കെ.എം.എബ്രഹാമിനെ സർക്കാർ കൈവിടില്ല. സി.ബി.ഐ അന്വേഷണ ഉത്തരവിനെതിരേ എബ്രഹാം അപ്പീൽ നൽകും. അതുവരെ കാക്കാൻ സർക്കാർ തീരുമാനം. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്ന് മുഖ്യമന്ത്രിയെ അറിയിച്ച് എബ്രഹാം. ലാവ്‍ലിൻ കേസിലെ പ്രധാന ‌സാക്ഷിയായതിനാലാണ് എബ്രഹാമിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം. എബ്രഹാം ഭയക്കുന്നത് എന്തിനെന്ന ചോദ്യവുമായി മുൻ വിജിലൻസ് ഡയറക്ടർ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ കേസിൽ കലങ്ങിമറിഞ്ഞ് ഭരണരംഗം

എബ്രഹാമിനെതിരേ കടുത്ത വിമർശനവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.

New Update
k m abhraham

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിൽ പ്രതികൂല പരാമർശങ്ങളുണ്ടെങ്കിലും കെ.എം. എബ്രഹാം കിഫ്ബി സി.ഇ.ഒ സ്ഥാനം രാജിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടില്ല.

Advertisment

സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ എബ്രഹാം അപ്പീൽ പോവും. തന്നെ കേൾക്കാതെയാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതെന്നാണ് എബ്രഹാമിന്റെ വാദം. അതിനാൽ അപ്പീലിൽ വിധി വന്നശേഷം തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്.

കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്സ് സ്വത്തുവിവര പട്ടികയിൽ നിന്ന് മറച്ചുവച്ചെന്നാണ് എബ്രഹാമിനെതിരായ പ്രധാന ആരോപണം.

കെട്ടിടത്തിൽ എബ്രഹാമിന് ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ സഹോദരന്മാർക്കൊപ്പം കെട്ടിടം നിർമ്മിക്കാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് കെ.എം. എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളത്.

തന്റെ സമ്പാദ്യം കൊണ്ടു മാത്രം കെട്ടിടം പണിയാനാവാത്തതിനാലാണ് സഹോദരങ്ങളുടെ പണം വാങ്ങിയത്. സുതാര്യമായ ബാങ്ക് ഇടപാടുകളാണ് ഇക്കാര്യത്തിലെല്ലാം ഉള്ളതെന്നും എബ്രഹാം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊല്ലം കോർപറേഷനിൽ നിന്ന് കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയത് എബ്രഹാമിന്റെ പേരിലാണെന്ന തെളിവ് കോടതിയിൽ എത്തിയതാണ് കേസിൽ നിർണായകമായത്.

 സഹോദരന്റെ പേരിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് തന്റെ സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്ന എബ്രഹാമിന്റെ നിലപാട് അതോടെ പൊളിഞ്ഞു. ഇതുകൂടി പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

അതേസമയം, ലാവ്‍ലിൻ കേസിലെ പ്രധാന ‌സാക്ഷിയായതിനാലാണ് എബ്രഹാമിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ലാവലിൻ കേസിൽ സി ബി ഐ. സാക്ഷിപ്പട്ടികയിൽ (72ാം സാക്ഷി ) ഉള്ള വ്യക്തിയാണ് കെ എം എബ്രഹാം. എസ് എൻ സി ലാവലിൻ ഇടപാടിനെതിരെ മൊഴി നൽകിയ വ്യക്തിയാണ് എബ്രഹാം എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

 ലാവ്‌ലിൻ ഇടപാടു നടക്കുന്ന കാലത്ത് ധനകാര്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം സി.ബി.ഐയ്ക്ക് കൊടുത്ത മൊഴി ഇങ്ങനെ: "GO ( MS)20/98/PD dated 04.07.98 പ്രകാരം കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് അനുസൃതമായി എസ്‌.ബി.ഐ, അല്ലെങ്കിൽ ബാങ്കുകളുടെ കൺസോർഷ്യം എന്നിവയ്ക്ക് മാത്രമേ സംസ്ഥാന സർക്കാർ ഗ്യാരന്റി നിൽക്കാൻ പാടുള്ളു.

 കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ പോലുള്ള വിദേശ കമ്പനികളിൽ നിന്ന് ലഭിക്കുന്ന വായ്പകളിൽ സംസ്ഥാന സർക്കാർ ഗ്യാരന്റി നിൽക്കാൻ പാടുള്ളതല്ല. കെ.എസ്‌.ഇ.ബി വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയാൽ സംസ്ഥാന സർക്കാർ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷന് വായ്പ തിരിച്ചുനൽകേണ്ടിവരും.

ഇത് കേന്ദ്ര സർക്കാരിന്റെ 27.8.98 ൽ പുറത്തിറക്കിയ നിബന്ധനകൾക്ക് വിരുദ്ധമാണ്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ GO (MS)20/98/PD കേന്ദ്ര സർക്കാരിന്റെ നിബന്ധനകളെ മറികടക്കാനുള്ള തന്ത്രമാണ്.

കനേഡിയൻ കമ്പനികളിൽ നിന്ന് വായ്പ വാങ്ങുന്നതിനു മുൻപായി എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ, സംസ്ഥാന ധനകാര്യവകുപ്പ് എന്നിവയുമായി കെ.എസ്.ഇ.ബി കൺസൾട്ടേഷൻ നടത്തിയിട്ടില്ല.

വായ്പ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് കേരള സർക്കാരിന്റെ അനുവാദം വാങ്ങിച്ചിരിക്കണം.

 എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് വായ്പ വാങ്ങിയാൽ അതിന്റെ പലിശ നിരക്ക് ഈ കരാറിൽ പറഞ്ഞിരിക്കുന്ന 6.8% അല്ല, 18.6% ആയിരിക്കും. വിദേശ വായ്പകളിൽ വിവിധതരം അധിക ചാർജുകൾ വരുന്നതുകൊണ്ടാണ് ഈ വർദ്ധനവ്.

 ഇന്ത്യയിലെ ബാങ്കുളിൽ നിന്നും വായ്പ എടുത്താൽ ഭീമമായ ഈ നഷ്ടം ഒഴിവാക്കാമായിരുന്നു." ലാവ്‍ലിൻ കേസിൽ നിർണായകമായ മൊഴിയാണിത്. അതിനാൽ എബ്രഹാമിനെ കൈവിടുക പിണറായിക്ക് എളുപ്പമല്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

 അതേസമയം, എബ്രഹാമിനെ സംരക്ഷിക്കാനാണ് വിജിലൻസ് ശ്രമിച്ചതെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലെ വിധിയിലാണ് എബ്രഹാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചതായി സൂചിപ്പിക്കുന്ന ഗുരുതരമായ പരാമർശങ്ങൾ. 

 എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിനും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിരുന്നു. സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് ചുമതല.

 എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിജിലൻസ് അന്വേഷണം സംശയാസ്പദമാകണം.

 എബ്രഹാമിനെതിരെ സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണവും നടപടികളും സുതാര്യമാകണം. എന്നാൽ എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസിന്റെ നടപടികളെന്ന് സംശയിക്കേണ്ടിവരും.

 വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി അതേപടി അംഗീകരിക്കുകയും ചെയ്തു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് എബ്രഹാം.