തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കുക, കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു.
ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. ഇതുവരെ കണ്ടെത്തി ഉപയോഗിക്കാത്ത സമുദ്ര സാധ്യതകള്‍ ടൂറിസ്റ്റുകള്‍ക്കായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസം നയത്തിന് അന്തിമരൂപം നല്‍കി.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂയിസ് റൂട്ടുകള്‍ ആരംഭിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഇത് വിനോദസഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാകും നല്‍കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരട് ക്രൂയിസ് ടൂറിസം നയത്തിന് അനുമതി ലഭിച്ചേക്കും.
കേരള മാരിടൈം ബോര്‍ഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളില്‍ ക്രൂയിസ് ഓപ്പറേഷന്‍സ് ആരംഭിക്കാനാണ് പദ്ധതി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്ന സാഹചര്യത്തില്‍ ക്രൂയിസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.