തിരുവനന്തപുരം: ആശാ വർക്കർമാർക്ക് പിന്നാലെ അംഗൻവാടി ജീവനക്കാരും സമരത്തിലേക്ക് പോകാനിടയുണ്ടെന്ന ആശങ്കയിൽ സർക്കാർ പണം അനുവദിച്ചു.
അംഗൻവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചത്.
വിരമിച്ച അംഗൻവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.
ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുന്നതിൽ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും ഇടയിൽ വലിയ അതൃപ്തിയുണ്ട്. ഇക്കാര്യം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണം മുടങ്ങിയ പശ്ചാത്തലത്തിൽ ആശാവർക്കർമാർക്ക് പിന്നാലെ അംഗൻവാടി ജീവനക്കാരും സമരത്തിനിറങ്ങാൻ സാധ്യതയുണ്ടെന്നാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ നൽകിയ മുന്നറിയിപ്പ്.
ആശാ വർക്കർമാരുടെ സമരം നീണ്ടുപോകുന്നത് വലിയതോതിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കുന്നുണ്ട്.
ആശ വർക്കർമാർക്ക് പിന്നാലെ അംഗൻവാടി ജീവനക്കാരും വിരമിച്ചവരും കൂടി പ്രക്ഷോഭത്തിലേക്ക് വന്നാൽ ഭരണവിരുദ്ധ വികാരം ഇനിയും വർദ്ധിക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോൾ പണം അനുവദിച്ചിരിക്കുന്നത്.
അംഗൻവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നുണ്ട്.
ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു.
പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.