Advertisment

അശ്ലീല ഫോൺവിളിയിൽ കുരുങ്ങി സംസ്ഥാന മന്ത്രിയുടെ ഓഫീസ് ? വിവാദമായ ഹണിട്രാപ്പ് കേസിനു പിന്നാലെ വീണ്ടും ലൈംഗിക ആരോപണ വിവാദം. വിവാദ നായിക വകുപ്പിലെ ജീവനക്കാരി. അശ്ലീല ഫോൺ വിളി പുറത്തുവരുമെന്ന് രഹസ്യാന്വേഷണ വിഭാഗം. തടയാൻ പോലീസും. ഭരണതലത്തിൽ വീണ്ടും ലൈംഗിക അപവാദം ചൂടുപിടിക്കുന്നു- EXCLUSIVE

റെക്കോഡ് ചെയ്ത സംഭാഷണം ഇതിനോടകം ചില മാധ്യമ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. ഇത് പുറത്തുവരുന്നത് തടയാനും നീക്കങ്ങൾ സജീവമാണ്

New Update
honey trap

തിരുവനന്തപുരം : വ‌ർഷങ്ങൾക്ക് മുൻപ് ഹണിട്രാപ്പ് വിവാദത്തിൽ ഉലഞ്ഞ സർക്കാർ വീണ്ടും സമാനമായ കുരുക്കിൽ. വിവാദ വകുപ്പിലെ പ്രശസ്തയായ ജീവനക്കാരിയുമായുള്ള മന്ത്രി ഓഫീസിലെ ഉന്നതൻറെ അശ്ലീല സംഭാഷണമാണ് ഇപ്പോഴത്തെ വിവാദം. 

Advertisment

ജീവനക്കാരി ഈ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് വകുപ്പിലെ ഉന്നതനെയടക്കം ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് അസാധാരണമായ ചില ശിക്ഷാ നടപടികൾ ഈ വിവാദ വകുപ്പിലുണ്ടായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഇന്റലിജൻസ് വിഭാഗം ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 


സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നതിനിടെ, ഒരു സർക്കാർ വകുപ്പിലെ ഉന്നതരുമായുള്ള ജീവനക്കാരിയുടെ ഫോൺ സംഭാഷണം പുറത്തുവരുമെന്ന ആശങ്കയിലാണ് സർക്കാർ. 


റെക്കോഡ് ചെയ്ത സംഭാഷണം ഇതിനോടകം ചില മാധ്യമ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. ഇത് പുറത്തുവരുന്നത് തടയാനും നീക്കങ്ങൾ സജീവമാണ്.

ഒരു ചാനലിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് വനംമന്ത്രിക്കെതിരേ ആരോപണങ്ങളടങ്ങിയ വാർത്ത വന്നത്. ഈ വാർത്ത ഹണിട്രാപ്പ് എന്ന രീതിയിൽ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി പോലീസ് കേസെടുക്കുകയും ചാനലിന്റെ സി.ഇ.ഒ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 


അതിനുശേഷം ഇപ്പോഴാണ് വിവാദ വകുപ്പിനെതിരേ സമാനമായ ഗുരുതര ആരോപണം ഉയരുന്നത്. 


സംഭാഷണം റെക്കോഡ് ചെയ്ത യുവതി മന്ത്രി ഓഫീസിലെ ചില ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി ഒരു ഉന്നത ഉദ്യോഗസ്ഥനെതന്നെ സസ്പെൻഡ് ചെയ്യിച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. 

മന്ത്രിയുടെ മൂന്ന് പേഴ്സണൽ സ്റ്റാഫുകളും ആരോപണ വിധേയരാണ്. വകുപ്പിലെ ഉന്നതന്റെ നിരന്തരമുള്ള ട്രെയിൻ യാത്രകളിൽ ഈ യുവതി അനുഗമിച്ചിരുന്നതായും സൂചനയുണ്ട്.


ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ലൈംഗികാരോപണ വിവാദം പുറത്തറിഞ്ഞതോടെ മന്ത്രിയുടെ ഓഫീസിലെ മറ്റൊരു പേഴ്സണൽ സ്റ്റാഫംഗം രാജിക്കത്ത് നൽകിയിട്ടുമുണ്ട്.


ഗുരുതര ആരോപണങ്ങൾ നേരിടുന്ന ജീവനക്കാരിയാണ് ആരോപണങ്ങളുടെ കേന്ദ്രബിന്ദു. വന്യജീവി പുനരധിവാസത്തിലടക്കം ഇവർക്കെതിരേ ആരോപണങ്ങളും അന്വേഷണങ്ങളുമുണ്ടായിരുന്നു.

പരാതികളെത്തുടർന്ന് ഇവരെ സ്ഥലംമാറ്റിയിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇവർ മന്ത്രിയെയും മന്ത്രിയുടെ ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും സമീപിച്ചു.


പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ഇവർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകുന്നതിനെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തു. കൂടുതൽ അന്വേഷണത്തിനും നിർദ്ദേശിച്ചു. 


ഇതോടെ, ഉന്നതർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സംഭാഷണങ്ങൾ റെക്കോഡ് ചെയ്തത് കൈവശമുണ്ടെന്നും അവകാശപ്പെട്ട് യുവതി രംഗത്തെത്തുകയായിരുന്നെന്നാണ് വിവരം.
 
യുവതി ജോലിചെയ്ത സ്ഥലത്തെ മേലധികാരിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്ത് താൻ നിർദേശിക്കുന്നിടത്ത് നിയമിക്കണമെന്നും തനിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. 


യുവതിയുടെ സമ്മർദത്തിനുവഴങ്ങി ആവശ്യപ്പെട്ടതെല്ലാം പല ഘട്ടങ്ങളിലായി മന്ത്രിയുടെ ഓഫീസ് ചെയ്തുകൊടുത്തു. 


യുവതിയെയും അവർ നിർദേശിച്ചപ്രകാരം മേലധികാരിയെയും ആവശ്യപ്പെട്ട സ്ഥലത്തേക്കുതന്നെ മാറ്റിനിയമിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം വയനാട്ടിലേക്കും സ്ഥലംമാറ്റി. യുവതി വനിതാ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് സസ്പെൻഷൻ നടത്തിയത്.


തന്നെ വനിതാ കമ്മിഷൻ കേട്ടില്ലെന്നുകാട്ടി ഉദ്യോഗസ്ഥൻ അഡ്മിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. 


ട്രിബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഈ തീരുമാനം യുവതി അംഗീകരിച്ചില്ല. അവർ വീണ്ടും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ ഓഫീസ് നിർബന്ധിതമാവുകയായിരുന്നു. ഇതോടെയാണ് അശ്ലീല ഫോൺവിളിയുടെ വിവരങ്ങളടക്കം പുറത്തുവന്നത്.


ഇന്റലിജൻസിലെ ഉന്നത ഉദ്യോഗസ്ഥർ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അശ്ലീല ഫോൺവിളി പുറത്തുവരാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാൻ പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. 


എന്നാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയുടെ ഓഫീസ് ഇടപെട്ടുള്ള നടപടികൾക്കെതിരേ രംഗത്ത് വന്നതോടെ വിഷയം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

Advertisment