/sathyam/media/media_files/2025/04/08/6f7AG05yAa6K9Gl8CUnu.jpg)
തിരുവനന്തപുരം: വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് അടിക്കടി ആവർത്തിക്കുന്ന സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബി താൻ നടപ്പാക്കാനിരിക്കുന്ന നയം വ്യക്തമാക്കുകയാണ്.
സി.പി.എമ്മിൽ ആരും ആരുടേയും മുകളിലല്ലെന്നും പാർട്ടിയിലെ വ്യത്യസ്ത ഘടകങ്ങളിലെത്തുമ്പോൾ ഒരാൾ മറ്റൊരാളുടെ മുകളിലായി എന്നർത്ഥമില്ലെന്നും ബേബി പറയുന്നത് പിണറായിയുടെ ആഞ്ജാനുവർത്തിയായി താൻ മാറുമെന്ന പ്രചാരണത്തിന് മറുപടിയെന്നോണമാണ്.
തുടർഭരണം ലക്ഷ്യമിട്ട് പിണറായിയെ ഉയർത്തിക്കാട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെങ്കിലും മുഖ്യമന്ത്രി ആരാവുമെന്നതിലടക്കം ഉചിതമായ സമയത്ത് പാർട്ടി തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബേബി വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ അഭിമുഖങ്ങളിലും വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് ബേബി ആവർത്തിക്കുകയാണ്.
അതേസമയം, ബേബിയുടെ ഈ നിലപാടിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വവും കണ്ണൂർ ലോബിയും കടുത്ത അസ്വസ്ഥരാണ്.
പൂർണമനസോടെയല്ല ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ പിണറായി സമ്മതം മൂളിയത്. ബേബിക്ക് പകരം പരിഗണിച്ചിരുന്ന ധാവ്‍ളെ തന്റെ ചൊൽപ്പടിക്ക് നിൽക്കാനിടയില്ലെന്ന കണക്കുകൂട്ടൽ പിണറായിക്കുണ്ടായിരുന്നു.
അതിനാലാണ് താരതമ്യേന മെരുക്കാൻ എളുപ്പമായ ബേബിയെ പിണറായി പിന്തുണച്ചത്. എന്നാൽ ആദ്യ പ്രതികരണങ്ങളിൽ തന്നെ താൻ പിണറായിക്ക് വിധേയനായിരിക്കില്ലെന്ന സൂചന ബേബി നൽകി.
ഇതോടെ പാർട്ടിയിലെ കരുത്തരായ കേരള ഘടകം ബേബിക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ്.
പാർട്ടിയുടെ മുഖ്യ വരുമാന സ്രോതസ് കേരള ഘടകമാണ്. ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം പ്രവർത്തിക്കാൻ കേരളത്തിൽ നിന്നുള്ള ഫണ്ട് വേണം.
അതിനാൽ കേരള ഘടകത്തെയും പിണറായിയെയും പിണക്കി ബേബിക്ക് സ്വന്തം ശൈലിയും താത്പര്യങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പിണറായി വിജയൻ പ്രായംകൊണ്ടും അനുഭവസമ്പത്തു കൊണ്ടും ഉന്നതനാണെന്നും കൊവിഡും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടായപ്പോൾ അദ്ദേഹം തന്റെ ഭരണമികവിലൂടെ ഓരോ വീട്ടിലെയും കാരണവരായി മാറിയെന്നുെം ബേബി ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
വരുന്ന രണ്ട് തിരഞ്ഞെടുപ്പിലും പിണറായി തന്നെ കേരളത്തിലെ കൂട്ടായ നേതൃത്വത്തിന്റെ തലപ്പത്തുണ്ടാവും. ഇപ്പോൾ അദ്ദേഹത്തിന്റെ മകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലൊന്നും വസ്തുതയില്ല.
കേരളീയ ജനതയെ സംബന്ധിച്ച് സ്വീകാര്യനും ജനകീയനും അതിനെല്ലാമപ്പുറത്ത് ഒരു രക്ഷകർത്താവെന്ന പ്രതീതിയും പിണറായിയിലുണ്ട്.
മാസപ്പടിക്കേസിൽ പിണറായിക്ക് പ്രതിരോധം തീർക്കാനും ബേബി ശ്രമിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സി.എം.ആർ.എൽ കമ്പനി പണം നൽകിയത് കൃത്യമായ സേവനം നൽകിയിട്ടാണ്.
അതിന് അവർ നികുതി അടച്ചിട്ടുണ്ട് എന്നാണ് ബേബി പറഞ്ഞത്. അതേസമയം പാർട്ടിയിലെ വ്യക്തി ആരാധനയ്ക്കെതിരെയും ബേബി ആഞ്ഞടിച്ചു. കണ്ണൂരിലെ പി.ജയരാജനെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. പി.ജയരാജന് ഒരുപാട് ആരാധകരുണ്ട്.
അദ്ദേഹം ജീവിച്ചിരിക്കുന്ന അത്ഭുതമാണ്. ജനങ്ങൾക്ക് അദ്ദേഹത്തോട് ആരാധനയുണ്ട്.
ജനങ്ങൾ ചെന്താരകമെന്നോ, കണ്ണേ, കരളേ എന്നൊക്കെ വിളിക്കും. അത് അതിരു കടക്കുന്നുവെന്ന് തോന്നുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്നാണ് ബേബി പറഞ്ഞത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് ബേബി പറയുന്നത് ഇങ്ങനെ- കേരളം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും പോകുന്ന ഘട്ടത്തിലാണ് പാർട്ടി കോൺഗ്രസ് നടന്നതും പുതിയ കേന്ദ്ര കമ്മിറ്റിയും നേതൃത്വവും തീരുമാനിക്കപ്പെടുന്നതും. ഇരു തിരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം ഉണ്ടാക്കണം.
കേരളത്തിലെ ഇടതുപക്ഷ ജനധാപത്യ മുന്നണി സർക്കാരിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പാർട്ടി കോൺഗ്രസ് പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ആ കടമ ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പരിശ്രമങ്ങളെ സഹായിക്കാൻ അഖിലേന്ത്യാ പാർട്ടി ഒപ്പമുണ്ടാകും.
കേരളത്തിൽ മൂന്നാമതും തുടർഭരണം നേടിയെടുക്കണം. അക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നാണ് ഇപ്പോൾ പറയാനുള്ളത്.
മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും ഉള്ളൊരു സംസ്ഥാനത്ത് അതിന്റേതായ ജാഗ്രതയുണ്ടാകും. എന്നാൽ, ജനറൽ സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടിയുമായും പ്രസ്ഥാനവുമായും ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധിക്കാൻ ബാധ്യസ്ഥനാണ്- ബേബി നയം വ്യക്തമാക്കി.
അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായിയാണോ എന്നതിൽ ബേബി നയം വ്യക്തമാക്കിയത് ഇങ്ങനെ- കഴിഞ്ഞ രണ്ട് ടേമുകളിലായി കേരളത്തിലെ ഭരണ നേതൃത്വത്തിൽ പിണറായി വഹിച്ച പങ്ക്, അദ്ദേഹത്തിന്റേ നേതൃത്വം തുടങ്ങിയവ കൂടി മുൻനിറുത്തിയാവും തിരഞ്ഞെടുപ്പിനെ നേരിടുക. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളാണ് മുഖ്യമായും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക.
സി.പി.എമ്മിൽ ഒരുകാലത്തും വ്യക്തി കേന്ദ്രീകൃതമായല്ല പാർട്ടിയെ നയിച്ചത്. വ്യക്തികളെയെല്ലാം കൂട്ടായ നേതൃത്വം നയിക്കുകയായിരുന്നു.
എങ്കിലും പി. കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജിയും സി.എച്ച് കണാരനും നായനാരും വി.എസും തുടർന്ന് പിണറായിയും നൽകിയ സംഭാവനകൾ ഈ പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിൽ വഹിച്ച പങ്ക് വളരേയെറെ വലുതാണ്.
കേരളത്തിൽ ആദ്യമായിട്ട് ഒരു തുടർഭരണം എന്നതിൽ പിണറായി വിജയനെന്ന നേതാവിന്റെ പങ്ക് ചെറുതല്ല. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വലിയ നേട്ടമാണ് പാർട്ടിക്ക് കൈവരിക്കാൻ കഴിഞ്ഞത്- ബേബി വ്യക്തമാക്കി.
കോൺഗ്രസുമായുള്ള സഹകരണത്തിലും കേരള ഘടകത്തിന്റെ നിലപാടല്ല ബേബിക്കുള്ളത്.
കോൺഗ്രസിന്റെ ചെലവിൽ മാത്രമല്ല, സി.പി.എം സ്വാധീനമേഖലയിലും ബി.ജെപി വളരുന്നുണ്ടെന്നും ബി.ജെ.പി യെ അധികാരത്തിൽ നിന്നിറക്കാൻ , സഹകരിക്കാൻ കഴിയുന്നിടത്തെല്ലാം കോൺഗ്രസുമായി സഹകരിക്കുമെന്നുമാണ് ബേബിയുടെ നിലപാട്.
ബി.ജെ.പിയെയും നവഫാസിസ്റ്റ് ശക്തികളെയും പരാജയപ്പെടുത്തുന്നതിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് പ്രധാനമായ പങ്ക് വഹിക്കാനുണ്ട്.
അതവർ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. മനസിലാക്കുന്നുണ്ടെങ്കിൽ നരസിംഹ റാവു ഗവൺമെന്റ് മുതൽ തുടർന്നുവന്ന കുത്തകകളെ പ്രീണിപ്പിച്ച സാമ്പത്തിക നയം തിരുത്താനുള്ള ശ്രമം കൂടി ഉണ്ടാകണം.
ഇന്ത്യൻ സമൂഹത്തിന്റെ കോശത്തിൽ സംഘപരിവാർ കുത്തിനിറച്ച വർഗീയ വിഷത്തെ ഇല്ലാതാക്കാക്കുക പ്രധാന ലക്ഷ്യമാണ്.
നവഫാസിസത്തെ ഇല്ലാതാക്കാൻ സി.പി.എമ്മിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും സ്വാധീനം പതിന്മടങ് വർദ്ധിപ്പിക്കണം.
കുറവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. ആം ആദ്മി പാർട്ടി ഭരിച്ചരുന്ന ഡൽഹിയിൽ ഇപ്പോൾ ബി.ജെ.പി ഭരിക്കുന്നതിന് കോൺഗ്രസിന് എന്തെങ്കിലും പങ്കുണ്ടോ.
ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെങ്കിൽ പ്രതീക്ഷിക്കാൻ മറ്റെന്താണുള്ളതെന്നും പാർട്ടിയുടെ സ്വാധീനം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു .