തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ശുപാര്‍ശ. ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹേബ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു. ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിലാണ് നടപടി.
വ്യാജ മൊഴിയില്‍ നടപടി ആവശ്യപ്പെട്ട് വിജയന്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഡി.ജി.പിയുടെ അഭിപ്രായം തേടുകയായിരുന്നു.
സ്വര്‍ണക്കടത്തില്‍ വിജയന് പങ്കുണ്ടെന്നായിരുന്നു എം.ആര്‍. അജിത് കുമാറിന്റെ മൊഴി. എസ്.പി സുജിത് ദാസ് സ്വര്‍ണക്കടത്ത് കേസില്‍ വിജയനും പങ്കുണ്ടെന്ന് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. എന്നാല്‍ സുജിത് ദാസ് ഇത് നിഷേധിച്ചിരുന്നു.
നിലവില്‍ അജിത് കുമാറിനെതിരെ സിവില്‍-ക്രിമിനല്‍ കേസുകള്‍ എടുക്കാനാണ് ഡി.ജി.പി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രണ്ട് മാസം മുമ്പാണ് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.