/sathyam/media/media_files/2025/02/05/EcU4KmxwLfFIXSjf9nFk.jpg)
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം റോഡ് ടാക്സ് വാങ്ങുന്ന കേരളത്തിൽ കിഫ്ബി വഴി നിർമ്മിച്ച റോഡുകൾക്കും പാലങ്ങൾക്കും ടോൾ ഈടാക്കാനുള്ള തീരുമാനം ജനത്തെ കൊള്ളയടിക്കുന്നതായിരിക്കും.
കിഫ്ബിയിലൂടെ നിർമ്മിക്കുന്ന ഒരു പാലത്തിലും സംസ്ഥാന സർക്കാർ ടോൾ പിരിക്കില്ലെന്ന് ജി. സുധാകരൻ മരാമത്ത് മന്ത്രിയായിരിക്കെ 2021ൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്.
വൈറ്റിലയിലേയോ കുണ്ടന്നൂരിലോ ടോൾ പിരിവ് ഇല്ലെന്നും കുതിരാൻ തുരങ്കത്തിലെ ടോളിനെതിരേ കേന്ദ്രത്തെ സമീപിക്കുമെന്നുമായിരുന്നു സുധാകരൻ സഭയിൽ വ്യക്തമാക്കിയത്.
ധനമന്ത്രിയായിരുന്ന തോമസ് ഐസകും കിഫ്ബി പാതകളിൽ ടോൾ പിരിക്കില്ലെന്ന നിലപാടിലായിരുന്നു.
എന്നാൽ 50 കോടി രൂപയിൽ കൂടുതൽ മുതൽ മുടക്കുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാനാണ് സർക്കാരിന്റെ നീക്കം.
ഇത് വൻ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഇങ്ങനെയൊരു നീക്കമെന്നാണ് സൂചന.
ഇന്ധന സെസും മോട്ടാർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന കിഫ്ബി ടോൾ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തിലെ 22ശതമാനം റോഡ് നികുതി രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.
ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകൾക്കും 2023ലെ ബജറ്റിൽ നികുതി വർദ്ധിപ്പിച്ചിരുന്നു. 30ലക്ഷം മുതലുള്ള വാഹനങ്ങൾക്കാണ് 22% നികുതിയുള്ളത്.
ഇത് വാഹനം വാങ്ങുമ്പോൾ ഒറ്റത്തവണയായി വാങ്ങുന്നതാണ്. ഇതിന് പുറമെ ദേശീയപാതകളിൽ എൻ.എച്ച് അതോറിട്ടിയുടെ ടോൾ പിരിവുണ്ട്. ഇതിനും പുറമെയാണ് കിഫ്ബി റോഡുകളിൽ സംസ്ഥാനവും ടോൾ പിരിക്കാൻ ഒരുങ്ങുന്നത്.
അതിശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കിഫ്ബി ടോൾപിരിവ് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് വേണ്ടെന്നു വയ്ക്കാനും ഇടയുണ്ട്.
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഒന്നടങ്കം കിഫ്ബി ടോൾ പിരിവിനെ എതിർക്കുകയാണ്.
ടോൾ പിരിവുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്.
റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം സമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാർ. ടോൾ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ പ്രഖ്യാപനം.
കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകൾ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം.
ടോൾ പിരിക്കേണ്ട റോഡുകളുടെയും ടോൾ തുകയുടെയും വിവരങ്ങൾ കിഫ്ബി സർക്കാരിന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.
ദേശീയ ഹൈവേ അതോററ്റി ടോൾ പിരിക്കുന്ന മാതൃകയിൽ ഫാസ്‍റ്റ് ടാഗുപയോഗിച്ച് ടോൾ പിരിക്കാനാണ് നീക്കം. ഇതിനായി കെൽട്രോൺ നാഷണൽ പേയ്മെന്റ് കോർപറേഷനുമായി ചർച്ച തുടങ്ങി.
15കിലോമീറ്റർ യാത്രയ്ക്ക് ടോൾ ഒഴിവാക്കി പ്രതിഷേധം തണുപ്പിക്കാനും ആലോചനയുണ്ട്. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള ഫീസ് ഏർപ്പെടുത്താനാണ് ആലോചന.
തദ്ദേശ വാസികൾക്ക് ടോൾ ഉണ്ടാകില്ല. നേരത്തെ ടോൾ പിരിക്കാനായി നിയമ നിർമ്മാണം വേണമെന്ന നിർദേശം മന്ത്രിസഭയിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല.
ഇന്ധന സെസും മോട്ടർ വാഹന നികുതിയുടെ പകുതിയും ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നുണ്ട്. ഇതും പോരാഞ്ഞാണ് കിഫ്ബി പാതകളിൽ ടോൾ കൂടി പിരിച്ച് വരുമാനമുണ്ടാക്കാനുള്ള നീക്കം.
ടോൾ പിരിക്കൽ പദ്ധതി മന്ത്രിസഭ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവാണ്. ടോൾ പിരിക്കുന്നതിനെതിരെ മുമ്പ് സി.പി.എം നിലപാട് എടുത്തിട്ടുണ്ട്.
അതിൽ മാറ്റം വന്നാലും സി.പി.ഐ എതിർക്കാനാണ് സാദ്ധ്യത. അതേസമയം പശ്ചാത്തല വികസനപദ്ധതികൾവഴി വരുമാനമുണ്ടാക്കാൻ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് മറുവാദം.
സ്കൂളുകൾക്കും ആശുപത്രികൾക്കും കിഫ്ബി കെട്ടിടം നിർമിച്ചു നൽകുന്നുണ്ടെങ്കിലും അതിൽനിന്ന് വരുമാനമുണ്ടാക്കാൻ വഴിയില്ല. അതിനാലാണ്, ദേശീയപാതകളിലേതുപോലെ, സംസ്ഥാനപാതകളിൽ ടോൾ ഈടാക്കാനുള്ള കിഫ്ബിയുടെ പദ്ധതി.
വരുമാനമുള്ള പദ്ധതികൾക്ക് പണം മുടക്കാനാണ് കിഫ്ബിയുടെ തുടക്കത്തിൽ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് സ്കൂൾ കെട്ടിടങ്ങൾക്കടക്കം പണം നൽകി.
അതിനാൽ തിരിച്ചടവ് പ്രതിസന്ധിയിലായി. അതിനാലാണ് റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തലവികസന പദ്ധതികളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള നീക്കം.
ദേശീയപാതകളിൽ ടോൾ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ അതേ മാതൃകയിലാണ് സംസ്ഥാനപാതകളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള കിഫ്ബിയുടെ നീക്കം.
നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിക്കുമുകളിൽ മുതൽമുടക്കുള്ളതാണ്.
ഇതിൽനിന്ന് വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഈ റോഡുകളിലെല്ലാം ടോൾ ഈടാക്കിത്തുടങ്ങും. ദേശീയപാതകളിലേതുപോലെ ടോൾ ഗേറ്റുകൾ സ്ഥാപിച്ച് ടോൾ ഈടാക്കുന്ന രീതി കിഫ്ബി പാതകളിലുണ്ടാവില്ല.
പകരം, പ്രത്യേകം ക്യാമറകൾ സ്ഥാപിക്കും. ഫാസ്ടാഗ് പോലെ ടോൾ ഈടാക്കാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കും. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കിഫ്ബി ഫണ്ടിൽ നിർമിക്കുന്നവയായതിനാൽ സംസ്ഥാനത്തു വ്യാപക ടോൾപിരിവിനാണു കളമൊരുങ്ങുന്നത്.