/sathyam/media/media_files/2025/03/29/jDjtDWbWLYKAcxDNI6Y3.jpg)
തിരുവനന്തപുരം : മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ എമ്പുരാനുണ്ടാക്കിയ വിവാദത്തിൽ സംവിധായകൻ പൃഥ്വിരാജിനെതിരെ കടുപ്പിക്കാൻ ആർ.എസ്.എസ്.
സിനിമയ്ക്ക് പിന്നിലെ സംഘ വിരുദ്ധത പൃഥ്വിരാജിന്റെ ആലോചനയും നടപ്പാക്കലുമാണെന്നാണ് സംഘപരിവാർ വിലയിരുത്തൽ. പൃഥ്വി പലകാലത്തും എടുത്ത സംഘപരിവാർ വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനവും ആക്രമണവും കടുപ്പിക്കുന്നത്.
സിനിമയുടെ രചിയിതാവായ മുരളീഗോപിയെയും അത്രകണ്ട് വിമർശിക്കാൻ ഓർഗനൈസർ തയ്യാറായിട്ടില്ലെന്ന് കൂടി കണക്കിലെടുക്കുമ്പോൾ പൃഥ്വിരാജാണ് ആർ.എസ്.എസിന്റെ ലക്ഷ്യമെന്ന് കൃത്യമായി പതന്നെ വ്യക്തമാകുന്നുണ്ട്.
മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ പണം വാരുന്നതിനൊപ്പം ഒരുപിടി വിവാദങ്ങൾ കൂടിയാണ് വാരിയെടുക്കുന്നത്.
എല്ലാ കാലത്തും ബി.ജെ.പി- ആർ.എസ്.എസ് വൃത്തങ്ങളോട് ഏറെ അടുപ്പം പുലർത്തിയിരുന്ന മോഹൻലാൽ അഭിനയിച്ച ചിത്രത്തിൽ നിന്നും തങ്ങൾക്കൊരു രാഷ്ട്രീയ തിരിച്ചടി നേരിട്ടതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും സംഘപരിവാറും ബി.ജെ.പിയുമുള്ളത്.
റീലീസ് ദിവസം രാവിലെ മാത്രമാണ് മോഹൻലാലും ഗോകുലം ഗോപാലനും ചിത്രം മുഴുവനായി കണ്ടെതെന്നാണ് അവരെ വെറുതെ വിടാൻ സംഘപരിവാർ പ്രചരിപ്പിക്കുന്ന ന്യായീകരണം.
പൃഥ്വിരാജിന്റെ ചതിയാണ് പിന്നിലെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ വളരെക്കാലം നീണ്ടുനിന്ന ഷൂട്ടിംഗ് ഷെഡ്യൂളുള്ള ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പ്രധാന നടൻ വ്യക്തമായി വായിച്ചില്ല എന്ന് പറയുന്നതിൽ വിശ്വാസ്യതക്കുറവുണ്ട്.
മോഹൻലാലിന്റെ ഭാഗങ്ങൾ മാത്രമാണ് അദ്ദേഹം വായിച്ചതെന്നുമുള്ള ക്യാപ്‌സ്യൂളുകളും പ്രചാരണത്തിലുണ്ട്.
ഇതിന് പുറമേ ലൈക്കയിൽ നിന്നും സിനിമയുടെ അവകാശം വാങ്ങിയ ഗോകുലം ഗോപാലൻ സിനിമ കൃത്യമായി കണ്ടില്ലെന്നും റിലീസ് ദിവസം രാവിലെ കണ്ടപ്പോൾ അദ്ദേഹം ഇത്തരം ആശങ്കകൾ പലരോടും പങ്കുവെച്ചതായും ചില റിപ്പോർട്ടുകളുണ്ട്.
അതുകൊണ്ട് തന്നെ രണ്ട് പേരെയും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തൽക്കാലം വെറുതെ വിടാനാണ് ആർ.എസ്.എസ് ആലോചന. എന്നാൽ പൃഥ്വിരാജിന്റെ സാമ്പത്തിക സ്രോതസടക്കം അന്വേഷിക്കണമെന്ന ആവശ്യവും ആർ.എസ്.എസിലെ പലരും മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ബോംബെ ബാന്ദ്രയിൽ വാങ്ങിയിട്ടുള്ള ഫ്‌ളാറ്റടക്കം ചുറ്റിപ്പറ്റിയാണ് ആരോപണങ്ങൾ ഉയരുന്നത്. പൃഥ്വിരാജിന്റെ മുൻകാല നിലപാടുകളിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമാണ് പ്രതിഫലിക്കുന്നതെന്നും അതുകൊണ്ട് തന്നെ സംവിധായകൻ കൂടിയായ അദ്ദേഹത്തിനെതിരായ നിലപാടുകൾ മയപ്പെടുത്തേണ്ടതില്ലെന്നുമാണ് പൊതുവിൽ ബി.ജെ.പിയിലും ആർ.എസ്.എസിലും രൂപപ്പെട്ടിരിക്കുന്ന ധാരണ.
കേരളത്തിൽ നിന്നുള്ള സെൻസർ ബോർഡ് അംഗങ്ങൾക്കുണ്ടായ ജാഗ്രതക്കുറവിലും ആർ.എസ്.എസിന് അതൃപ്തിയുണ്ട്. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇത്തരമൊരു സിനിമ ബി.ജെ.പിയുടെ രാഷ്ട്രീയ സാദ്ധ്യത ഇല്ലാതാക്കുമെന്നും സംഘപരിവാർ കേന്ദ്രങ്ങൾ ഭയപ്പെടുന്നു.