തിരുവനന്തപുരം: യു.ഡി.എഫ് സംഘടിപ്പിച്ച മലയോര ജാഥയ്ക്ക് നാളെ സമാപനം കുറിയ്ക്കും.
മലയോര കേന്ദ്രങ്ങളിലെ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജനുവരി 25 ന് കണ്ണൂരിൽ നിന്നും ആരംഭിച്ച പ്രക്ഷോഭ യാത്രയാണ് നാളെ തിരുവനന്തപുരത്ത് അമ്പൂരിയിൽ സമാപിക്കുന്നത്.
വന്യജീവി ആക്രമണങ്ങൾക്ക് ഇരയായ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവിതത്തോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന ആവശ്യം ജാഥ കടന്നുപോയ കേന്ദ്രങ്ങളിലൊക്കെ ഉയർന്നു വന്നു.
ജാഥ പിന്നിട്ട പല ജില്ലകളിലും വലിയ തോതിലുള്ള ജനപങ്കാളിത്തം യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നിലമ്പൂരിൽ അൻവർ ജാഥയുടെ ഭാഗമായതും യു.ഡി.എഫിന് ഗുണം ചെയ്യും.
വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ജാഥയുടെ ഭാഗമായിരുന്നു.
വയനാട്ടിലെ കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീടും ഇതിനിടെ യു.ഡി.എഫ് നേതാക്കളും എം.പിയും സന്ദർശിച്ചിരുന്നു.
ജാഥ പ്രഖ്യാപിച്ചപ്പോൾ തന്നെ വന നിയമഭേദഗതി നിയമം പിൻവലിച്ചത് വിജയമായി കാണുന്നുവെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുള്ളത്.
നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ ഭിന്നിപ്പിന് വഴിവെച്ചേക്കുമെന്ന അവസ്ഥയിലാണ് ജാഥ ആരംഭിച്ചതെങ്കിൽ മുതിർന്ന നേതാക്കൾക്കിടയിൽ ഐക്യ സന്ദേശം നൽകാനും ജാഥയ്ക്ക് കഴിഞ്ഞുവെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.
കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലടക്കം മുതിർന്ന നേതാക്കൾ ജാഥ കടന്നു പോകുന്ന വിവിധയിടങ്ങളിൽ പങ്കെടുത്തിരുന്നു.
സമാപന ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് പാലോട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ജാഥയെ ഫോറസ്‌റ്റ് ഓഫീസ് ജംഗ്ഷനിൽ വരവേൽക്കും.
അയ്യായിരം പേരുടെ പൊതുയോഗമാണ് സ്വാഗത സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വീകരണത്തോടനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലുമണിക്ക് നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരിയിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാ കരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, മാണി.സി.കാപ്പൻ, രാജൻ ബാബു, കെ.ദേവരാജൻ, രാജേന്ദ്രൻ വെള്ളപാല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, കൺവീനർ ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, ആനാട് ജയൻ, തുടങ്ങിയവർ പ്രസംഗിക്കും.
യു.ഡി.എഫ് ജില്ലാ നേതാക്കൾ ഇറവൂർ പ്രസന്നകുമാർ, ജോണി ചെക്കിട്ട, എം.ആർ മനോജ്, കെ.വേലപ്പൻ നായർ, പ്രകാശ് കുമാർ, മലയിൻകീഴ് നന്ദകുമാർ, അഡ്വ.എൻ.അനിൽകുമാർ, ഇടവം ഖാലിദ്, എസ്.എസ്.സുധീർ, കെ.ദസ്തഗീർ, ബി.രഘുനാഥൻ നായർ, സുധീർഷാ പാലോട്, നിസാർ മുഹമ്മദ് സുൾഫി, പി.എ.എബ്രഹാം, ബി.സുശീലൻ, വെള്ളറട ഗരീഷ് കുമാർ, തുടങ്ങിയവർ സന്നിഹിതരായിരിക്കും.
പാരിഷ് ഹാൾ ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുന്നത്.ജാഥയെ അമ്പൂരി ജംഗ്ഷനിൽ വരവേൽക്കും. താളമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരക്കും.