/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ മത്സരം വിലക്കിയ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ അതൃപ്തി പുകയുന്നു.
പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് മത്സരം വിലക്കിയ തീരുമാനമെന്നാണ് ജില്ലാ കൗൺസിൽ മുതൽ താഴേക്കുളള ഘടകങ്ങളിലുളള നേതാക്കൾ ഉന്നയിക്കുന്ന വിമർശനം.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നത് ഓരോ സമ്മേളനങ്ങളിലും പ്രതിനിധികളായി പങ്കെടുക്കുന്നവരുടെ അവകാശമാണ്.
അത് ഏകകണ്ഠമായോ ഔദ്യോഗിക പാനലിനെതിരായ മത്സരത്തിലൂടെയോ തിരഞ്ഞെടുക്കാൻ തടസമില്ല.
പാർട്ടി ഭരണഘടനയും അത് അനുവദിക്കുന്നുണ്ട്.എന്നിട്ടും സമ്മേളനങ്ങളിൽ മത്സരം വിലക്കിയ സംസ്ഥാന നേതൃത്വത്തിൻെറ തീരുമാനം തീർത്തും ഭരണഘടനാ വിരുദ്ധമാണെന്നാണ് കീഴ് ഘടകങ്ങളിൽ ഉയരുന്ന വിമർശനം.
മദ്യപാനം വിലക്കിയ പെരുമാറ്റച്ചട്ടം പോലെ സംസ്ഥാന നേതൃത്വത്തിൻെറ മറ്റൊരു മണ്ടൻ തീരുമാനമാണ് സമ്മേളനങ്ങളിലെ മത്സരം വിലക്കൽ എന്നാണ് സി.പി.ഐയിൽ പൊതുവിൽ ഉയരുന്ന വിമർശനം.
പൊതുമധ്യത്തിൽ മദ്യപിക്കരുതെന്നും വേണമെങ്കിൽ വീട്ടിലിരുന്ന് മദ്യപിച്ചോളു എന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ പ്രതികരണം ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു.
കാനം രാജേന്ദ്രന്റെ പിൻഗാമിയായി സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറിയല്ല.
കാനത്തിന്റെ ആഗ്രഹപ്രകാരമെന്ന് പറഞ്ഞാണ് സംസ്കാരം നടന്നതിന് പിന്നാലെ ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലൂടെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ബിനോയ് വിശ്വം, തന്നെ പിന്തുണക്കുന്ന പ്രതിനിധികളാണ് സമ്മേളനത്തിന് എത്തുന്നതെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മത്സരം വിലക്കുന്നതെന്നാണ് ആക്ഷേപം.
സംസ്ഥാന സെക്രട്ടറിയായുളള ബിനോയ് വിശ്വത്തിന്റെ പ്രവർത്തനത്തിൽ പഴയ കാനം പക്ഷത്തെ പ്രധാനികൾക്ക് പോലും തൃപ്തിയില്ല.
ബിനോയ് വിശ്വത്തെ വെച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ അപകടത്തിലാകുമെന്ന ആശങ്കയുളള ഈ നേതാക്കൾ സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടറിയ്ക്കായുളള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇത് മനസിലാക്കിയാണ് പാർട്ടി സമ്മേളനങ്ങളിൽ മത്സരം വിലക്കിക്കൊണ്ടുളള മാർഗ നിർദ്ദേശം പുറപ്പെടുവിച്ചത്.
സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കുമെന്ന ആശങ്കയാണ് അസാധാരണ നീക്കത്തിനു പിന്നിൽ.
സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരത്തിന് നീക്കമുണ്ടായാൽ ആ സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്യാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം.
കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് അംഗീകരിച്ച മത്സരം വിലക്കുന്നത് ഉൾപ്പെടെയുളള സമ്മേളന മാർഗ നിർദ്ദേശങ്ങൾ കീഴ് ഘടകങ്ങളിലേക്ക് റിപോർട്ട് ചെയ്ത് തുടങ്ങി.
ജില്ലാ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ് പാർട്ടി സർക്കുലർ എന്ന പേരിൽ മത്സര വിലക്ക് റിപ്പോർട്ട് ചെയ്യുന്നത്.
ഏതെങ്കിലും സമ്മേളനങ്ങളിൽ മത്സരം ഉണ്ടാവുകയോ മത്സരത്തിന് ആരെങ്കിലും അതിനായി തയാറെടുക്കുകയോ ചെയ്താൽ ആ സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്യണം.
പിന്നീട് പാർട്ടി കോൺഗ്രസിന് ശേഷം സമ്മേളനം നടത്തി നടപടികൾ പൂർത്തീകരിക്കണം എന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.
സംസ്ഥാന സെക്രട്ടറിക്കും നേതൃത്വത്തിനുമെതിരെ സി.പി.ഐ യിൽ വലിയ അതൃപ്തിയുണ്ട്.
മുതിർന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെയുള്ള നടപടിയിലും അമർഷം ശക്തമാണ്.
സമ്മേളനങ്ങൾ പുരോഗമിക്കുന്നതോറും ഇത് രൂക്ഷമാകുമെന്നും ഉയർന്ന ഘടകങ്ങളുടെ സമ്മേളനങ്ങളിൽ പോലും മത്സരം ഉണ്ടായേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മുൻകൈയെടുത്ത് മത്സരങ്ങൾ നടത്തിയിരുന്നു. എതിർവിഭാഗത്തെ വെട്ടി നിരത്താൻ ആയിരുന്നു ഈ മത്സരങ്ങൾ.
ഇത്തവണ അതെല്ലാം തിരിച്ചടിക്കുമെന്ന ആശങ്കയും ഔദ്യോഗിക വിഭാഗത്തിനുണ്ട്.
ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി സി,പി.ഐയിലെ സമ്മേളനങ്ങൾ മണ്ഡലം തലത്തിലേക്ക് എത്തുന്ന ഘട്ടത്തിലാണ് മത്സരം വിലക്കൽ എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റിലാണ് ജില്ലാ സമ്മേളനങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം.