കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ വകുപ്പ് ഒഴിഞ്ഞ മുഖ്യമന്ത്രിമാരുള്ള കേരളത്തിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുമോ ? വിരമിച്ച ശേഷം കിഫ്ബി ഭരിക്കവേ എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവാധികാരിയാക്കി. പ്രധാന സർക്കാർ തീരുമാനങ്ങളെല്ലാം ഇപ്പോഴും എടുക്കുന്നത് എബ്രഹാം തന്നെ. ശിവശങ്കറിന് പിന്നാലെ എബ്രഹാമും. കാലക്കേട് ഒഴിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ

ചീഫ്സെക്രട്ടറിയായി വിരമിച്ച ശേഷം കിഫ്ബിയുടെ സി.ഇ.ഒയായി പ്രവർത്തിക്കുകയായിരുന്ന എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവിയിൽ അവരോധിക്കുകയായിരുന്നു.

New Update
k m abhraham

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കേസുകളും അന്വേഷണങ്ങളും ആവർത്തിക്കുന്നു.

Advertisment

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരേ എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ് അടക്കം അന്വേഷണം നടത്തിയിരുന്നു. സ്വർണക്കടത്ത് കേസിലായിരുന്നു ഈ ഏജൻസികളുടെ നടപടികൾ.

ഇപ്പോഴത്തെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐയുടെ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.


അനധികൃത സ്വത്തുക്കൾ വൻതോതിൽ നേടിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന എബ്രഹാം ഇനി എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരും എന്നതാണ് ചോദ്യം.


ചീഫ്സെക്രട്ടറിയായി വിരമിച്ച ശേഷം കിഫ്ബിയുടെ സി.ഇ.ഒയായി പ്രവർത്തിക്കുകയായിരുന്ന എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവിയിൽ അവരോധിക്കുകയായിരുന്നു.

ഇപ്പോഴും ധനവകുപ്പ് ഭരിക്കുന്നത് എബ്രഹാമാണെന്നാണ് സെക്രട്ടേറിയറ്റിൽ പരസ്യമായ രഹസ്യം. വായ്പയെടുക്കാനുള്ള പരിധി ഉയർത്താത്തതിൽ കേന്ദ്രസർക്കാരിനെതിരേ കേസ് കൊടുത്തതടക്കം എബ്രഹാമിന്റെ തീരുമാനമായിരുന്നു.

സർക്കാരിന്റെ പല സുപ്രധാന തീരുമാനങ്ങളുടെയും പിന്നിൽ എബ്രഹാമാണെന്നും വിവരമുണ്ട്. അതിനിടെയാണ്,  വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അദ്ദേഹത്തിനെതിരേ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

വിജിലൻസ് അന്വേഷണം കോടതി പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രി വിജിലൻസ് വകുപ്പൊഴിഞ്ഞ് നാടാണിത്. ടൈറ്റാനിയം കേസിലായിരുന്നു ഉമ്മൻചാണ്ടിയുടെ ആ നീക്കം.


എന്നാൽ സി.ബി.ഐ അന്വേഷണം നേരിടുന്ന എബ്രഹാം ആ സ്ഥാനത്ത് തുടരുമോയെന്നാണ് ഇനി അറിയേണ്ടത്. ഇടത്, വലത് മുന്നണികളുടെ അടുപ്പക്കാരനായ എബ്രഹാം അവരെയെല്ലാം മാനേജ് ചെയ്യാനും മിടുക്കനാണ്. 


നേരത്തേ എബ്രഹാമിനെതിരേ ചീഫ്സെക്രട്ടറിയും വിജിലൻസും അന്വേഷണം നടത്തി ക്ലീൻചിറ്റ് നൽകിയിരുന്നതാണ്. എന്നാൽ വിജിലൻസിന്റെ അന്വേഷണവും കണ്ടെത്തലുകളുമെല്ലാം റദ്ദാക്കിയാണ് സി.ബി.ഐയുടെ പുതിയ അന്വേഷണം.

പരാതി, പരാതിക്കാരന്റെ മൊഴി, അതിൻമേൽ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്.

വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാൽ ഇനി അതിന്റെ ആവശ്യമില്ല. കേസ് ഏറ്റെടുത്ത് സി.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കണം.


കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സി.ബി.ഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ട്.


തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017ലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ കേസുമായി ബന്ധപ്പെട്ട് അവിടെ നിലവിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചതായും വ്യക്തമാക്കി.

ഔദ്യോഗിക പദവി ദുരുപയോഗിച്ച് കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് പരാതി നൽകിയത്. 

2015ൽ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കമുള്ള പരാതികളാണ് ഉന്നയിച്ചത്.

ശമ്പളത്തേക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കാൻ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.


എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാൽ ആണ് തന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്‌മെന്റിൽ ഉൾപ്പെടുത്താത്തതെന്നും വിജിലൻസിന് കെ. എം. എബ്രഹാം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 


എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഓണർഷിപ്പ് എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊല്ലം കോർപ്പറേഷനിൽ നിന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.

എബ്രഹാം സർവീസിൽ പ്രവേശിച്ചതു മുതൽ 33 വർഷത്തിനിടെ, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂൾ 16 പ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട പ്രോപ്പർട്ടി സ്റ്റേറ്റ്‌മെന്റിൽ ഭാര്യയുടെയും, മക്കളുടെയും സ്വത്തുവിവരങ്ങൾ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോൻ പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കു നൽകിയ വിശദീകരണത്തിൽ, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് അറിയിച്ചത്.


വിജിലൻസ് അന്വേഷണത്തിൽ ഭാര്യയുടെ ബാങ്ക് ലോക്കറിൽ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ വാങ്ങിയതിന്റെയും ബാങ്കിടപാടുകളുടെയും രേഖകൾ കിട്ടിയതായി ഹർജിയിൽ പറയുന്നു.


 എബ്രഹാം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ, 2015 മേയ് 25-നാണ് അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വിജിലൻസിനും ആദ്യം പരാതി നൽകിയത്.

വിജിലൻസിന്റെ ത്വരിത പരിശോധനയിൽ കോടതി കെ.എം. എബ്രഹാമിന് ക്ലീൻചിറ്റ് നൽകിയതോടെ ജോമോൻ ഹൈക്കോടതിയിലെത്തി. ആസ്തിബാധ്യതാ കണക്കിൽ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം നൽകിയില്ലെന്നും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്നുമായിരുന്നു പരാതി.

പരാതിയിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോൾ, ഭാര്യ ഷേർളിക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളല്ലാതെ മറ്റ് സ്വത്തുവകകൾ ഒന്നുമില്ലെന്ന വിശദീകരണമാണ് കെ.എം. എബ്രഹാം നൽകിയത്.


ഇതിനുപിന്നാലെ ജോമോൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ 2016 സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം കോടതി കെ.എം. എബ്രഹാമിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് വിവാദമായി. 


ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു ഇത്. ഐഎഎസ് - ഐപിഎസ് പോരിനും ഇത് വഴിവെച്ചു. ഇതിനിടെ, കെ.എം. എബ്രഹാം 2000 മുതൽ 2015 വരെയുള്ള കാലത്തിനിടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്. രാജേന്ദ്രന് ഐപിഎസ് ലഭിച്ചതോടെ അദ്ദേഹം മാറി, മറ്റൊരു ഡിവൈഎസ്‍പി അന്വേഷണച്ചുമതലയേറ്റു.

പരാതിയിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. തുടർന്ന് കേസ് എഴുതിത്തള്ളാൻ‌ റിപ്പോർട്ട് നൽകുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് 2018-ൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ ഹൈക്കോടതിയെ സമീപിച്ചത്.