മംഗലപുരത്ത് കാറിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങൾ കാട്ടി 18 കാരനെ തട്ടിക്കൊണ്ടുപോയി, കേസെടുത്തു

യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു.

New Update
kerala police vehicle1

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിറുത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.

Advertisment

മേലേതോന്നയ്ക്കൽ ഖബറടി നിഹാസ് മൻസിലിൽ ബിലാൽ (18) നെയാണ് കാറിലെത്തിയ ഏഴംഗസംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്.

മംഗലപുരം കാരോട് വച്ചായിരുന്നു സംഭവം. 

കാറിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷവും സംഘം പിൻതുടർന്നെത്തി അസഭ്യം പറഞ്ഞുവെന്ന് യുവാവിന്‍റെ വീട്ടുകാർ മംഗലപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു.

പരാതിയെ തുടർന്ന് മംഗലപുരം സ്വദേശികളായ യാസീൻ, സജീദ്, ഷമീർ, നാഫി കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവിന്‍റെ സ്കൂട്ടർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത് എതിർ സംഘത്തെ വരുതിയിലാക്കാനാണെന്നും വിവരം ലഭിച്ചതായി പൊലീസ്. 

പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പൊലീസ് അറിയിച്ചു.