/sathyam/media/media_files/2025/04/10/ZPDDjNTG7f0OXxq8r3tb.jpg)
തിരുവനന്തപുരം: കാടിന്റെ മക്കളായ ആദിവാസികൾക്ക് പോലും രക്ഷയില്ലാത്ത തരത്തിൽ അതിശക്തമായിരിക്കുകയാണ് കേരളത്തിൽ കാട്ടാന ആക്രമണം. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.
നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽ നിന്ന് ദിവസവും പുറത്ത് വരുന്നത്. എന്നിട്ടും കൈയ്യുംകെട്ടി നിസംഗരായിരിക്കുകയാണ് സർക്കാരും വനം വകുപ്പും. ഈ വർഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്.
ഫെബ്രുവരി മാസത്തിൽ ഒരാഴ്ചയിൽ അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ ചെറുവിരൽ അനക്കിയില്ല.
കേരളത്തിൽ വന്യജീവി ആക്രമണത്തിൽ 14 വർഷത്തനിടെ 1531 പേരാണ് മരിച്ചത്. ഇതിൽ 280 പേരും മരിച്ചത് കാട്ടാന ആക്രമണത്തിലാണ്.
കാട്ടുപന്നി 63പേരുടെയും കടുവ 11പേരുടെയും ജീവനെടുത്തു. സംസ്ഥാനത്ത് 2019- 2024 കാലയളവിൽ വന്യജീവി ആക്രമണത്തിൽ 555 പേർ കൊല്ലപ്പെട്ടെന്നാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ വച്ച കണക്ക്.
മലയോര മേഖലയിലുള്ളവർ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് വനാതിർത്തികളിൽ സംരക്ഷണമതിൽ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിഷ്ക്രിയത്വം തുടരാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിശക്തമായ നടപടികളുമായി ഹൈക്കോടതി മുന്നോട്ടുപോവുകയും സർക്കാർ നിഷ്‍ക്രിയത തുടരുകയും ചെയ്യുന്നതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണങ്ങളുണ്ടായത്.
വന്യജീവി ആക്രമണം നേരിടാനുള്ള പ്രത്യേക ആക്ഷൻ പ്ലാൻ അടിയന്തരമായി നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പ്രഖ്യാപിച്ചത് ഫെബ്രുവരിയാണ്. പറച്ചിലല്ലാതെ ഒന്നും നടന്നില്ല.
മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ദുരന്തമേഖലകളിൽ ഏകോപനത്തിന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയെക്കൂടി ഉൾപ്പെടുത്തും.
സംഘർഷ ലഘൂകരണത്തിനു നാല് സമിതികളുണ്ടാക്കി.
നഷ്ടപരിഹാരം എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. ഇതിന്റെ ചെലവ് ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.
പുരോഗതി വനം സെക്രട്ടറി വിലയിരുത്തണം.
പ്രതിരോധ നടപടികൾക്ക് രൂപംനൽകാൻ അന്തർദേശീയ-ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കും.
കേരള-കർണ്ണാടക-തമിഴ്നാട് ഉദ്യോഗസ്ഥരടങ്ങിയ ഇന്റർ സ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും.
യോഗങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വന്യജീവി ആക്രമണത്തിന് മാത്രം കുറവില്ല.
വന്യജീവി ആക്രമണം തടയാനുള്ള സർക്കാരിന്റെ എല്ലാ പദ്ധതികളും പരാജയപ്പെട്ടിരിക്കുകയാണ്.
കാടിറങ്ങുന്ന വന്യജീവികളെ കുറിച്ച് അലർട്ടുകൾ നൽകുന്നതിന് റിയൽ ടൈം മോണിറ്ററിംഗും ഏർലി വാണിംഗ് സിസ്റ്റവും അടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.
വന്യജീവി ആക്രമണം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിൽ നാനൂറിലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും നാലായിരത്തിലധികം ആളുകൾക്ക് എസ്.എം.എസ് ലഭ്യമാക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ടെന്നാണ് അധികൃതർ പറയുന്നത്.
അടുത്തിടെ പാലക്കാട് മുണ്ടൂരിൽ ആക്രമണം നടത്തിയ കാട്ടാന രണ്ട് ദിവസമായി ജനവാസമേഖലയിൽ നിലയുറപ്പിച്ചിട്ടും ഇതുസംബന്ധിച്ച മുന്നറിയിപ്പൊന്നും ലഭിച്ചില്ല.
വന്യജീവി സംഘർഷം നേരിടുന്നതിനായി ഫെബ്രുവരി 12ന് 10 കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നടപ്പാക്കിയിരുന്നത് കൂടി യോജിപ്പിച്ചാണ് അടിയന്തരമായി നടപ്പാക്കുന്നതിനായി ഇവ പ്രഖ്യാപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും വനത്തിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും മുന്നറിയിപ്പുകൾ ലഭ്യമാക്കുന്നതിനും വന്യജീവികൾ കാടിറങ്ങുന്നത് തടയുന്നതിനുമുള്ള പദ്ധതികൾ എങ്ങുമെത്തിയില്ലെന്ന് വനംവകുപ്പ് അധികൃതരും വ്യക്തമാക്കുന്നു.
റിയൽ ടൈം മോണിറ്ററിംഗ്: ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ നിരീക്ഷിച്ചുള്ള പ്രതിരോധ സംവിധാനം പ്രൈമറി റെസ്‌പോൺസ് ടീം:
സംഘർഷ മേഖലകളിൽ തദ്ദേശീയരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സന്നദ്ധ പ്രതികരണ സേന. ട്രൈബൽ നോളജ്:വന്യജീവി സംഘർഷം നേരിടുന്നതിന് ഗോത്ര വിഭാഗങ്ങൾ സ്വീകരിച്ചിരുന്ന പരമ്പരാഗത രീതികളുടെ വിവര ശേഖരണം.
വൈൽഡ് പിഗ്: കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ.
മിഷൻ നോളജ്: വന്യജീവി സംഘർഷത്തെ കുറിച്ച് ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ശാസ്ത്രീയ പഠനം. പാലക്കാട്ട് കാട്ടാന ആക്രമണമുണ്ടായപ്പോഴും എല്ലാം പരിശോധിക്കുമെന്ന മറുപടിയായിരുന്നു വനം മന്ത്രിക്ക്.
വനംവകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
സോളാർവേലി പ്രവർത്തിച്ചില്ല, ഏർലി വാണിംഗ് സിസ്റ്റമോ മുന്നറിയിപ്പ് സംവിധാനങ്ങളോ വേണ്ടരീതിയിൽ ഉപയോഗിച്ചില്ല, പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ല തുടങ്ങിയ ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും എ.ഐ ക്യാമറകൾ സജ്ജമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് വനംവകുപ്പ്.
വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിലും വനാതിർത്തികളിലും ക്യാമറ സജ്ജമാക്കും.
ലഭ്യമാകുന്ന വിവരങ്ങൾ മോണിറ്റർ ചെയ്ത് അലർട്ടുകൾ നൽകുന്നതിനുള്ള മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വനാതിർത്തികളിൽ നിരീക്ഷണത്തിന് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും മുന്നറിയിപ്പ് സംവിധാനം ഫലപ്രദമായി നടക്കാത്ത സാഹചര്യത്തിലാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ പെരിയാർ ഫൗണ്ടേഷന്റെ സഹായത്തോടെ തേക്കടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
മൊബൈൽ റേഞ്ചുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള എ.ഐ ക്യാമറകളും പ്രോസസറുമാണ് സജ്ജമാക്കുക.
ക്യാമറയിൽ നിന്നുള്ള ചിത്രങ്ങൾ ലോറ വൈഡ് ഏറിയ നെറ്ര്‌വർക്കിലൂടെ സർവറിലെത്തിക്കുകയും മോണിറ്റർ ചെയ്ത് ആപ്പ് മുഖേനെ മുന്നറിയിപ്പ് നൽകാനുമാണ് പദ്ധതി.
ഇത്തരത്തിൽ ഏതെങ്കിലും ഭാഗത്ത് വന്യജീവി അതിക്രമം കൂടുതലായുണ്ടാകുന്നതായി കണ്ടെത്തിയാൽ ഡ്രോൺ സംവിധാനം ഏർപ്പെടുത്തി പ്രദേശത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നൊക്കെ പറയുന്നെങ്കിലും ഫലപ്രാപ്തി കണ്ടറിയണം.