ആറ്റുകാല്‍ പൊങ്കാല വ്യാഴാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ണം; തലസ്ഥാന ന​ഗരിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിപുലമായ ആരോഗ്യ സേവനങ്ങളും സജ്ജം

നഗരം അലങ്കാരങ്ങളിലും ലൈറ്റുകളിലും നിറഞ്ഞു. റോഡരികുകളിൽ ഇഷ്ടികകൾ നിരത്തി പൊങ്കാലയ്ക്കായി സ്ഥലവും ഉറപ്പാക്കിത്തുടങ്ങി.  

New Update
attukal ponkala2

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർണം.

Advertisment

നഗരം അലങ്കാരങ്ങളിലും ലൈറ്റുകളിലും നിറഞ്ഞു. റോഡരികുകളിൽ ഇഷ്ടികകൾ നിരത്തി പൊങ്കാലയ്ക്കായി സ്ഥലവും ഉറപ്പാക്കിത്തുടങ്ങി.  


ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്ന് തിരുവന്തപുരം സിറ്റി പൊലീസ് അറിയിച്ചു. 


മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂടിൽ ബുദ്ധിമുട്ടുന്നവർക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ തുടങ്ങി.

സൂര്യാതപം ഏൽക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, ഐസ് പാക്ക്‌, ഐവി ഫ്ലൂയിഡ്‌, ഒആർഎസ്, ക്രീമുകൾ എന്നിവ ക്ലിനിക്കുകളിലുണ്ടാകും. 


ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ഈ ടീമിൽ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 


കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്‌. 

നഗര പരിധിയിലുള്ള അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും.


തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 10 കിടക്കകൾ പ്രത്യേകമായി സജ്ജീകരിക്കും. 


കനിവ് 108ന്റെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്. അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര - കമലേശ്വരം റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറവിള - ആറ്റുകാല്‍ റോഡ്. ചിറമുക്ക് -ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ്, മിത്രാനന്ദപുരം - ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി - സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി - എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്. മേലേ പഴവങ്ങാടി - പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്., കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ - നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം - ഉപ്പിടാംമൂട് റോഡ് ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക് ചെക്കിട്ടവിളാകം - കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.ടി പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.


പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എം.ജി റോഡുകളിലോ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല. 


ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കും.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാല്‍ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂടുവാന്‍ പാടുള്ളതല്ല.


തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല. വഴിവക്കിലും പുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല. 


റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്. പോലീസ്. മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്ന തിനുള്ള ആവശ്യമായ വഴിസൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ.