കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി, കസ്റ്റഡി മരണം, വ്യാജമായി മയക്കുമരുന്ന് കേസുകളുണ്ടാക്കൽ. ആരോപണ പെരുമഴ നേരിടുന്ന എസ്.പി സുജിത്ത്ദാസിനെ സസ്പെൻഷൻ റദ്ദാക്കി. സുജിത്ത് നേരിടുന്നത് വിജിലൻസ് മുതൽ സി.ബി.ഐ അന്വേഷണം വരെ. സർവീസ് തീരുംവരെ പി.വി.അൻവറിന് വിധേയനായിരിക്കുമെന്ന് പറഞ്ഞ് പോലീസിനാകെ നാണക്കേടുണ്ടാക്കിയ എസ്.പിയെ തിരിച്ചെടുത്തത് അതീവരഹസ്യമായി

സസ്പെൻഷൻ ആറുമാസം തികഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുജിത്തിനെ തിരിച്ചെടുത്തത്. സുജിത്തിനെതിരായ പല ആരോപണങ്ങളിലും അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sp sujithdas

തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി, കസ്റ്റഡി മരണം, വ്യാജമായി മയക്കുമരുന്ന് കേസുകളുണ്ടാക്കൽ എന്നിങ്ങനെ സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ നിരവധി ആരോപണങ്ങൾ നേരിടുന്ന എസ്.പി സുജിത്ത്ദാസിനെ സസ്പെൻഷൻ റദ്ദാക്കി അതീവ രഹസ്യമായി തിരിച്ചെടുത്തു. 

Advertisment

നിലവിൽ നിയമനം നൽകിയിട്ടില്ലെങ്കിലും ഉന്നത പദവിയിലേക്ക് സുജിത്തിനെ ഉടൻ അവരോധിക്കും. സസ്പെൻഷൻ ആറുമാസം തികഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുജിത്തിനെ തിരിച്ചെടുത്തത്. സുജിത്തിനെതിരായ പല ആരോപണങ്ങളിലും അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. 


സ്വർണക്കടത്ത് ആരോപണത്തിൽ സുജിത്തിനെതിരേ കസ്റ്റംസും അന്വേഷണം നടത്തിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസിൽ സുജിത്തിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 


ഈ കേസിലും സുജിത്തിന് സിബിഐ ക്ലീൻചിറ്റ് ഇതുവരെ നൽകിയിട്ടില്ല. ഇതിനിടയിലാണ് സുജിത്തിനെ തിരിച്ചെടുത്തത്.

പി.വി.അൻവറിനോട് സുജിത്ത് നടത്തിയ ഫോൺവിളി സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു. മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. 


ഇതേക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്നായിരുന്നു സുജിത്തിന്റെ ഫോൺസംഭാഷണം. 


ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണ്. സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60%വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. 

പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300ഗ്രാംവരെ കുറവുണ്ടെന്ന് കണ്ടെത്തി സുജിത്തിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങിയിരുന്നതാണ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് പണംവാങ്ങിയെന്ന വെളിപ്പെടുത്തലുമുണ്ടായി. ഇതോടെ സർക്കാർ സുജിത്തിനെ കൈവിടുകയായിരുന്നു.


ഗുരുതര ചട്ടലംഘനങ്ങളെത്തുടർന്ന് മുഖ്യമന്ത്രി നേരിട്ടാണ് കഴിഞ്ഞ സെപ്തംബറിൽ സുജിത്തിനെ  സസ്പെൻഡ് ചെയ്തത്. തസ്തിക നൽകാതെയാണ് തിരിച്ചെടുത്തത്. 


വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ  ചട്ടലംഘനമായിരുന്നു. ഗുരുതര ചട്ടലംഘനം നടത്തിയ എസ്.പിയെ സസ്പെൻഡ് ചെയ്യാൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ആദ്യം നൽകിയ ശുപാ‌ർശകൾ സർക്കാർ ആദ്യം അംഗീകരിച്ചിരുന്നില്ല. 

പിന്നീട് നിൽക്കക്കള്ളിയില്ലാതെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നുമടക്കം ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് ഡി.ജി.പിയുടെ ശുപാർശയിൽ അടിയന്തര നടപടിയെടുത്തത്.


സുജിത്ത് ദാസിനെതിരേ വ്യാജലഹരിക്കേസും കസ്റ്റഡിപീഡനവും അടക്കം നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. 


എറണാകുളം റൂറലിൽ എ.എസ്.പിയായിരിക്കെ ആറ് യുവാക്കളെ കഞ്ചാവ്കേസിൽ കുടുക്കിയതിനെതിരായ ഹർജി ഹൈക്കോടതിയിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവർക്കുമേൽ കഞ്ചാവ്കേസ് കെട്ടിവയ്ക്കുകയായിരുന്നു എന്നാണ് പരാതി.  

മലപ്പുറത്ത് എ.എസ്.ഐ ജീവനൊടുക്കിയതിലും സുജിത്ത്ദാസിനെതിരേ ആരോപണമുണ്ട്. പ്രതികളെ മർദ്ദിക്കാനാവശ്യപ്പെട്ടെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആക്ഷേപം. 


ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചെന്നും ആരോപണമുണ്ട്. 


താനൂരിൽ താമിർജിഫ്രിയുടെ കസ്റ്റഡിമരണത്തിലും സുജിത്ത് സംശയനിഴലിൽ. ലഹരിക്കേസിൽ സുജിത്തിന്റെ സ്ക്വാഡ് പിടികൂടിയ താമിർ എം.ഡി.എം.എ കവറുകളിൽ വിഴുങ്ങിയനിലയിൽ മരണപ്പെടുകയായിരുന്നു. ഈ കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുകയാണ്.

സുജിത്തിനെതിരേ വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി അടക്കം ഗുരുതര ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം.


സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ. ജോൺകുട്ടിയാണ് അന്വേഷിക്കുന്നത്. 


പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് സുജിത്തിനെതിരേ പി.വി.അൻവർ ഉന്നയിച്ചത്. 

സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60%വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300ഗ്രാംവരെ കുറവുണ്ടെന്നും ആരോപണം ഉയർന്നിരുന്നതാണ്.