/sathyam/media/media_files/2025/04/14/I4BgOHErKYdO1qOlTL5w.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളുടെയും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്സിന്റെയും പേരിൽ സിപിഎമ്മുമായി സിപിഐ ഇടഞ്ഞു നിൽക്കുന്നതിനിടയിൽ പി എം ശ്രീ പദ്ധതിയും മറ്റൊരു വിവാദ വിഷയമാവുന്നു.
കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിക്കെതിരെ കടുത്ത എതിർപ്പിലാണ് സിപിഐയും അവരുടെ വകുപ്പ് മന്ത്രിമാരും.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വം മന്ത്രി ശിവൻകുട്ടിയെക്കൊണ്ട് മറുപടി നൽകിയിരുന്നു.
ഇതിനിടയിൽ പി എം ശ്രീ പദ്ധതിയോടുള്ള സിപിഐ എതിർപ്പും ശിവൻകുട്ടി പരാമർശിച്ചിരുന്നു.
പിഎംശ്രീ പദ്ധതിയിൽ ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് സൂചിപ്പിച്ച ശിവൻകുട്ടി , കേന്ദ്ര സർക്കാർ കാശായതിനാൽ കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
നിലവിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തയാറാകാത്ത കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതോടെ ഇത് നടപ്പാക്കാൻ നിർബന്ധിതമാവും എന്നാണ് സിപിഐ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് സിപിഎം കാര്യമാക്കുന്നില്ലെന്ന സൂചനയാണ് ശിവൻകുട്ടിയിലൂടെ സിപിഎം വ്യക്തമാക്കിയത്. വൈകാതെ ഇത് എൽ ഡിഎഫിലും സിപിഎം കൊണ്ടു വന്നേക്കും.
കേന്ദ്ര സർക്കാർ കാശായതിനാൽ കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്ന നിലപാട് സിപിഎമ്മിന്റെയും മുൻ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.
കേന്ദ്രത്തിൽ നിന്ന് വിദ്യാഭ്യാസ പദ്ധതികൾക്കു കേരളത്തിനു കിട്ടേണ്ട 1186 കോടി രൂപ നഷ്ടപ്പെടുത്തരുതെന്ന തീരുമാനത്തിലാണ് പൊതു വിദ്യാഭ്യസ വകുപ്പ്.
അതേസമയം ഈ വിഷയത്തിൽ നിയമ പോരാട്ടത്തിന്റെ വഴിയിലേക്ക് കടക്കുകയാണ് തമിഴ്നാട് ഗവണ്മെന്റ്.
ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുകയും ചെയ്താൽ മാത്രം സമഗ്ര ശിക്ഷാ ഫണ്ട് നൽകുമെന്ന കേന്ദ്ര സമീപനം ഭരണഘടനാ വിരുദ്ധമാണെന്നാണ് തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ പി എം ശ്രീ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും നയപരമായ തീരുമാനം ആവശ്യമാണെന്നുമുള്ള സിപിഐ എതിർപ്പ് തള്ളിക്കളഞ്ഞുകൊണ്ട് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സാഹചര്യം ഒരുക്കാൻ സിപിഎമ്മിനുള്ളിൽ തന്നെ തീരുമാനമായി എന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന തെളിയിക്കുന്നത്.