തിരുവനന്തപുരം: ബ്രൂവറിക്ക് പിന്നാലെ കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള ആലോചന സർക്കാർ - ഇടതുമുന്നണി സമവാക്യങ്ങളിൽ വീണ്ടും കല്ലുകടിയായി മാറുന്നു.
വിഷയത്തിൽ പൂർണ്ണ തോതിൽ ചർച്ച നടന്നിട്ടില്ലെന്ന് ഘടകകക്ഷികൾ പരസ്യമായി പറയുന്നില്ലെങ്കിൽ അവരിൽ ചിലർ അത് രഹസ്യമായി അംഗീകരിക്കുന്നുണ്ട്.
പല വിഷയങ്ങളിലും വേണ്ടത്ര ചർച്ച നടക്കാത്ത മുന്നണിയുടെ ഏകോപനസമിതി നോക്കുകുത്തിയായി മാറുന്നുവെന്നതിൽ ഘടകകക്ഷികൾക്ക് കടുത്ത അമർഷമുണ്ടെന്ന സന്ദേശമാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും ലഭിക്കുന്നത്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിന്റെ ഭാഗമായി കിഫ്ബി ചൂണ്ടിക്കാട്ടി കടമെടുപ്പ് പരിധി വെട്ടിക്കുറക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയോടെയാണ് കിഫ്ബി പദ്ധതികളിൽ നിന്നും വരുമാനം കണ്ടെത്തണമെന്ന നിർദ്ദേശവുമായി സർക്കാർ നീങ്ങിയത് ഇത് സംബന്ധിച്ച് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് നിർദ്ദേശം അവതരിപ്പിച്ചത്.
എന്നാൽ റോഡുകളിൽ നിന്നും ടോൾ പിരിക്കണമെന്ന വ്യക്തമായ നിർദ്ദേശം മുന്നണി യോഗത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അത് പുറത്ത് വിട്ടിരുന്നില്ല.
എന്നാൽ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത് രഹസ്യമായി പഠനം നടക്കുന്ന കാര്യം മാധ്യമവാർത്തയായതിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.
ഇതിന് പുറമേ ടോൾ നടപ്പാക്കിയാൽ സി.പി.ഐ വീണ്ടും വെട്ടിലാവും. സാധാരണ എൽ.ഡി.എഫിൽ എടുക്കുന്ന നയതീരുമാനങ്ങൾ സി.പി.ഐ എക്‌സിക്യൂട്ടീവിൽ എൽ.ഡി.എഫിൽ പങ്കെടുക്കുന്നവർ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്.
എന്നാൽ ബ്രൂവറി, ടോൾ പിരിവ് എന്നീ വിഷയങ്ങൾ ഇതുവരെ പാർട്ടി എക്‌സിക്യൂട്ടീവിൽ റിപ്പോർട്ട് ചെയ്യുകയോ ചർച്ച നടക്കുകയോ ചെയ്തിട്ടില്ല.
അതുകൊണ്ട് തന്നെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ഉൾപ്പെട്ടിട്ടും മന്ത്രിമാർ അത് പാർട്ടിയെ കൃത്യമായി അറിയിച്ചിട്ടുണ്ടോയെന്നും അവർ എന്ത് നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും ഇനിയും പുറത്ത് വന്നിട്ടില്ല.
ഇക്കാര്യത്തിൽ പഠനം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ച വിഷയം പുറത്ത് വന്നത് രാഷ്ട്രീയമായും ഭരണപരമായും മുന്നണിക്ക് വെല്ലുവിളി സൃഷ്ടിച്ചു കഴിഞ്ഞു.