തിരുവനന്തപുരം: വയനാട് അമരക്കുനിയിൽ വനംവകുപ്പിന്റെ കെണിയിൽ വീണ എട്ട് വയസ്സുകാരി കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. ചികിത്സയുടെ ഭാഗമായി കടുവയെ നിരീക്ഷണ കൂട്ടിലേക്ക് മാറ്റി.
ഒരു ദിവസം പൂർണ വിശ്രമമാണ്. ഭക്ഷണവും നൽകില്ല. ചൊവ്വ മുതൽ മറ്റ് കടുവകൾക്ക് നൽകുന്നതു പോലെ ഭക്ഷണം നൽകി ചികിത്സ ആരംഭിക്കും. മുൻ കാലിലെ പരിക്ക് ഒഴിച്ചാൽ കടുവ പൂർണ ആരോഗ്യവതിയാണെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ പി എസ് മഞ്ജുള ദേവി പറഞ്ഞു.
അനിമൽ ആംബുലൻസിൽ വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.
തിങ്കൾ വൈകിട്ട് ആറോടെ യാത്ര ആരംഭിച്ച് അരീക്കോട്, പെരിന്തൽമണ്ണ, തൃശൂർ, എംസി റോഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോപ്പുകളിൽ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് തിരുവനന്തപുരത്തെത്തിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങൾ വിശദമായി പരിശോധിച്ച് വിദഗ്ധ ചികിത്സ നൽകിയതിനു ശേഷമായിരിക്കും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നത് ആലോചിക്കുക.