ബില്ലിന് അംഗീകാരം നല്‍കാന്‍ ഒരു സമയപരിധിയുമില്ല. സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍

ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല.

New Update
Governor Rajendra Vishwanath Arlekar

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി അതിരുകടന്നതെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 

Advertisment

ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.


ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. തമിഴ്നാടിന്‍റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. 


അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. സുപ്രീംകോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുകയാണ് ചെയ്യുന്നത്- ഗവര്‍ണര്‍ പറഞ്ഞു.

''ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. 

ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? അത് മനസ്സിലാകുന്നില്ല.

 ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു'', ഗവര്‍ണര്‍ പറഞ്ഞു.


നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്. 


ബില്ലുകളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങള്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ഉണ്ടാകും. 

അതവര്‍ പരിഹരിക്കട്ടെ. നമ്മള്‍ കാണുന്നതാണ്, വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും അവസ്ഥ ഒന്നു തന്നെ.

അതിനു പിന്നില്‍ ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടാകാം. അങ്ങനെയെങ്കില്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. 

ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.