ്രൈവ‍ർമാ‍ർ അടക്കം നിരവധി ജീവനക്കാ‌ർ അംഗങ്ങളാണ്.ദിവസവും ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളിൽ പകുതി ഷെഡ്യൂളുകളെ എങ്കിലും പണിമുടക്ക് ബാധിക്കാനാണ് സാധ്യത.


പണിമുടക്കുന്ന ട്രേഡ് യൂണിയനെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ അതിരൂക്ഷമായി വിമർശിച്ചു.പണിമുടക്ക് നടത്താനുള്ള സാഹചര്യമല്ല ഇന്ന് കെ.എസ്.ആ‍ർ.ടി.സി യിൽ ഉളളത്.പണിമുടക്ക്  സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണ്.


ഒന്നാം തീയതി ശമ്പളം ലഭിക്കാൻ സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇത്  തൊഴിലാളികളെ കബളിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ കുറ്റപ്പെടുത്തി. പണിമുടക്കുന്നക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

അർദ്ധരാത്രി 12 മണി മുതലാണ് ടി.ഡി.എഫിന്റെ സമരം തുടങ്ങുന്നത്.12 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു ദിവസം നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂർ സമരം.എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതാണ് പ്രധാന ആവശ്യം.


ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക,ശമ്പള പരിഷ്കരണ കരാ‍ർ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയവയാണ്  പണിമുടക്ക് നടത്തുന്ന ടി.ഡി.എഫ് മുന്നോട്ടുവെച്ചിരിക്കുന്ന മറ്റ്  ആവശ്യങ്ങൾ.


കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ വന്നത് കൊണ്ടാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്നാണ് ടി.ഡി.എഫ് ഭാരവാഹികളുടെ വിശദീകരണം.

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം കെ.എസ്.ആർ.ടി.സിയോടുള്ള സ്നേഹം കൊണ്ടല്ലെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ പരിഹസിച്ചു.കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് സമരം എന്നാണ് മന്ത്രിയുടെ ആരോപണം.'' ഒന്നാം തീയതി ശമ്പളം സമരം ചെയ്യേണ്ട ആവശ്യമില്ല.


ജീവനക്കാർക്ക് ഇതുപോലെ ആനുകൂല്യം ലഭിച്ച കാലമില്ല. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്നാണ് അഭ്യർത്ഥിക്കാനുളളത്.ജീവനക്കാർ രാഷ്ട്രീയം മറന്ന് കെ.എസ്.ആർ‌.ടി.സിക്ക് വേണ്ടി ജോലി ചെയ്യണം.


കോർപ്പറേഷന്റെ വരുമാനം വർദ്ധിക്കും ചെലവ് കുറയ്ക്കും.സ്ഥാനത്തിന് പണിമുടക്കിന് പറ്റിയ ആരോഗ്യമുണ്ടോ എന്ന് ജീവനക്കാർ ചിന്തിച്ച് നോക്കണം. 

ടി.ഡി.എഫ് ചോദിച്ചത് സ്ഥലംമാറ്റം മാത്രമാണ്.ഒഴിവ് അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നൽകാനാകു.പറയുന്ന എല്ലാകാര്യങ്ങളും അനുസരിക്കാൻ സാധിക്കില്ല.

പണിമുടക്കുന്നവ‍‍‍ർക്കെതിരെ കർശന നടപടി സ്വീകരിക്കും'' മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രതികരിച്ചു.ശമ്പളം ഒന്നാം തീയതി നൽകുമെന്ന് ഗതാഗത മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.


എന്നാൽ ഒരുമാസം മാത്രമാണ് പ്രഖ്യാപനം യാഥാർത്ഥ്യമായത്.സർക്കാ‍ർ സഹായം കൊണ്ട് കൂടിയാണ് വൈകിയാണെങ്കിലും ശമ്പളം നൽകിപോരുന്നത്. 


ദിവസും ശരാശരി 7 കോടിയോളം രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം.പണിമുടക്ക് മൂലം സർവീസ് മുടങ്ങിയാൽ മാസവരുമാനത്തിൽ അത്രയും കുറവ് വരും.ഇത് കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമെന്നാണ് മാനേജ്മെന്റിന്റെ വാദം.

Advertisment